വെള്ളം കിട്ടാതെ ബെംഗളൂരു: തടാകങ്ങളെ തിരിച്ചുകൊണ്ടുവരാൻ ഒരു യുവാവിന്റെ പോരാട്ടം
ഇന്ത്യക്കുള്ളിൽത്തന്നെ ഇന്ത്യയുടെ ഒരു ചെറുപതിപ്പ്– ബെംഗളൂരു നഗരത്തെ അങ്ങനെ വിശേഷിപ്പിക്കാം. കാരണം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങൾ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും വിദ്യാഭ്യാസവും തേടി, സ്വന്തം നാടായി കരുതി വസിക്കുന്ന ഇടമാണ് ഇത്. എന്നാൽ ഇന്ന് ബെംഗളൂരുവിൽ ജനജീവിതം
ഇന്ത്യക്കുള്ളിൽത്തന്നെ ഇന്ത്യയുടെ ഒരു ചെറുപതിപ്പ്– ബെംഗളൂരു നഗരത്തെ അങ്ങനെ വിശേഷിപ്പിക്കാം. കാരണം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങൾ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും വിദ്യാഭ്യാസവും തേടി, സ്വന്തം നാടായി കരുതി വസിക്കുന്ന ഇടമാണ് ഇത്. എന്നാൽ ഇന്ന് ബെംഗളൂരുവിൽ ജനജീവിതം
ഇന്ത്യക്കുള്ളിൽത്തന്നെ ഇന്ത്യയുടെ ഒരു ചെറുപതിപ്പ്– ബെംഗളൂരു നഗരത്തെ അങ്ങനെ വിശേഷിപ്പിക്കാം. കാരണം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങൾ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും വിദ്യാഭ്യാസവും തേടി, സ്വന്തം നാടായി കരുതി വസിക്കുന്ന ഇടമാണ് ഇത്. എന്നാൽ ഇന്ന് ബെംഗളൂരുവിൽ ജനജീവിതം
ഇന്ത്യക്കുള്ളിൽത്തന്നെ ഇന്ത്യയുടെ ഒരു ചെറുപതിപ്പ്– ബെംഗളൂരു നഗരത്തെ അങ്ങനെ വിശേഷിപ്പിക്കാം. കാരണം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങൾ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും വിദ്യാഭ്യാസവും തേടി, സ്വന്തം നാടായി കരുതി വസിക്കുന്ന ഇടമാണ് ഇത്. എന്നാൽ ഇന്ന് ബെംഗളൂരുവിൽ ജനജീവിതം ചിന്തിക്കാവുന്നതിലും അപ്പുറം ദുസ്സഹമാണ്. കാരണം, നഗരത്തിന്റെ പല പ്രദേശങ്ങളിലും വെള്ളം കിട്ടാക്കനിയായിക്കഴിഞ്ഞു. ധാരാളം തടാകങ്ങൾ നിറഞ്ഞുനിന്നിരുന്ന ബെംഗളൂരുവിന് സിറ്റി ഓഫ് ലേക്ക് എന്നുപോലും വിളിപ്പേരുണ്ടായിരുന്നു. എന്നാൽ ഇന്ന് അതേ നഗരമാണ് ജലക്ഷാമത്തിന്റെ പിടിയിലമരുന്നത്. പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ ഭരണ തലങ്ങളിൽ കൈക്കൊള്ളുന്നുണ്ടെങ്കിലും ഇതിന് അടിത്തറയിടേണ്ടത് ഒരുകാലത്ത് നഗരത്തിന്റെ ജീവശ്വാസമായിരുന്ന തടാകങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിലൂടെയാണ്. ഇതിനുള്ള ഒറ്റയാൾ പോരാട്ടവുമായി ഇറങ്ങിയിരിക്കുകയാണ് ആനന്ദ് മല്ലിഗവാഡ് എന്ന മെക്കാനിക്കൽ എൻജിനീയർ.
