ചങ്ങനാശ്ശേരിയിൽ എം സി റോഡും റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ബൈപ്പാസിലൂടെയോ കോട്ടയത്തെ ഈരയിൽക്കടവ് റോഡിലൂടെയോ ഒരു തവണയെങ്കിലും സഞ്ചരിച്ചവരാരും ഈ പാതകളുടെ ഭംഗി മറന്നുപോകാനിടയില്ല.

ചങ്ങനാശ്ശേരിയിൽ എം സി റോഡും റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ബൈപ്പാസിലൂടെയോ കോട്ടയത്തെ ഈരയിൽക്കടവ് റോഡിലൂടെയോ ഒരു തവണയെങ്കിലും സഞ്ചരിച്ചവരാരും ഈ പാതകളുടെ ഭംഗി മറന്നുപോകാനിടയില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശ്ശേരിയിൽ എം സി റോഡും റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ബൈപ്പാസിലൂടെയോ കോട്ടയത്തെ ഈരയിൽക്കടവ് റോഡിലൂടെയോ ഒരു തവണയെങ്കിലും സഞ്ചരിച്ചവരാരും ഈ പാതകളുടെ ഭംഗി മറന്നുപോകാനിടയില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശ്ശേരിയിൽ എം സി റോഡും റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ബൈപ്പാസിലൂടെയോ കോട്ടയത്തെ ഈരയിൽക്കടവ് റോഡിലൂടെയോ ഒരു തവണയെങ്കിലും സഞ്ചരിച്ചവരാരും ഈ പാതകളുടെ ഭംഗി മറന്നുപോകാനിടയില്ല. നഗരത്തിരക്കിന് നടുവിലും ഏത് പൊരിവെയിലത്തും കണ്ണിനും മനസ്സിനും കുളിർമ നൽകി പടർന്നു നിൽക്കുന്ന ഹരിത മേലാപ്പിന്റെ തണലിലൂടെയുള്ള യാത്ര അത്രത്തോളം മനോഹരമാണ്.  ഈ കാഴ്ചകൾക്കു പിന്നിൽ ഒരു മനുഷ്യന്റെ അടങ്ങാത്ത പ്രകൃതി സ്നേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട് എന്ന് അറിയുന്നവർ പക്ഷേ ചുരുക്കമായിരിക്കും. സി.പി. റോയ് പീറ്റർ എന്ന റിട്ടേയേർഡ് അധ്യാപകൻ പതിറ്റാണ്ടുകൾക്ക് മുൻപേ തുടങ്ങിവച്ച പ്രകൃതിപാഠങ്ങളുടെ തുടർച്ചയാണ് ഇവയെല്ലാം. ഇടുക്കിയിലും കോട്ടയത്തുമായി പതിനായിരക്കണക്കിന് മരങ്ങൾ വച്ചുപിടിപ്പിച്ച് ഒരു തലമുറയ്ക്ക് സ്വന്തം ജീവിതം മാതൃകയാക്കി കാണിച്ചുകൊടുക്കുകയാണ് റോയ് പീറ്റർ.   

പ്രകൃതിയിലേക്കുള്ള ആദ്യ ചുവട്

ADVERTISEMENT

സമൂഹത്തിന് ഗുണകരമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ചെറുപ്പം മുതലേ റോയ് പീറ്റർ മനസ്സിൽ കൊണ്ടുനടന്നിരുന്നു. മത്സരങ്ങളോ എതിർപ്പുകളോ ഇല്ലാതെ നന്മ മാത്രം ലക്ഷ്യം വച്ചുകൊണ്ട് എന്തുചെയ്യാമെന്ന ചിന്ത എത്തിനിന്നത് പ്രകൃതിയിലേയ്ക്ക് ഇറങ്ങുക എന്ന തീരുമാനത്തിലാണ്. കട്ടപ്പനയിലെ കൊച്ചുതോവാളയാണ് ജന്മസ്ഥലം. കട്ടപ്പനയിലും കൊച്ചുതോവാളയിലും പരിസരപ്രദേശങ്ങളിലുമായി സാധിക്കുന്ന ഇടങ്ങളിലൊക്കെ വൃക്ഷത്തൈകൾ നട്ടുകൊണ്ടായിരുന്നു തുടക്കം. ഒടുവിൽ അത് ഗ്രീൻ ലീഫ് എന്ന സംഘടനയുടെ രൂപീകരണത്തിൽ എത്തിനിന്നു. 

