കണ്മുന്നിലൊരു കടുവ വന്നു നിന്നാലും പുട്ടുപോലെ നിന്ന് ഒരു കുഞ്ഞ് എട്ടുകാലിയെ കണ്ടാൽ അലറിക്കരയുന്നവരെ നമുക്കു ചുറ്റിലും കാണാം. അരക്ക്നോഫോബിയ (Arachnophobia) എന്നാണ് ഈ എട്ടുകാലിപ്പേടിക്കുള്ള പേര്. പക്ഷേ എട്ടുകാലി എപ്പോഴൊക്കെയാണ് വീട്ടിൽ ചുറ്റിക്കറങ്ങുന്നതെന്ന് തിരിച്ചറിഞ്ഞാൽ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായില്ലേ? ആ സമയം വീട്ടിൽ നിന്നു മാറി നിന്നാൽ പോരേ. അല്ലെങ്കിൽ എട്ടുകാലിയെ തുരത്താനുള്ള മരുന്നു പ്രയോഗിച്ച റൂമിലിരുന്നാൽ പോരേ? ഒരു എട്ടുകാലിയെ പേടിച്ച് ഇത്രയേറെ പങ്കപ്പാടു വേണോ എന്ന ചോദ്യം മനസ്സിലേക്കു വരിക സ്വാഭാവികം.
പക്ഷേ ബ്രിട്ടനിലുള്ളവർ ഇതൊന്നും കേൾക്കാന്‍ നില്‍ക്കാറില്ല. വീട്ടിലെ എട്ടുകാലി രക്ഷയ്ക്കായി അവിടെയുള്ളവർ ഒരു ആപ്ലിക്കേഷൻ തന്നെ വികസിപ്പിച്ചെടുത്തു. വർഷങ്ങളോളം അതുപയോഗിച്ച് ഡേറ്റ ശേഖരിച്ചു. ഒടുവിൽ കണ്ടെത്തി, വൈകിട്ട് 7.35ഓടെയാണ് എല്ലാ വീടുകളിലും എട്ടുകാലികൾ കൂടുതലായി ചുറ്റിക്കറങ്ങുന്നത്. അതിന്റെ കാരണവും കണ്ടെത്തി. ഇണയെ തേടി ആൺ എട്ടുകാലികൾ ആ സമയത്താണു ധാരാളമായി വീടുകളിലേക്ക് എത്തുന്നത്. അവയെ ചുമരിലും വാതിലിലും ജനാലയിലുമൊക്കെ കണ്ടാണ് പലരും ജീവനും കൊണ്ടോടുന്നതും.
യൂണിവേഴ്സിറ്റി ഓഫ് ഗ്ലോസ്റ്റർഷെയറിലെ ഗവേഷകരാണ് അതു സംബന്ധിച്ച പഠനം നടത്തിയത്. ഇതിന്റെ ഭാഗമായി സ്പെഡർ ഇൻ ദ ഹൗസ്( Spider in da House) എന്ന പേരില്‍ ഒരു ആപ്പും തയാറാക്കി. എട്ടുകാലിയെ പേടിയില്ലാത്തവർക്കു വേണ്ടിയായിരുന്നു പക്ഷേ ഈ ആപ്പ്. വീട്ടിൽ കാണുന്ന എട്ടുകാലികളെപ്പറ്റിയുള്ള വിവരങ്ങൾ രേഖപ്പെടുത്താനായിരുന്നു ഇത്. അഞ്ചു വർഷം കൊണ്ട് ഇത്തരത്തില്‍ പതിനായിരത്തിലേറെ വിവരങ്ങൾ യൂണിവേഴ്സിറ്റി വിദഗ്ധർ ശേഖരിച്ചു. ബ്രിട്ടണിലെ 250 ഇടങ്ങളിൽ നിന്നായിരുന്നു വിവരശേഖരണം. എവിടെ വച്ചാണ് എട്ടുകാലിയെ കണ്ടത്, എപ്പോഴാണു കണ്ടത്, വീട്ടിലെ ഏതു മുറിയിലാണു കണ്ടത്, അതിൽത്തന്നെ ഏതു ഭാഗത്താണു കണ്ടത്, എട്ടുകാലി ആണോ പെണ്ണോ (വലുപ്പം നോക്കിയാണ് ഇതു തിരിച്ചറിഞ്ഞിരുന്നത്) തുടങ്ങിയ വിവരങ്ങൾ ആപ്പ് വഴി ശേഖരിച്ചു. ആ ഡേറ്റ വിശകലനം ചെയ്തതിൽ നിന്നാണ് എപ്പോഴാണ് എട്ടുകാലികളെ ഏറ്റവുമധികം കാണുന്നതെന്നു കണ്ടെത്തിയത്.
