വിചിത്ര രൂപവുമായി വിചിത്ര എട്ടുകാലി

ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള കർഷകനാണ് ഓറഞ്ചു തോട്ടത്തിനുള്ളിൽ നിന്നും വിചിത്ര രൂപമുള്ള എട്ടുകാലിയെ കിട്ടിയത്. ചൈനയിൽ വളരെ അപൂർവമായി കണ്ടുവരുന്ന എട്ടുകാലി വർഗങ്ങളിൽ ഒന്നാണിതെന്ന് വിദഗ്ദ്ധർ പറഞ്ഞു. ചൈനീസ് അവർഗ്ലാസ് വിഭാഗത്തിൽ പെട്ട ചിലന്തിയാണിത്. അപൂർവങ്ങളിൽ അപൂർവമായി മാത്രമേ ഇതിനെ കാണാൻ സാധിക്കൂ. ശരീരം മറ്റു ചിലന്തികളുടേതിനു സമാനമാണെങ്കിലും പിൻഭാഗമാണിതിനെ മറ്റു ചിലന്തികളിൽ നിന്നും വ്യത്യസ്തനാക്കുന്നത്. കണ്ടാൽ മുഖമാണെന്നു തോന്നുന്ന ഭാഗം ചിലന്തിയുടെ പിൻഭാഗമാണെന്നതാണ് രസകരമായ കാര്യം.

രണ്ടായിരത്തിൽ സിചുവാൻ പ്രവിശ്യയിൽ ഇവയെ വീണ്ടും കണ്ടെത്തിയപ്പോൾ വെറും ആറു ചിലന്തികൾ മാത്രമാണുണ്ടായിരുന്നത്. കർഷകനായ ലി വെൻഹുവാ ഈ ചിലന്തിയെ ആദ്യമായി കണ്ടപ്പോൾ ഏതോ പൗരാണിക അവശിഷ്ടമാണെന്നാണു കരുതിയത്. പിന്നീടാണ് ഇത് അപൂർവയിനം ചിലന്തിയാണെന്നു മനസിലാക്കിയത്.

പടിഞ്ഞാറൻ ചൈനയിലെ ചെറുപ്രാണികളുടെ മ‍്യൂസിയത്തിന്റെ തലവനായ ഷാവോ ലീയാണ് കർഷകനായ ലി വെൻഹുവായ്ക്ക് ചിലന്തിയുടെ പ്രാധാന്യത്തെക്കുറിച്ചു പറഞ്ഞു കൊടുത്തത്. എന്തായാലും വിചിത്ര രൂപമുള്ള ഈ ചിലന്തിയെ വീട്ടിൽ വളർത്താനാണു കർഷകനായ ലി വെൻഹുവായുടെ തീരുമാനം. നല്ല വില കിട്ടിയാൽ ശാസ്ത്ര പരീക്ഷണങ്ങൾക്കായി ചിലന്തിയെ കൈമാറാനും ലീ തയാറാണ്.