വിനോദ സഞ്ചാരികളുടെ വാഹനം കാട്ടുകൊമ്പൻ തടഞ്ഞു, പിന്നീട് സംഭവിച്ചത്?

Image Credit: Sergey Savvi

വിനോദ സഞ്ചാരികളുടെ വാഹനം കാട്ടുകൊമ്പൻ തടഞ്ഞു. ശ്രീലങ്കയിലെ യാലാ നാഷണൽ പാർക്കിലാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. ഇവിടെയെത്തിയ വിനോദ സഞ്ചാരികളുടെ വാഹനത്തിനുള്ളിലേക്ക് തുമ്പിക്കൈയും കൊമ്പും കടത്തി നിൽക്കുന്ന കാട്ടാനയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.പേടിച്ചരണ്ട വിനോദ സഞ്ചാരികളുടെയും പരാക്രമം നടത്തുന്ന ആനയുടെയും ചിത്രങ്ങൾ പകർത്തിയത് വന്യജീവി ഫൊട്ടോഗ്രഫറായ സെർഗി സാവിയാണ്.

ശ്രീലങ്കൻ നിവാസികളായിരുന്നു ഈ വാഹനത്തിലുണ്ടായിരുന്നത്. ഇവർക്കു മുന്നിലായായിരുന്നു സാവിയും ഭാര്യയും സഞ്ചരിച്ചിരുന്ന വാഹനം. ഇതിനു മുൻപ് കടന്നു പോയ പല വാഹനങ്ങളും ആനയുടെ സമീപത്തായി നിർത്തുകയും വാഹനങ്ങളിൽ ഉണ്ടായിരുന്നവർ ചിത്രങ്ങൾ പകർത്തുകയും ചെയ്തിരുന്നു. അപ്പോഴൊക്കെയും ആന ശാന്തനായി വഴിയരുകിൽ പുല്ലു തിന്നുകൊണ്ട് നിൽക്കുകയായിരുന്നു.

എന്നാൽ ഈ വാഹനം സമീപത്തുകൂടി കടന്നു പോയപ്പോൾ ആനയുടെ ചിത്രങ്ങളെടുക്കാനായി വാഹനത്തിന്റെ സ്പീഡ് കുറച്ചു. എന്നാൽ വാഹനത്തിനുള്ളിൽ ഭക്ഷണത്തിന്റെ മണം തിരിച്ചറിഞ്ഞ് ആന ഓടിയെത്തുകയായിരുന്നു. ആന വരുന്നത് കണ്ട് ഡ്രൈവർ വാഹനം മുന്നോട്ടെടുക്കാൻ ശ്രമിച്ചെങ്കിലും ആന വാഹനത്തിനുള്ളിലൂടെ തലകടത്തി അതു തടയുകയായിരുന്നു. വാഹത്തിനുള്ളിലുണ്ടായിരുന്നവർ പേടിച്ചു നിലവിളിച്ചതും ആനയെ പ്രകോപിതനാക്കി. 

ആദ്യം ഡ്രൈവറുടെ സീറ്റിനരികിലേക്ക് തലകടത്തിയ ആന അവിടെ നിന്നും തലവലിച്ച് വിനോദസഞ്ചാരികളിരിക്കുന്നിടത്തേക്ക് തുമ്പിക്കൈ കടത്തി.വീണ്ടും വാഹനമോടിക്കാൻ ഡ്രൈവർ തുനിഞ്ഞെങ്കിലും കൊമ്പൻ കൊമ്പുകൊണ്ട് തടയുകയായിരുന്നു. കുട്ടികളും സ്ത്രീകളുമുൾപ്പെടുന്ന സംഘം പരിഭ്രാന്തരായി നിലവിളിച്ചതും കൊമ്പനെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു. ഒരവസരത്തിൽ വാഹനം തള്ളി മറിച്ചിടാനും കൊമ്പൻ തുനിഞ്ഞു. മറ്റു വാഹനങ്ങളിൽ ഉണ്ടായിരുന്നവർക്ക് ഇതെല്ലാം നിസ്സഹായരായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. 

രംഗം കൂടുതല്‍ വഷളാകുന്നതിന് മുൻപ് ഡ്രൈവർ എങ്ങനെയോ വാഹനം മുന്നോട്ടെടുത്ത് രക്ഷപെടുകയായിരുന്നു. എന്നിട്ടും കുറച്ചു ദൂരം കൊമ്പൻ ഈ വാഹനത്തെ പിന്തുടർന്നു. പിന്നീട് കാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്ന് സെർഗി വ്യക്തമാക്കി.