രാവിലെ ആറിനും എട്ടിനും ഇടയ്ക്കും വൈകിട്ട് 7.35നുമായിരുന്നു ബ്രിട്ടിഷ് കുടുംബങ്ങളിൽ ഏറ്റവുമധികം എട്ടുകാലികളെ കണ്ടിരുന്നത്. രാവിലെ കാണുന്നതിന് കാരണമുണ്ടായിരുന്നു. തലേന്നു രാത്രി പലയിടത്തും ചുറ്റിക്കറങ്ങുന്ന എട്ടുകാലികളെ നാം കാണുന്നില്ല. രാവിലെ എണീറ്റു ദൈനംദിന കൃത്യങ്ങളിലേക്കു കടക്കുമ്പോൾ സ്വാഭാവികമായും എട്ടുകാലികളെ ബാത്ത് റൂമിലും അടുക്കളയിലുമൊക്കെ പലയിടത്തായി കാണാം. വൈകിട്ടാണെങ്കിൽ ആ സമയമാണ് ടിവി കാണാനായി പലരും തിരഞ്ഞെടുക്കുന്നത്. സ്വാഭാവികമായും ചുമരിലെ എട്ടുകാലികളും ശ്രദ്ധയിൽപ്പെടും. എന്നാൽ ഇതു മാത്രമല്ല, അതിനു പിന്നിലൊരു ‘ബയോളജിക്കൽ’ കാരണമുണ്ടെന്നും ഗവേഷകർ തിരിച്ചറിഞ്ഞു. ആ സമയത്തു കണ്ടെത്തുന്നവയിൽ 80 ശതമാനവും ആൺ എട്ടുകാലികളാണ്. അവയെയാണ് ചുമരിൽ പൊതുവെ കാണപ്പെടുന്നത്. എന്നാൽ പെൺ എട്ടുകാലികൾ പൊതുവെ വീടിന്റെ മച്ചിലും വാതിലിന്മേലും ജനാലയിലുമൊക്കെയായിരിക്കും.
വല കെട്ടുമ്പോഴും പെൺ എട്ടുകാലികൾ പൊതുവെ ഗരാജുകളും ജനാലയ്ക്കു സമീപപ്രദേശങ്ങളുമാണു തിരഞ്ഞെടുക്കാറുള്ളത്. ഇവയെ തേടിയുള്ള ആൺ എട്ടുകാലികളുടെ പരക്കം പാച്ചിലാണ് അവയെ കൂടുതലായി രാത്രി 7.35ഓടെ കാണാനുള്ള കാരണം. എന്നാൽ എട്ടുകാലി വരുന്ന നേരം വീട്ടിൽ നിന്നിറങ്ങിപ്പോയാലും അവയെ വീട്ടിൽ നിന്നിറക്കി വിടരുതെന്നു പറയുന്നു ഗവേഷകർ. ബ്രിട്ടണിലെ എട്ടുകാലികളിൽ മഹാഭൂരിപക്ഷവും കാര്യമായ ദ്രോഹമുണ്ടാക്കാത്തവയാണ്. മാത്രവുമല്ല വീട്ടിലെ പ്രാണികളെയെല്ലാം കൊന്നൊടുക്കുന്ന, പ്രകൃതിസമ്മാനിച്ച ‘കീടനാശിനി’യാണ് എട്ടുകാലികളെല്ലാം. ജൈവവൈവിധ്യത്തിലും എട്ടുകാലികൾ നെയ്തിടുന്നതു ശക്തമായ വലക്കണ്ണികളാണെന്നും ഗവേഷകർ പറയുന്നു. പഠനത്തിന്റെ പൂർണ വിവരം അരക്ക്നോളജി ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.