വടക്കാഞ്ചേരിയിൽ ആകാശത്തു പ്രത്യക്ഷപ്പെട്ട അഗ്നിവെളിച്ചം പ്രദേശവാസികളെ അങ്കലാപ്പിലാക്കി. വടക്കാഞ്ചേരി മേഖലയിലാണു മാനത്തുനിന്ന് അജ്ഞാത വസ്തു ഭൂമിയിലേക്കു പതിക്കുന്നതെന്നു തോന്നിക്കും വിധം വൈകിട്ട് വാനിൽ വെളിച്ചം പ്രത്യക്ഷപ്പെട്ടത്. മിനിറ്റുകളോളം ഇതു കാണാമായിരുന്നു.
പൂമല അണക്കെട്ടിലെ വെള്ളത്തിനു നിറഭേദം കണ്ടുവെന്ന വാർത്തയും ഇതിനു പിന്നാലെ വന്നു. ആകാശത്തുനിന്ന് ഉൽക്ക പോലുള്ള എന്തെങ്കിലും വസ്തു കത്തിയമർന്നു മേഖലയിൽ പതിച്ചതാകുമോ എന്ന ആശങ്കയിലായിരുന്നു ജനം. അതു പതിച്ചതു ഡാമിലായതു കൊണ്ടാകാം അവിടത്തെ വെള്ളത്തിനു നിറവ്യത്യാസം കണ്ടതെന്നും സംസാരമുണ്ട്.
എന്നാൽ ഇതിനൊന്നും ഔദ്യോഗിക സ്ഥിരീകരണമില്ല. ആകാശത്തു വെളിച്ചം കണ്ടത് എന്തുകൊണ്ട് എന്നതിന് അധികൃതർക്കും വിശദീകരണമില്ല. സന്ധ്യയോടടുത്താണു സംഭവം നടന്നത് എന്നതിനാൽ വെളിച്ചം വ്യക്തമായി കാണാമായിരുന്നു. ഒട്ടേറെ പേർ ഇതു മൊബൈൽ ക്യാമറയിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.