പരിണാമ ദിശയില്‍ കുരങ്ങുകളെ പണ്ടേ മനുഷ്യര്‍ മറികടന്നിരിക്കാം. എന്നാല്‍ ദന്തസംരക്ഷണത്തിന്റെ കാര്യത്തില്‍ ചില കുരങ്ങുകള്‍ മനുഷ്യരേക്കാള്‍ മുന്‍പിലാണെന്നു ഗവേഷകര്‍ പറയുന്നു. നിക്കോബാര്‍ ദ്വീപിലുള്ള നീണ്ട വാലുള്ള മകാക് ഇനത്തില്‍ പെട്ട കുരങ്ങുകളാണ് പല്ലിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്തത്. ദിവസേന ഇവ ചകിരിയും പുല്ലും തൂവലുകളും മറ്റുമുപയോഗിച്ച് സ്വന്തം പല്ലുകള്‍ വൃത്തിയാക്കുമെന്നാണു ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
നിക്കോബാര്‍ ദ്വീപസമൂഹത്തിലെ മൂന്നു ദ്വീപുകളില്‍ മാത്രമാണ് ഇവ കാണപ്പെടുന്നത്. പല്ലു തേക്കുന്നതില്‍ മാത്രമല്ല വിവിധ തരത്തിലുള്ള ഉപകരണങ്ങള്‍ കണ്ടെത്തുന്നതിലും ഉപയോഗിക്കുന്നതിലും ഇവയുടെ വൈദഗ്ധ്യം മികച്ചതാണെന്നു ഗവേഷകര്‍ പറയുന്നു. നാളികേരവും കശുവണ്ടിയും മറ്റുമാണ് ഇവയുടെ പ്രിയപ്പെട്ട ആഹാരം. ഇവ പൊട്ടിക്കുന്നതിനും ഉള്ളിലുള്ള കാമ്പെടുക്കുന്നതിനും വിവിധ തരത്തിലുള്ള ഉപകരണങ്ങള്‍ ഇവ ഉപയോഗിക്കുന്നു. പരമ്പരാഗത രീതിയിലുള്ള കല്ലുകള്‍ മുതല്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ വരെ ഇവയുടെ ആയുധശേഖരത്തിലുണ്ട്.
കഴിക്കുന്ന ഭക്ഷണമെല്ലാം പല്ലുകള്‍ക്കിടയില്‍ വേഗത്തില്‍ തങ്ങിയിരിക്കാന്‍ സാധ്യത കൂടുതലായതിനാലാകും ഈ കുരങ്ങുകള്‍ പല്ലു തേക്കാന്‍ ആരംഭിച്ചതെന്നാണ് കരുതുന്നത്. രാവിലെ ഭക്ഷണത്തിനു ശേഷമാണ് ഇവയുടെ പല്ലു തേക്കല്‍. ഇരുപതോളം കുരങ്ങുകളെ നിരീക്ഷിച്ചതില്‍ ഇവയെല്ലാം പല്ലു വൃത്തിയാക്കുന്നതില്‍ ശ്രദ്ധ വയ്ക്കുന്നതായി കണ്ടെത്തി. അര മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്നതാണ് ഓരോ കുരങ്ങിന്റെയും പല്ലു വൃത്തിയാക്കല്‍. തൂവലിന്റെ കട്ടികൂടിയ ഭാഗം ഉപയോഗിച്ച് പല്ലിന്റെ ഇട കുത്തുക, ചകിരി നാരുപയോഗിച്ചു പല്ല് ഉരച്ച് വൃത്തിയാക്കുക തുടങ്ങിയവയൊക്കെ പല്ല് വൃത്തിയാക്കലിന്റെ ഭാഗമാണ്. ഈ വസ്തുക്കള്‍ കൂടാതെ മൂര്‍ച്ചയുള്ള പുല്ലുകള്‍, ഇലക്ട്രിക് വയറിന്റെ ലോഹഭാഗങ്ങള്‍, കമ്പുകള്‍ തുടങ്ങിയവയും പല്ലു വൃത്തിയാക്കാന്‍ ഇവ ഉപയോഗിക്കുന്നതായി കണ്ടെത്തി.പല്ലു വൃത്തിയാക്കുന്നതില്‍ അതീവ താൽപര്യമുള്ള മറ്റു രണ്ട് കുരങ്ങു വര്‍ഗ്ഗങ്ങളെക്കൂടി ഗവേഷകര്‍ മുന്‍പു കണ്ടെത്തിയിരുന്നു. നിക്കോബാര്‍ മകാകെയുടെ തന്നെ ബന്ധുക്കളായ തായ്‌ലൻഡ് മകാക് ആണ് ഇവയിലൊന്ന്. ജാപ്പനീസ് മകാക് ആണ് പല്ലു തേക്കുന്ന മൂന്നാമത്തെ കുരങ്ങു വർഗ്ഗം.