ഡൽഹിയിൽ ലണ്ടൻ ആവർത്തിക്കാതിരിക്കട്ടെ; മുന്നറിയിപ്പുമായി എയിംസ് വിദഗ്ധർ

1952ൽ ഡിസംബറിൽ ലണ്ടൻ നഗരത്തെ കീഴടക്കിയ പുകമഞ്ഞിനു സമാനമായ സാഹചര്യമാണു ഡൽഹിയിൽ നിലവിലുള്ളതെന്നാണു എയിംസ് വിദഗ്ധരുടെ വിലയിരുത്തൽ. അന്തരീക്ഷ മലിനീകരണത്തിന്റെ തോതു വ്യക്തമാക്കുന്ന എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) ഇന്നലെ 487 ആണ് രേഖപ്പെടുത്തിയത്. ശ്വാസകോശത്തെ മാരകമായി ബാധിക്കുന്ന പർട്ടിക്കുലേറ്റ് മാറ്റർ (പിഎം) 2.5, പിഎം 10 എന്നിവയും ഏറെ ഉയർന്ന നിലയിലാണ്.

സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർക്കാസ്റ്റിങ് ആൻഡ് റിസർച്ചിന്റെ (സാഫർ) പഠനം അനുസരിച്ച് പിഎം 2.5ന്റെ നില 420 ആണ്. പിഎം 10ന്റേതാകട്ടെ 678 ആണ് രേഖപ്പെടുത്തിയത്. പിഎം 2.5ന്റെ സുരക്ഷിതമായ അളവ് അറുപതാണ്. പിഎം 10–ന്റേതാകട്ടെ നൂറും. പുകമഞ്ഞു കൊണ്ടു പലപ്പോഴും ഗ്യാസ് ചേംബർ ആവേണ്ടി വന്ന നഗരമാണ് ലണ്ടൻ.

1952 ഡിസംബർ നാലിനു തുടങ്ങി അഞ്ചു ദിവസത്തോളം നഗരത്തെ പൊതിഞ്ഞുനിന്ന പുകമഞ്ഞ് ഔദ്യോഗിക കണക്കനുസരിച്ച് നാലായിരത്തോളം മനുഷ്യജീവനാണു കവർന്നത്. പതിനായിരക്കണക്കിനു പേർക്കു ഗുരുതരമായ ശ്വാസകോശ രോഗങ്ങൾ ബാധിച്ചു.

അനിയന്ത്രിതമായ തോതിലുള്ള കൽക്കരിയുടെ ജ്വലനഫലമായുണ്ടായ സൾഫർ ഡൈ ഓക്സൈഡ്, പുക, വ്യവസായശാലകളിലെ പുകക്കുഴലുകൾ തുപ്പിയ രാസമാലിന്യങ്ങൾ, വാഹനങ്ങളിൽനിന്നുള്ള പുക എന്നിവ മൂടൽമഞ്ഞുമായി ചേർന്നാണു ലണ്ടൻ സ്മോഗ് ഉണ്ടായത്. സ്മോഗ് വിതച്ച ദുരന്തത്തിന്റെ ഭീകരതയാണ് 1956ലെ ക്ലീൻ എയർ ആക്ടിലേക്കു നയിച്ചത്.