പ്രദേശവാസിയായ അജിത്ത് എന്ന വിദ്യാർഥിയുമായി ചേർന്ന് കട്ടപ്പന ട്രൈബൽ സ്കൂളിന്റെ മുറ്റത്ത് മരം നട്ടുകൊണ്ടായിരുന്നു പ്രവർത്തനം ആരംഭിച്ചത്. രജിസ്റ്റർ ചെയ്യാതെ പ്രവർത്തിക്കണം എന്ന ഉറച്ച് തീരുമാനത്തോടെയായിരുന്നു തുടക്കം. സാധിക്കാവുന്ന ഇടങ്ങളിൽ നിന്നും വിത്തുകൾ ശേഖരിച്ച് നഴ്സറികളിൽ ഏൽപ്പിച്ച് വളർന്നുവരുന്നവ അവിടെ നിന്നുമെടുത്ത് പലയിടങ്ങളിലായി നട്ടു. ലൈബ്രറികൾ, പാതയോരങ്ങൾ, വിദ്യാലയങ്ങൾ തുടങ്ങി പൊതുവിടങ്ങളാണ് തിരഞ്ഞെടുത്തത്. ഗ്രീൻ ലീഫിനൊപ്പം ചേർന്ന് ഒരു തൈ നടുന്ന ആർക്കും അംഗത്വം ലഭിക്കും എന്നതായിരുന്നു മാനദണ്ഡം. പ്രകൃതിസ്നേഹികളായ  ധാരാളം ജനങ്ങൾ അങ്ങനെ ഗ്രീൻ ലീഫിന്റെ ഭാഗമായി പ്രവർത്തിച്ചു തുടങ്ങി. ഞായറാഴ്ചകളിൽ രാവിലെ മുതൽ ഉച്ച വരെയുള്ള സമയം മരം നടുന്നതിനായി ഇവർ നീക്കിവച്ചു. അന്നു തുടങ്ങിയ ഗ്രീൻ ലീഫിന്റെ പ്രവർത്തനങ്ങൾ  ഇന്നും തുടർന്നുപോരുന്നുണ്ട്.

വിദ്യാർഥികൾക്കുള്ള ഹരിത പാഠം

1989ൽ നെടുംകണ്ടം എംഇഎസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായി നിയമനം ലഭിച്ചു. ജോലിയിൽ പ്രവേശിക്കുന്നതോടെ ജീവിതത്തിലെ മറ്റു പ്രധാന കാര്യങ്ങളെല്ലാം മാറ്റിവയ്ക്കുന്നവർക്കിടയിൽ അപ്പോഴും വ്യത്യസ്തനായിരുന്നു റോയ് പീറ്റർ. തന്റെ വിദ്യാർഥികളെയും സഹപ്രവർത്തകരെയും ഒപ്പം കൂട്ടി ഗ്രീൻ ലീഫിന്റെ പ്രവർത്തനങ്ങൾ അദ്ദേഹം വിപുലീകരിച്ചു. ഏറെ താൽപര്യത്തോടെയാണ് തങ്ങളുടെ പ്രിയപ്പെട്ട റോയി സാറിന്റെ ഉദ്യമങ്ങളെ ഇവർ പിന്തുണച്ചത്. അങ്ങനെ ഇടുക്കിയിലെ കൂടുതൽ പ്രദേശങ്ങളിലേയ്ക്ക് മരംനടീൽ വ്യാപിപ്പിച്ചു. സിഎസ്ഐ ഗാർഡനിൽ 2000 പ്ലാവുകളാണ് മിയാവാക്കി മാതൃകയിൽ നട്ടത്. ഇതിന് പുറമേ ട്രൈബൽ സ്കൂളിന് സമീപത്ത് ഒരേക്കറോളം വരുന്ന സ്ഥലത്ത് മരങ്ങൾ നട്ട് വനം തന്നെ  സൃഷ്ടിച്ചെടുത്തു. 

