കനാലിൽ കുടുങ്ങിയ കാട്ടാനയെ രക്ഷപെടുത്തിയത് പ്രദേശവാസികളുടേയും വനപാലകരുടേയും സമയോചിതമായ ഇടപെടൽ. കനാലിൽ മുങ്ങിത്താണ കാട്ടാനയെ ഒമ്പതു മണിക്കൂർ നീണ്ട പരിശ്രമത്തിനു ശേഷമാണ് പുറത്തെത്തിച്ചത്. ശ്രീലങ്കയിലെ പിഭുരത്തേവയിലാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ നടന്നത്. കനാലിൽ ആനയെ കണ്ട പ്രദേശവാസികൾ ഉടൻതന്നെ വനം വന്യജീവി വകുപ്പിനെ വിവരമറിയിച്ചു. നാട്ടുകാരുടേയും വനംവകുപ്പിന്റേയും ദീർഘനേരത്തെ പരിശ്രമ ഫലമായാണ് ആനയെ പുറത്തെത്തിക്കാനായത്.
രാത്രിയിൽ കാട്ടിൽ നിന്നും എത്തിയ ആന അബദ്ധത്തിൽ കനാലിൽ വീണതാകാമെന്നാണ് കരുതുന്നത്. പ്രദേശവാസികൾ കാണുമ്പോൾ ശക്തമായ ഒഴുക്കുള്ള കനാലിൽ കരകയറാനാകാതെ തുമ്പിക്കൈ ഉയർത്തി നീന്തിനടക്കുകയായിരുന്നു ആന. പടക്കമെറിഞ്ഞും മറ്റും വെള്ളം കുറവുള്ള സ്ഥലത്തേക്ക് ആനയെ ഓടിച്ചു കയറ്റിയായിരുന്നു രക്ഷാപ്രവർത്തനം. കരയിലേക്കടുപ്പിച്ച ശേഷം വലിയ വടവും മരച്ചില്ലകളും ടയറുമെല്ലാം ഇട്ടുകൊടുത്താണ് കാട്ടാനയെ കരയിലെത്തിച്ചത്. ആരുടേയും കണ്ണിൽപ്പെടാതെ കനാലിൽ അൽപസമയം കൂടി കിടന്നിരുന്നെങ്കിൽ അത് ആനയുടെ ജീവൻവരെ അപകടത്തിലാക്കിയേനേയെന്ന് അധികൃതർ പറഞ്ഞു.
ഏതായാലും തക്കസമയത്ത് രക്ഷാപ്രവർത്തനം നടന്നതിനാൽ കാട്ടാനയുടെ ജീവൻ രക്ഷപെട്ടു. കരയിലേക്കു കയറിയ ആന അപ്പോൾ തന്നെ കാടുകയറിയതായി വന്യജീവി വിഭാഗം അറിയിച്ചു.