ചുമ്മാ വന്ന് തേൻകുടിച്ച് പോകാൻ കഴിയില്ല, മണവാളന്മാർ ശക്തരാവണം! കിലുകിലുക്കി ചെടിയുടെ ‘സ്വയംവരം’ ഇങ്ങനെ
പല കാവ്യ ഭാവനങ്ങളിലും പൂവിനെ മണവാട്ടിയായും വണ്ടുകളെയും തേനീച്ചകളെയും മണവാളനായും കൽപ്പിക്കാറുണ്ട്. പൂമ്പൊടിയുമായി വരുന്ന മണവാളനെ കാത്ത് അണിഞ്ഞൊരുങ്ങി നിൽക്കുന്ന മണവാട്ടിയായി പൂവിനെ കാണുന്ന ഭാവന അശാസ്ത്രീയമാണെങ്കിലും ചിന്തിക്കാൻ വക നൽകുന്നുണ്ട്.
പല കാവ്യ ഭാവനങ്ങളിലും പൂവിനെ മണവാട്ടിയായും വണ്ടുകളെയും തേനീച്ചകളെയും മണവാളനായും കൽപ്പിക്കാറുണ്ട്. പൂമ്പൊടിയുമായി വരുന്ന മണവാളനെ കാത്ത് അണിഞ്ഞൊരുങ്ങി നിൽക്കുന്ന മണവാട്ടിയായി പൂവിനെ കാണുന്ന ഭാവന അശാസ്ത്രീയമാണെങ്കിലും ചിന്തിക്കാൻ വക നൽകുന്നുണ്ട്.
പല കാവ്യ ഭാവനങ്ങളിലും പൂവിനെ മണവാട്ടിയായും വണ്ടുകളെയും തേനീച്ചകളെയും മണവാളനായും കൽപ്പിക്കാറുണ്ട്. പൂമ്പൊടിയുമായി വരുന്ന മണവാളനെ കാത്ത് അണിഞ്ഞൊരുങ്ങി നിൽക്കുന്ന മണവാട്ടിയായി പൂവിനെ കാണുന്ന ഭാവന അശാസ്ത്രീയമാണെങ്കിലും ചിന്തിക്കാൻ വക നൽകുന്നുണ്ട്.
പല കാവ്യ ഭാവനകളിലും പൂവിനെ മണവാട്ടിയായും വണ്ടുകളെയും തേനീച്ചകളെയും മണവാളനായും സങ്കൽപ്പിക്കാറുണ്ട്. പൂമ്പൊടിയുമായി വരുന്ന മണവാളനെ കാത്ത് അണിഞ്ഞൊരുങ്ങി നിൽക്കുന്ന മണവാട്ടിയായി പൂവിനെ കാണുന്ന ഭാവന അശാസ്ത്രീയമാണെങ്കിലും ചിന്തിക്കാൻ വക നൽകുന്നുണ്ട്. പരപ്പരാഗണത്തിനായി, സ്വയംവരം പോലെ ശക്തരായ തേനീച്ചകളെ മാത്രം തിരഞ്ഞെടുത്ത്, അവർക്ക് മാത്രം തേൻ നൽകി, അവർക്ക് മാത്രം പൂമ്പൊടി കൊടുത്ത് പണിയെടുപ്പിക്കുന്ന സസ്യങ്ങൾ നമുക്കു ചുറ്റിലുമുണ്ട്. പയർ വർഗ സസ്യങ്ങളിൽ ആണ് ഈ മാർഗം വ്യാപകമായി ഉള്ളത്. ചിത്രശലഭങ്ങളുടേത് പോലെ ഇതളുകൾ ഉള്ളതിനാൽ ശലഭ ആകൃതി എന്നർത്ഥം വരുന്ന Papilionaceae സസ്യ കുടുംബത്തിൽ ഉൾപ്പെടുന്ന നമ്മുടെ കിലുകിലുക്കി (Crotalaria) ആണ് ഈ സ്വയംവര വധു.
