ആറളം ഫാമിലും പുനരധിവാസ മേഖലയിലുമായി ജനങ്ങളുടെ ജീവനു ഭീഷണി ഉയർത്തി തുടരുന്ന കാട്ടാനകളെ കാടു കയറ്റാനുള്ള ശ്രമം പ്രതിസന്ധിയിൽ. ഏഴാം ദിവസത്തിലേക്ക് കടക്കുന്ന തുരത്തൽ ശ്രമത്തിനിടയിൽ കാടു കയറ്റിയ ആനകളിൽ രണ്ടെണ്ണം തിരികെ എത്തി. ഇതോടെ ഫാമിൽ ഉള്ളവയുടെ എണ്ണം അഞ്ചായി. നേരത്തെ മൂന്നു ഘട്ടങ്ങളിലായി ആറളം വന്യജിവി സങ്കേതത്തിലേക്ക് തുരത്തിയോടിച്ച 11 ആനകളിൽ രണ്ടെണ്ണമാണ് തിരികെ എത്തിയത്. രാത്രിയിൽ കാവലും പകൽ ആനയെ ഓടിക്കലുമായി ഫാമിൽ ക്യാംപ് ചെയ്യുന്ന 150 അംഗ വനപാലക സംഘവും ദുരിതത്തിലാണ്.
കാടു വെട്ടിത്തെളിക്കാത്തതിനാൽ വനതുല്യമായ ഫാമിലും പുനരധിവാസ മേഖലയിലുമായി ആനയെ ഓടിക്കുന്നതിനിടയിൽ മിക്കവരുടെയും ശരീരമാസകലം മുറിവുകളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ എട്ടിന് ചപ്പിലി കൃഷ്ണനെന്ന ആദിവാസി ഗൃഹനാഥനെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ഇതിനു 38 ദിവസം മുൻപ് ദേവു കരിയാത്തനെന്ന ആദിവാസി വയോധികയെയും. വനംവകുപ്പിനും സർക്കാരിനും എതിരെ ഉയർന്ന കടുത്ത പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ജനവാസ മേഖലകളിൽ തമ്പടിച്ചിട്ടുള്ള മുഴുവൻ കാട്ടാനകളെയും കാട്ടിലേക്ക് തുരത്താൻ തീരുമാനമായത്. 14 ആനകളാണ് ഫാമിൽ ഉണ്ടായിരുന്നത്.
ഇവയിൽ 11 എണ്ണത്തെയാണ് കാടു കയറ്റിയിരുന്നത്. ഒരെണ്ണം ആദ്യ ദിവസം തന്നെയും രണ്ടാമത്തേത് പിന്നീടും ഫാമിൽ തിരിച്ചെത്തി. ആറളം വന്യജീവി സങ്കേതത്തിലേക്ക് കടത്തിവിട്ട ആനകൾ ആദ്യ ദിവസം തന്നെ ആനമുക്കിന് സമീപം ആന മതിൽ തകർന്നിടത്ത് തിരികെ എത്തിയെങ്കിലും വനപാലകർ പടക്കം പൊട്ടിച്ച് ഓടിക്കുകയും തീയിട്ട് കാവൽ തുടരുകയും ചെയ്തിരുന്നു. മറ്റേതോ ഭാഗത്ത് ആന മതിൽ തകർന്ന് കിടക്കുന്നിടത്തുകൂടിയാണ് രണ്ടെണ്ണം വീണ്ടും ഫാമിലെത്തിയതെന്നാണ് വനപാലകർ സംശയിക്കുന്നത്. കാട്ടിലേക്ക് ഓടിച്ചു വിടുന്നവ തിരികെ എത്തുന്നതാണ് പ്രതിസന്ധി തീർക്കുന്നത്.
5 ആനകളെ കോട്ടപ്പാറയിൽ എത്തിച്ചു
ബ്ലോക്ക് നാലിലും രണ്ടിലുമായി കണ്ടെത്തിയ അവശേഷിച്ച അഞ്ച് ആനകളെയും ഓടിച്ച് വനാതിർത്തിയിലുള്ള കോട്ടപ്പാറ വരെ ഇന്നലെ സന്ധ്യയോടെ എത്തിച്ചു. നിശ്ചിത അകലത്തിൽ വലയം തീർത്ത് തീ ഇട്ട് വനപാലകർ കാവൽ ഏർപ്പെടുത്തി. രാവിലെ ഇവയെ വന്യജീവി സങ്കേതത്തിലേക്ക് തുരത്താനാകുമെന്നാണ് പ്രതീക്ഷ. ജില്ലയിലുള്ള വനപാലകർക്ക് പുറമെ പാലക്കാട്, വയനാട് എന്നിവിടങ്ങളിൽ നിന്നുള്ള വനം ദ്രുത കർമ്മ സേനാംഗങ്ങളും ഫാമിൽ ആന തുരത്തലിന് മാറി മാറി എത്തുന്നുണ്ട്. ഇന്ന് വയനാടു നിന്നുള്ള പുതിയ സംഘവും ചേരും.
മോഴയാന കൂടുതൽ ഉപദ്രവകാരി
ജനവാസ കേന്ദ്രത്തിൽ ഏറ്റവും കൂടുതൽ ഭീതി പരത്തുന്ന മോഴയാനയാണ് ദേവു കരിയാത്തനെയും കൃഷ്ണനെയും കൊന്നതെന്ന് പ്രദേശവാസികൾ. ഇതിന് മദപ്പാടെന്നും പറയുന്നുണ്ട്. ആദ്യ ദിവസം തുരത്തിയ 9 ആനകളിൽ ഒന്ന് മോഴയാനയായിരുന്നെന്ന് സംശയിക്കുന്നുണ്ടെങ്കിലും നേരിട്ട് കാണാൻ സാധിച്ചിട്ടില്ലെന്നതും ആശങ്ക പരത്തുന്നുണ്ട്.