ബെംഗളൂരുവിലെ വരണ്ടു തുടങ്ങിയ 33 തടാകങ്ങൾക്കാണ് ആനന്ദ് ജീവൻ നൽകിയത്. എന്നാൽ അതിൽ ഒതുങ്ങുന്നില്ല അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. അയോധ്യയിലെ ഏഴു തടാകങ്ങൾ, ലക്നൗവിൽ എട്ട്, ഒഡീഷയിൽ 40 എന്നിങ്ങനെ നീളുന്നു അദ്ദേഹം ഉപയോഗപ്രദമാക്കി മാറ്റിയ തടാകങ്ങളുടെ എണ്ണം. കുട്ടിക്കാലത്ത് വീടിനടുത്തുള്ള തടാകത്തോട് തോന്നിയ ഇഷ്ടമാണ് പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവുകൾ ഉണ്ടാക്കിയത്. അതിന് തുടക്കം കുറിച്ചതാകട്ടെ 2016ൽ കണ്ട ഒരു പത്രവാർത്തയുടെ തലക്കെട്ടും. 2030 ഓടെ ഇന്ത്യയിലെ 21 നഗരങ്ങൾ കടുത്ത ജലക്ഷാമം നേരിടും എന്നതായിരുന്നു അത്. അതിൽ ബെംഗളൂരുവും ഉൾപ്പെടും എന്ന വാർത്ത അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പർശിച്ചു.
Read Also: കത്തിപ്പല്ലുകൾ, 5 അടി നീളം; സമുദ്രം ഭരിച്ചിരുന്ന കൂറ്റൻ കടൽപല്ലിയെ കണ്ടെത്തി ശാസ്ത്രജ്ഞർ
അപ്പോഴാണ് നഗരത്തിലെ തടാകങ്ങളുടെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് അദ്ദേഹം ആഴത്തിൽ ചിന്തിക്കാനും അറിയാനും തുടങ്ങിയത്. 1960 കളിൽ 290 ലേറെ തടാകങ്ങളാണ് ബെംഗളൂരുവിൽ ഉണ്ടായിരുന്നത്. എന്നാൽ 2017 ആയപ്പോഴേക്കും അത് വെറും 90 ആയി ചുരുങ്ങി. അതിൽ തന്നെ 10 ശതമാനം തടാകങ്ങൾ മാത്രമാണ് കഷ്ടിച്ച് ഉപയോഗപ്രദമായ രീതിയിൽ തുടരുന്നത്. നഗരത്തിലെ ജലലഭ്യതയ്ക്ക് ഏറ്റവും നിർണായക പങ്കുവഹിക്കുന്ന ഈ തടാകങ്ങളുടെ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ എന്തെങ്കിലും ചെയ്യണം എന്ന തോന്നലും അദ്ദേഹത്തെ വിടാതെ പിന്തുടർന്നു.
എൻജിനീയറായി ജോലി ചെയ്തിരുന്ന അദ്ദേഹം വൈകുന്നേരങ്ങൾ തടാകങ്ങൾക്കായി മാറ്റിവച്ചു. തടാകങ്ങളുടെ ആവാസവ്യവസ്ഥയെക്കുറിച്ച് കണ്ടും വായിച്ചും കൂടുതൽ മനസ്സിലാക്കി. കോർപറേറ്റുകളുടെ സഹായത്തോടെ തടാകങ്ങൾ മെച്ചപ്പെടുത്താനുള്ള പദ്ധതി നടപ്പിലാക്കാനായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. നിരന്തര ശ്രമങ്ങൾക്കൊടുവിൽ, 2017 ൽ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽനിന്ന് ഈ ആവശ്യത്തിനായി ഒരു കോടി രൂപ സമാഹരിക്കാനായി. ജീർണിച്ച അവസ്ഥയിൽ കിടന്നിരുന്ന 36 ഏക്കർ വിസ്തൃതിയുള്ള ക്യലാസനഹള്ളി തടാകം വീണ്ടെടുക്കാനുള്ള ശ്രമങ്ങളോടെ ആയിരുന്നു ആരംഭം.
