Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാട്ടുതീയ്ക്കിടെ ഞെട്ടിക്കുന്ന കാഴ്ചയായി പോർച്ചുഗലിലെ ‘തീച്ചെകുത്താൻ’

Fire Fire devil captured on camera during wildfires in Portugal

ആയിരക്കണക്കിന് അഗ്നിശമന സേനാംഗങ്ങൾ രാവും പകലുമില്ലാതെ അധ്വാനിക്കുകയണ്– പോർച്ചുഗലിൽ അത്രയേറെ രൂക്ഷമായ കാട്ടുതീയാണ് രാജ്യത്ത് നടമാടുന്നത്. ഈ വർഷം രാജ്യത്തുണ്ടായ അതിരൂക്ഷമായ വരൾച്ചയും കാട്ടുതീയുടെ കരുത്ത് കൂട്ടാൻ ഒപ്പമുണ്ട്. വരണ്ടുണങ്ങിയ ഭൂമിയിൽ തളർന്നുകരിഞ്ഞ ചെടികളെയെല്ലാം നിമിഷനേരം കൊണ്ടാണ് തീ വിഴുങ്ങുന്നത്.  അനേകായിരങ്ങൾ തീപ്പേടിയിൽ വിറച്ചു കഴിയുമ്പോഴാണ് ആ കാഴ്ച ലോകത്തിനു മുന്നിലെത്തിയത്. കാഴ്ച കുടുങ്ങിയതാകട്ടെ പോർച്ചുഗലിലെ ടിവിഐ ചാനലിന്റെ ക്യാമറയ്ക്കു മുന്നിലും. ഒക്ടോബർ എട്ടിനായിരുന്നു സംഭവം. ‘ഫയർ ഡെവിൾ’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പ്രതിഭാസമാണ് ഞെട്ടിക്കുന്ന കാഴ്ചയായി മുന്നിലെത്തിയത്. 

‘ഇൻടു ദ് സ്റ്റോം’ എന്ന ഹോളിവുഡ് സിനിമ കണ്ടവർക്ക് പരിചിതമായിരിക്കും ഫയർ ഡെവിളിനു സമാനമായ പ്രതിഭാസം. ചുഴലിക്കാറ്റിനു തീ പിടിച്ച അവസ്ഥ തന്നെ. ചിത്രത്തിൽ പക്ഷേ തീപിടിച്ച പ്രദേശത്തേക്കെത്തുന്ന ചുഴലിക്കാറ്റിലേക്ക് തീ പടർന്നു കയറുന്നതാണ്.  അതിനെ ‘ഫയർ ടൊർണാഡോ’ എന്നാണു വിളിക്കുക. അതിന്റെ ഒരു ചെറുപതിപ്പായിട്ടു വരും ‘ഫയർ ഡെവിൾ’. കാട്ടുതീയെത്തുടര്‍ന്നുണ്ടാകുന്ന കാറ്റാണ് ഈ പ്രതിഭാസം സൃഷ്ടിക്കുന്നത്. ഈ കാറ്റ് ചുഴറ്റിയെറിയപ്പെട്ട പോലെ ചാരത്തെ മുകളിലേക്ക് ഉയർത്തും. അതിലേക്ക് തീ പടർന്നു കയറും.  ചുറ്റിലും ആഞ്ഞുകത്തുന്ന തീയ്ക്കിടെ അഗ്നിയുടെ ഒരു ചെറു സ്തംഭം; അതുമല്ലെങ്കിൽ അഗ്നി കൊണ്ടുണ്ടാക്കിയ ഒരു കയർ ആകാശത്തേക്കു കയറിപ്പോകുന്നതു പോലെ.

Fire ‘ഫയർ ടൊർണാഡോ– ഇൻടു ദ് സ്റ്റോറം എന്ന ചിത്രത്തിലെ ദൃശ്യം’

അഗ്നിയുടെ ഭീകരതാണ്ഡവത്തിനിടെ അതിലും ഭീകരമായ കാഴ്ചയായതിനാലാണ് ഇതിനെ ‘ഫയർ ഡെവിൾ’ എന്നു വിളിക്കുന്നത്. ശരിക്കും ചെകുത്താൻ കയറിയതു പോലെയായിരിക്കും ഈ ‘തീച്ചുഴലി’യുടെ പെരുമാറ്റം. കൊടുംചൂടുള്ള അന്തരീക്ഷത്തിലാണ് ഇത് സംഭവിക്കുക. അതും വളരെ അപൂര്‍വമായി മാത്രം. ഇത്തവണ ജൂണിലുണ്ടായ കാട്ടുതീ പോർച്ചുഗലിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായിരുന്നു. 64 പേരാണ് അന്ന് വെന്തുമരിച്ചത്. ഇരുവശത്തും കാടുള്ള ഒരു റോഡിൽ പെട്ടു പോയ വാഹനങ്ങളിലെ ജനങ്ങളാണ് പുറത്തിറങ്ങാൻ പോലും സാധിക്കാതെ മരിച്ചവരിലേറെയും. തുടരെത്തുടരെ പലയിടത്തും കാട്ടു തീ റിപ്പോർട്ട് ചെയ്യുന്നുമുണ്ട്. ഓഗസ്റ്റിൽ മാത്രം 268 ഇടങ്ങളിൽ തീപ്പിടിത്തമുണ്ടായതായി സിവിൽ പ്രൊട്ടക്‌ഷൻ ഏജൻസിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതൊരു സർവകാല റെക്കോർഡാണ്. 

Fire Fire devil captured on camera during wildfires in Portugal

90 ശതമാനം കാട്ടുതീയും മനുഷ്യർ തന്നെ സൃഷ്ടിക്കുന്നതാണെന്നും സർക്കാർ പറയുന്നു. അത് ഒന്നുകിൽ മനഃപൂർവമോ അല്ലെങ്കില്‍ അറിയാതെയോ ആണു താനും. യൂറോപ്യൻ യൂണിയനു കീഴിലുള്ള രാജ്യങ്ങളിൽ ഇതുവരെ കത്തിനശിച്ച വനങ്ങളിൽ മൂന്നിലൊന്നും പോർച്ചുഗലിലാണ്. ഒരുപക്ഷേ അതിലും ഏറെ! ഒക്ടോബറിൽ മാത്രം ആറിടത്തായി 11 കാട്ടുതീ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ പലതും ഇപ്പോഴും സജീവവുമാണ്. സൈന്യവും പ്രദേശവാസികളും ഉള്‍പ്പെടെയാണ് ഇതിനെതിരെ പോരാടാൻ അഗ്നിശമനസേനയ്ക്കൊപ്പം നിൽക്കുന്നത്.