ഗിരിദീപം കോളജിൽ റോയ് പീറ്റർ വച്ചുപിടിപ്പിച്ച മരങ്ങൾ
ADVERTISEMENT

ഗ്രീൻ ലീഫ് വളരുന്നു

2005ലാണ് ഇടുക്കി ജില്ലയ്ക്ക് പുറത്ത് ആദ്യമായി മരം നട്ടു തുടങ്ങിയത്. ചങ്ങനാശ്ശേരി ബൈപ്പാസിൽ മഴ മരങ്ങൾ നട്ടു കൊണ്ടായിരുന്നു ഈ പുതിയ കാൽവയ്പ്പ്. റെയിൽവേ സ്റ്റേഷനിൽ നിന്നിരുന്ന മഴ മരങ്ങളുടെ വിത്തുകൾ ശേഖരിച്ച് കട്ടപ്പനയിലെത്തിച്ച് അവ തൈകളാക്കി വളർത്തിയെടുത്ത് ബസ് മാർഗ്ഗം തിരികെ ചങ്ങനാശേരിയിൽ കൊണ്ടുവന്നാണ് നട്ടത്. വിദ്യാർത്ഥികളും ഗ്രീൻ ലീഫ് പ്രവർത്തകരും ഒന്നായി ഇതിനുവേണ്ടി പ്രവർത്തിച്ചു. തുടർന്നു വന്ന വർഷങ്ങളിൽ പാല -ഏറ്റുമാനൂർ ബൈപ്പാസിലും മഴ മരങ്ങൾ നട്ടു. 

വെറുതെ മരം നട്ട് മറന്നു കളയുന്നതല്ല ഗ്രീൻ ലീഫിന്റെ രീതി. കൃത്യമായ ഇടവേളകളിൽ മരം നട്ട സ്ഥലങ്ങളിൽ പ്രവർത്തകരെത്തി ഫോളോ അപ്പും  നടത്തി പോന്നു. അതിന്റെ ഫലമായാണ് ഈ പാതയോരങ്ങളിലെല്ലാം പ്രൗഢിയോടെ മരങ്ങൾ തഴച്ചു വളർന്നുനിൽക്കുന്നത്. നൂറുകണക്കിനും ആയിരക്കണക്കിനും മരങ്ങൾ ഒരേസമയത്ത് നടുന്നതുകൊണ്ടു തന്നെ പതിവായി ജലസേചനം നടത്തുക എന്നത് പ്രാവർത്തികമല്ല. മഴക്കാലം എപ്പോൾ ആരംഭിക്കുന്നുവെന്ന് മനസ്സിലാക്കി അതിന്റെ തുടക്കത്തിൽ മരം നടുന്നതാണ് രീതി.

അംഗീകാരത്തിന്റെ നെറുകയിൽ 

ADVERTISEMENT

മരം നടുന്നത് ആവേശമായി തന്നെ വിദ്യാർഥികൾ ഏറ്റെടുക്കുകയായിരുന്നു. അങ്ങനെ 2010 ൽ എം ഇ എസ് കോളേജിന്  വനംവകുപ്പിന്റെ വനമിത്ര അവാർഡ് ലഭിച്ചു. അതേ വർഷം തന്നെ റോയ് പീറ്റർ കോളേജിൽ നിന്നും വിരമിക്കുകയും ചെയ്തിരുന്നു. വനമിത്ര അവാർഡ് ലഭിക്കുന്ന കേരളത്തിലെ ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനം എന്ന പദവി എം ഇ എസിന് നേടികൊടുത്തുകൊണ്ടായിരുന്നു പടിയിറക്കം. പിന്നീട് 2012ൽ റോയി പീറ്ററിന് വ്യക്തിഗത വനമിത്ര പുരസ്കാരവും ലഭിച്ചിരുന്നു. 

ഗ്രീൻലീഫിൽ നിന്നും ഗ്രീൻ കോട്ടയം പ്രൊജക്ടിലേക്ക്

കോളജിൽ നിന്നും വിരമിച്ചതിനു ശേഷം ഭാര്യയുടെ ജോലിയും മക്കളുടെ വിദ്യാഭ്യാസ സൗകര്യങ്ങളും പരിഗണിച്ച് കോട്ടയത്തേക്ക് താമസം മാറി. അതിനോടകം ഗ്രീൻ ലീഫ് എന്ന മറ്റൊരു സംഘടന കോട്ടയത്ത് പ്രവർത്തിച്ചിരുന്നതിനാൽ ഗ്രീൻ കോട്ടയം പ്രോജക്ട് എന്ന പേരിൽ കോട്ടയത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു. തിരുനക്കര മൈതാനത്ത് ഉങ്ങ് നട്ടു കൊണ്ടായിരുന്നു തുടക്കം. പരിമിതമായ സ്ഥലവിസ്തൃതിയുള്ള പ്രദേശമായതിനാൽ അധികം വലിപ്പം വയ്ക്കാത്തതും എന്നാൽ ഏറെ ഗുണങ്ങളുമുള്ള മരം എന്ന നിലയിലണ് ഉങ്ങ് തിരഞ്ഞെടുത്തത്. പിന്നീടിങ്ങോട്ട് പരേഡ് ഗ്രൗണ്ടിന് സമീപം, കോട്ടയം ടി ബി, കോടിമത പച്ചക്കറി മാർക്കറ്റ്, ഈരയിൽക്കടവ് റോഡ് തുടങ്ങി കോട്ടയത്തെ വിവിധ പ്രദേശങ്ങളിലായി തുടർച്ചയായി മരങ്ങൾ നട്ടു വരുന്നു. പത്തോ പതിനഞ്ചോ ദിവസങ്ങളുടെ ഇടവേളയിൽ കട്ടപ്പനയിലെത്തി ഗ്രീൻ ലീഫിന്റെ പ്രവർത്തനങ്ങളിലും റോയ് പീറ്റർ പങ്കാളിയാകുന്നുണ്ട്.