പ്രദേശവാസികൾക്ക് വേണ്ടി ബോധവൽക്കരണ ക്യാംപെയ്നുകളും മറ്റും നടത്തിയതോടെ സംരംഭത്തിന് ജനപങ്കാളിത്തവും ഉണ്ടായി. തൊഴിലാളികളുടെയും സമീപവാസികളുടെയും സഹകരണത്തോടെ നാലുലക്ഷം ക്യൂബിക് മീറ്റർ ചെളിയാണ് തടാകത്തിന്റെ അടിത്തട്ടിൽനിന്നു നീക്കം ചെയ്തത്. ആ ചെളി ഉപയോഗിച്ച് തടാകത്തിൽ ചെറുദ്വീപുകൾ ഉണ്ടാക്കി. ഇന്ന് ആയിരക്കണക്കിന് മരങ്ങളും ഫലവൃക്ഷങ്ങളും ചെടികളുമൊക്കെ നിറഞ്ഞ ഈ ദ്വീപുകൾ കിളികൾ അധിവസിക്കുന്ന സ്വർഗങ്ങളാണ്.
ചെളി നീക്കം ചെയ്ത തടാകത്തിൽ അടുത്ത മഴക്കാലം എത്തിയതോടെ വെള്ളം നിറഞ്ഞു. പതിയെപ്പതിയെ നാടൻ മത്സ്യങ്ങളും ഇവിടെ കണ്ടുതുടങ്ങി. തടാകം അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുത്ത് ജീവിച്ചു തുടങ്ങുകയായിരുന്നു. സമാനമായ രീതിയിൽ പല തടാകങ്ങൾക്കും അദ്ദേഹം ജീവൻ നൽകി. 2019ൽ ജോലി രാജിവച്ച അദ്ദേഹം മല്ലിഗവാഡ് ഫൗണ്ടേഷൻ എന്നൊരു സന്നദ്ധ സംഘടനയ്ക്കും രൂപം നൽകി. ഇന്ന് വൻകിട കമ്പനികൾ അടക്കം അദ്ദേഹത്തിന്റെ തടാക സംരക്ഷണ പദ്ധതികളിൽ നിക്ഷേപം നടത്തുന്നുണ്ട്. സുസ്ഥിരത ഉറപ്പാക്കിക്കൊണ്ട് തികച്ചും സ്വാഭാവികമായ രീതിയിൽ തടാകങ്ങൾ വീണ്ടെടുക്കുക എന്നതാണ് ആനന്ദിന്റെ ലക്ഷ്യം. ജലജീവികളെ സംരക്ഷിക്കാനും ഓരോ നാടിന്റെയും തനത് വൃക്ഷങ്ങൾക്ക് സംരക്ഷണം നൽകാനുമെല്ലാം ഇതിനൊപ്പം അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.
ബെംഗളൂരു അടക്കം ഇന്ത്യയുടെ പല ഭാഗങ്ങളും ജലക്ഷാമം കൊണ്ട് വലയുന്നതിനിടെ അദ്ദേഹത്തിന് പങ്കുവയ്ക്കാനുള്ള സന്ദേശം മറ്റൊന്നുമല്ല. പ്രകൃതി സമ്പത്തിനെ ബഹുമാനിക്കാൻ നാം പഠിക്കുക. പ്രകൃതിയിൽനിന്ന് ആവശ്യമുള്ളത് മാത്രം ഉപയോഗിക്കുക. പ്രകൃതിയുമായി സൗഹൃദം നിലനിർത്തി മാത്രം ജീവിക്കുക. ജലം പാഴാക്കാതെ സംരക്ഷിക്കുക. കഴിയുമെങ്കിൽ ജീവിതത്തിന്റെ പകുതി നിങ്ങൾക്ക് വേണ്ടിയും മറുപകുതി സമൂഹത്തിനും പരിസ്ഥിതിക്ക് വേണ്ടിയും നീക്കിവയ്ക്കുക.