ഇവരുടെ പൂവിന്റെ ഘടന തന്നെ ഇതിന് വേണ്ടിയുള്ള രീതിയിലാണ്. മൊത്തം അഞ്ച് ഇതളുകളിൽ താഴെയുള്ള രണ്ടെണ്ണം കൂടിച്ചേർന്ന് വളഞ്ഞ് പുലി നഖ ആകൃതിയിലുള്ള സഞ്ചി പോലെയാണ്. ഇതിന്റെ അഗ്രഭാഗം കൂർത്തിരിക്കും. ഈ സഞ്ചിയാവട്ടെ കേസരങ്ങളെയും അണ്ഡാശയത്തെയും പൊതിഞ്ഞാണ് ഇരിക്കുന്നത്. ഇതിന് താഴേയാണ് തേൻ അറ. ഇതിന് പുറത്തായി ചിറക് പോലെ രണ്ടു ഇതളുകൾ വിരിഞ്ഞു ഉണ്ടാവും, അതിനും മുകളിൽ വലിയ മറ്റൊരു ഇതളും കാണും. ഈ വലിയ ഇതളാണ് പ്രധാനമായും പരാഗവാഹകരായ തേനീച്ചകളെയും വണ്ടുകളെയും ചിത്രശലഭങ്ങളെയും എല്ലാം ആകർഷിക്കുന്നത്.
ഇതിൽ ആദ്യം പറഞ്ഞ കൂടിച്ചേർന്നിരിക്കുന്ന സഞ്ചി ഇതളുകളെ നല്ല ബലം പ്രയോഗിച്ച് അമർത്തിയാലേ തേനറ തുറക്കാൻ കഴിയൂ. ഇതാണ് നമ്മുടെ മണവാളൻമാരായ തേനീച്ചകൾക്ക് കുലക്കാനായി വെച്ചിരിക്കുന്ന വില്ല്. സാധാരണ തേനീച്ചകളോ ചിത്രശലഭങ്ങളോ ഒക്കെ വന്നാൽ അവർക്ക് ചുമ്മാ വന്നിട്ട് പോകാം എന്നല്ലാതെ അമർത്തി തേനറ തുറക്കാനുള്ള ശക്തിയോ, ഭാരമോ, ബലമോ ഉണ്ടാവില്ല.
നല്ല ശക്തിയുള്ള മല്ലൻമാരായ കാർപെൻഡർ തേനീച്ചകൾ (Carpenter Bees) ഒക്കെയാണ് വരുന്നതെങ്കിൽ അവർക്ക് ഇത്തരം പൂവിൽ വന്നിരുന്നു അവയുടെ പിൻ കാലുകൾ ഉപയോഗിച്ച് കൂടിച്ചേർന്ന ഇതളുകളിൽ അമർത്തി തേനറ തുറക്കാനും തേൻ കുടിക്കാനും കഴിയും. ഈ അമർത്തുന്ന ബലത്തിൽ സഞ്ചി അമരുകയും, ഒരു ടൂത്ത് പേസ്റ്റൊക്കെ ഞെക്കുന്നത് പോലെ ഇതളുകളുടെ കൂർത്ത അഗ്രഭാഗം തുറക്കുകയും പേസ്റ്റ് വരുന്നത് പോലെ പൂമ്പൊടി ചീറ്റി പുറത്തോട്ട് വരികയും ചെയ്യും. ഇത് കൃത്യം തേനീച്ചയുടെ അടിഭാഗത്തായാണ് വന്ന് പുരട്ടുക. ഇത്തരം സസ്യങ്ങളിൽ ആദ്യം പൂമ്പൊടികളാണ് പാകമായി വിതരണത്തിന് തയ്യാറാവുക. ഇങ്ങനെ മൂട്ടിൽ പുരട്ടിയ പൂമ്പോടിയുമായി അവ മറ്റൊരു പൂ നോക്കി പോകും.