റിട്ടയർമെന്റിനു ശേഷം കോട്ടയം ഗിരിദീപം കോളജിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു. അവിടെയും രണ്ടായിരത്തോളം പ്ലാവുകൾ നട്ടു.

ഈരയിൽ കടവ് റോഡിനു സമീപം വളരുന്ന മരങ്ങൾ

മണ്ണറിഞ്ഞു മരം നടാം

വെറുതെ ഒരു മരം നടുക എന്നതിനപ്പുറം ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകളും മണ്ണും മനസ്സിലാക്കിയാണ് നടേണ്ട മരങ്ങൾ തിരഞ്ഞെടുക്കുന്നത്.

പാതയോരങ്ങളിൽ മഴ മരങ്ങളാണ് നടുന്നതെങ്കിൽ ചുറ്റുമതിലുകളിലുള്ള പ്രദേശങ്ങളിൽ ഫലവൃക്ഷങ്ങൾ മാത്രമേ നടാറുള്ളൂ. മാവ്, പ്ലാവ്, ഞാവൽ തുടങ്ങിയവയാണ് പ്രധാനമായും നടുന്നത്. ഈരയിൽക്കടവ് റോഡിൽ മുളകളാണ് നട്ടത്. സിമന്റ് കവലയിൽ നിന്നുള്ള പടിഞ്ഞാറൻ ബൈപ്പാസിലും ഏതാണ്ട് ഇതേ സമയത്ത് തന്നെ മുളകൾ നട്ടു. മണ്ണടിച്ച് പൊക്കിയുണ്ടാക്കിയ വഴിയായതിനാൽ മഴക്കാലത്ത് മണ്ണ് ഒലിച്ചു പോകാനുള്ള സാധ്യത കണക്കിലെടുത്താണ് മുളകൾ തന്നെ തിരഞ്ഞെടുത്തത്. കേരളത്തിൽ തന്നെ ഇത്രയും വലിയ ബാംബൂ സ്ട്രീറ്റുകൾ വേറെ എവിടെയുമില്ല എന്നതും സവിശേഷതയാണ്.

പാതയോരങ്ങളല്ലാത്ത

പ്രദേശങ്ങളിൽ ഒരടി അകലത്തിൽ മാത്രമാണ് മരങ്ങൾ നടുന്നത്. ഒരു തുള്ളി മഴവെള്ളം നൂറ് ഇലകളിൽ തട്ടി ഭൂമിയിൽ പതിക്കണം എന്നതാണ് പ്രകൃതിയുടെ കണക്ക്.  ഇതുറപ്പാക്കാൻ ഒരടി അകലത്തിൽ മരം നട്ട് വനങ്ങൾ സൃഷ്ടിക്കുന്നതിലൂടെ സാധിക്കുന്നുണ്ട്. 

വിമർശനങ്ങളെക്കാളേറേ പിന്തുണ 

കോട്ടയത്ത് എത്തിയതിനുശേഷം ഇതിനോടകം പലയിടങ്ങളിലായി പതിനായിരത്തിനു മുകളിൽ മരങ്ങളാണ് ഗ്രീൻ കോട്ടയം പ്രൊജക്ടിനു കീഴിൽ റോയ് പീറ്റർ നട്ടത്. നഗരപ്രദേശമായതിനാൽ ചില ഭാഗങ്ങളിൽ മരം നടുമ്പോൾ സ്ഥാപനങ്ങളിൽ നിന്നും മറ്റുമായി ചെറിയ എതിർപ്പുകളും ഉണ്ടാകാറുണ്ട്. എന്നാൽ റോഡ് വികസനത്തെ ബാധിക്കാത്ത രീതിയിൽ മരങ്ങൾ നടുന്നതുകൊണ്ടുതന്നെ ഭരണകൂടങ്ങളിൽ നിന്നുള്ള എതിർപ്പുകൾ നേരിടേണ്ടി വരാറില്ല. തികച്ചും സാധാരണക്കാരായ ജനങ്ങളാണ് മരംനടുന്നതിനെ  പിന്തുണയ്ക്കുന്നവരിൽ ഏറെയുമെന്ന് സ്വന്തം അനുഭവത്തിലൂടെ റോയി പീറ്റർ പറയുന്നു. ഓട്ടോറിക്ഷാ തൊഴിലാളികൾ, കാൽനട യാത്രക്കാർ, ഡെലിവറി ബോയ്സ് തുടങ്ങിയവർക്ക് ഈ മരത്തണലുകൾ സ്വർഗ്ഗമാണ്.

