Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തിലെ ഏറ്റവും ഭാരമുള്ള ഹൃദയം ഇനി ആയിരം വര്‍ഷത്തേയ്ക്കു സുരക്ഷിതം

Blue Whale Heart

ഭൂമിയിലെ ഏറ്റവും വലിയ ജീവിയാണ് നീലത്തിംമിംഗലം. അതുകൊണ്ടു തന്നെ ലോകത്തിലെ ഏറ്റവും ഭാരമുള്ള ഹൃദയവും ഇവയുടേതു തന്നെ. ശരാശരി 250 മുതല്‍ 350 വരെ കിലോവരെയാണ് ഇവയുടെ ഹൃദയത്തിന്‍റെ ഭാരം. വ്യാസം കണക്കാക്കിയാല്‍ ചുരുങ്ങിയത് മൂന്നു മനുഷ്യരെയെങ്കിലും ഈ ഹൃദയത്തിന് ഉള്‍ക്കൊള്ളാനാകും. 

2014 ല്‍ വലിയ മഞ്ഞ് കട്ടകള്‍ക്കിടയില്‍ പെട്ട് 9 തിമിംഗലങ്ങള്‍ കൂട്ടത്തോടെ മരണപ്പെട്ടിരുന്നു. ഇവയില്‍ കരക്കടിഞ്ഞ രണ്ട് തിമിംഗലങ്ങളില്‍ ഒന്നിന്‍റെ ഹൃദയമാണ് ഇപ്പോള്‍ ഗവേഷകര്‍ എന്നന്നേക്കുമായി സൂക്ഷിച്ചു വയ്ക്കാനൊരുങ്ങുന്നത്. 273 കിലോ ഭാരമുള്ള ഈ ഹൃദയം നിലവിലെ സാഹചര്യത്തില്‍ ഇനി 1000 വര്‍ഷത്തേയ്ക്ക് കേടാവില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.

കാനഡയിലെ റോയല്‍ ഒന്‍റാറിയോ മ്യൂസിയത്തിലാണ് ഈ ഹൃദയം സൂക്ഷിച്ചിട്ടുള്ളത്. സാധാരണഗതിയില്‍ ഈ നീലത്തിമിംഗലത്തിന്‍റെ ഹൃദയത്തിന്  വലിപ്പമേറെയുണ്ടെങ്കിലും തങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിപ്പം കുറവാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഒരു കാറിന്‍റെ വലിപ്പം നീലത്തിമിംഗലത്തിന്‍റെ ഹൃദയത്തിനുണ്ടാകുമെന്നാണണു തങ്ങൾ പ്രതീക്ഷിച്ചിരുന്നതെന്നും ഇവര്‍ വ്യക്തമാക്കി.

ജര്‍മ്മന്‍ വിദഗ്ധര്‍ പ്ലാസ്റ്റിനേറ്റ് ചെയ്താണ് ഈ ഹൃദയത്തെ ദീര്‍ഘകാലം കേടാകാതെ സൂക്ഷിക്കാന്‍ കഴിയുന്ന പാകത്തിലാക്കിയത്. ഹൃദയത്തിന്‍റെ ഉടമയായ നീലത്തിമിംഗലത്തിന്‍റെ അസ്ഥികൂടത്തിനൊപ്പം തന്നെയാണ് ഈ ഹൃദയവും പ്രദര്‍ശിപ്പിക്കുക.