കുറച്ചു മണിക്കൂറുകൾ കഴിയുമ്പോൾ അണ്ഡാശയം പാകമായി പരാഗണത്തിന് തയ്യാറായിട്ടുണ്ടാവും. അണ്ഡാശയത്തിൽ പരാഗരേണു (Pollen) പതിക്കുന്ന സ്ഥലം സ്റ്റിഗ്മ എന്നാണല്ലോ അറിയപ്പെടുന്നത്. പാകമായ സ്റ്റിഗ്മ ഇവിടെ കൂർത്ത രീതിയിലാണ് ഉണ്ടാവുക. ഇതും കേസരങ്ങൾക്ക് ഉള്ളിലായി സഞ്ചി ഇതളുകൾക്ക് ഉള്ളിലായി തന്നെ ആണ് കാണുക.
പിന്നീട് വരുന്ന മല്ലന്മാരായ തേനീച്ചകൾ ഇതളുകളിൽ ചവിട്ടി ചെറുതായി തുറക്കുമ്പോൾ ആവശ്യത്തിന് തേൻ ഉണ്ടാവില്ല. മുൻപ് വന്നവർ കുടിച്ച് ഏറെക്കുറെ തീർന്നു കാണുമല്ലോ. വാശിക്ക് കൂടുതൽ ബലത്തിൽ ചവിട്ടും. അപ്പോഴാണ് ഇതളുകൾക്ക് അകത്ത് ഒളിഞ്ഞിരിക്കുന്ന കൂർത്ത സ്റ്റിഗ്മ പാമ്പ് നാക്ക് നീട്ടുന്നത് പോലെ സഞ്ചി ഇതളുകളിലെ സുഷിരത്തിൽ കൂടെ പുറത്തുവരിക. മറ്റ് പൂക്കളിൽ പോയിക്കഴിഞ്ഞ് അതിലെ പൂമ്പൊടിയും കൊണ്ടാണ് തേനീച്ച വരുന്നത് എങ്കിൽ അതിൻറെ അടിഭാഗത്ത് അവരുടെ പൂമ്പൊടിയും കാണുമല്ലോ. പുറത്തുവന്ന stigma ഇതിലോട്ടാണ് തന്റെ നീണ്ട 'നാക്ക്' നീട്ടി ഒപ്പിയെടുക്കുന്നത്. അങ്ങനെ പരപ്പരാഗണം സാധ്യമാക്കുന്നു.
ഇനി അഥവാ ശക്തന്മാരായ തേനീച്ചകൾ ആരും വന്നില്ലെങ്കിൽ പൂമ്പൊടിയും സ്റ്റിഗ്മയും തുറക്കാത്ത സഞ്ചി ഇതളുകൾക്ക് അകത്തുനിന്നും സ്വന്തം പൂമ്പൊടി കൊണ്ട് സ്വപരാഗണം നടത്തി ഇവർ വിത്തുൽപാദനം ഉറപ്പുവരുത്തും. സ്വപരാഗണം അത്ര നല്ല പരാഗണം അല്ല.
എത്ര ശക്തിയുള്ള പ്രാണിയാണ് പരാഗണത്തിന് ഉപയോഗിക്കേണ്ടത് എന്നത് പരിണാമപരമായി തിരഞ്ഞെടുത്ത സ്വഭാവമായതിനാൽ ഒരു ചെറിയ കൂട്ടം പ്രാണികളിലേക്ക് തങ്ങളുടെ പരാഗ വിതരണം പരിമിതപ്പെടുത്താൻ ഇവർക്ക് കഴിയുന്നു.
(ലേഖകൻ പാലക്കാട് വിക്ടോറിയ കോളജിലെ ബോട്ടണി വിഭാഗം അസോസിയേറ്റ് ഫ്രഫസർ ആണ്)