കുടുംബം

ഇടുക്കിയിലും കോട്ടയത്തുമുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കുടുംബം നൽകുന്ന പിന്തുണ റോയ് പീറ്ററിന്റെ വഴികളിൽ പ്രചോദനമാണ്. അട്ടപ്പാടി ഗവൺമെന്റ് കോളേജിലെ റിട്ട. പ്രിൻസിപ്പിൾ മേഴ്സിയമ്മ ഫ്രാൻസിസാണ് ഭാര്യ. കോട്ടയം സി എം എസ് കോളജിലെ അധ്യാപകനായ  ക്ലിന്റ് പീറ്റർ റോയ്, ബി. എഡ്. വിദ്യാർത്ഥിനിയായ സാന്ദ്ര അന്ന റോയ് എന്നിവർ മക്കളാണ്. 

ജീവിതത്തിലൂടെ പകരുന്ന പാഠം

ചുറ്റുമുള്ളവയെ അനുഭവിച്ചഞ്ഞ് മനസ്സിലാക്കാനുള്ള അവസരം വിദ്യാർത്ഥികൾക്ക് ഒരുക്കാനും ഒരു നല്ല അധ്യാപകന് സാധിക്കണം. ഈ തിരിച്ചറിവിൽ കൃഷിയുടെ പാഠങ്ങൾ കുട്ടികൾക്ക് പകർന്നു നൽകുന്നതിനായി ഇടുക്കിയിൽ ശനിക്കൂട്ടം എന്ന ഒരു കൃഷി കൂട്ടായ്മയ്ക്കും റോയ് പീറ്റർ നേതൃത്വം നൽകി. നെൽപ്പാടങ്ങളിൽ ഞാറു നടാനും കൊയ്യാനും കോട്ടയത്തിന്റെയും ഇടുക്കിയുടെയും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ എത്തിയിരുന്നു.

മരം നടുന്നതിന് വേണ്ടിവരുന്ന ചിലവുകൾ സ്വന്തമായി വഹിക്കുകയാണ് റോയ് പീറ്റർ. കോട്ടയത്ത് നടുന്ന മരങ്ങൾ പരിപാലിക്കുന്നതിനായി സഹായികളെ ഏർപ്പെടുത്തിയിരിക്കുന്നതും സ്വന്തം ചിലവിലാണ്. എന്നാൽ ഈ വൃക്ഷങ്ങളുടെ ഫലങ്ങളെല്ലാം പൊതുജനത്തിന് അവകാശപ്പെട്ടതാണെന്ന നിലപാടാണ് റോയ് പീറ്ററിനുള്ളത്. എല്ലാ ദിവസങ്ങളുടെയും വൈകുന്നേരങ്ങൾ മരം നടുന്നതിനായി നീക്കിവച്ചിരിക്കുകയാണ് അദ്ദേഹം. 

കാലാവസ്ഥാ വ്യതിയാനം ജീവന്റെ നിലനിൽപ്പിനുമേലിൽ വാളായി നിൽക്കുമ്പോൾ ഭൂമിയിൽ നടുന്ന ഓരോ മരവും ഒരു പ്രത്യാശയാണ്. വരും തലമുറയ്ക്കായി പ്രകൃതിയും ഇതിലെ വിഭവങ്ങളും കാത്തുസൂക്ഷിക്കാൻ നമുക്ക് സാധിക്കുമെന്ന പ്രതീക്ഷ. റോയ് പീറ്ററിന്റെ കരസ്പർശമേറ്റ മരങ്ങളിലൂടെ മാത്രമല്ല അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് പ്രകൃതിയിലേയ്ക്ക് കൺതുറന്ന ഹൃദയങ്ങളിലൂടെയും ഈ പരിസ്ഥിതി പാഠങ്ങൾ എന്നെന്നും നിലനിൽക്കും.

English Summary:

The Green Legacy of C.P. Roy Peter: How One Man Greened Two Cities in Kerala