കാലാവസ്ഥാ വ്യതിയാനവും തീക്കാറ്റുമെല്ലാം ആശങ്ക പടർത്തുമ്പോൾ ക്ഷീരകർഷകർക്ക് ആശ്വസിക്കാനുള്ള വകയുമായി കേരളത്തിൽ നിന്ന് ഒരു വാർത്തയെത്തുന്നു. വെച്ചൂർ, കാസർകോട് ഇനങ്ങളിലുള്ള പശുക്കൾക്ക് തീക്കാറ്റിനെ ചെറുക്കാൻ സാധിക്കുമത്രെ.
പൊക്കം കുറഞ്ഞ ഈ പശുക്കളുടെ ശരീരത്തിലുള്ള തെർമോമീറ്റർ ജീൻ ആണ് കാലാവസ്ഥാ വ്യതിയാനത്തെയും തീക്കാറ്റിനെയും പ്രതിരോധിക്കാൻ അവയെ പ്രാപ്തരാക്കുന്നതെന്നാണ് ഗവേഷകരകുടെ വാദം.
കേരള വെറ്റിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയിലെയും കേരളസംസ്ഥാന ആനിമൽ ഹസ്ബൻറി വകുപ്പിലെയും ഗവേഷകരാണ് ഉയരംകുറഞ്ഞ പശുക്കൾ കാലാവസ്ഥാ വ്യതിയാനത്തെയും തീക്കാറ്റിനെയും അതിജീവിക്കാൻ പ്രാപ്തരാണെന്ന് കണ്ടെത്തിയത്. ഇതിൻെറ അടിസ്ഥാനത്തിൽ ക്ഷീരകർഷകരോട് വെച്ചൂർ, കാസർകോട് ഇനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ നിർദേശിച്ചിരിക്കുകയാണ് അവർ.
തീക്കാറ്റും കാലാവസ്ഥാ വ്യതിയാനവും ക്ഷീരകർഷകരെ വല്ലാതെ വലയ്ക്കുന്നുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ നമ്മുടെ ജീവിത ശൈലിയിലും മാറ്റം വരുത്താൻ നമ്മൾ തയാറാകേണ്ടതുണ്ട്. ക്ഷീരകർഷകനായ രാമമൂർത്തി പറയുന്നു.ഇത്തരം പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാൻ കഴിവുള്ള തദ്ദേശീയമൃഗങ്ങൾ ഉള്ളപ്പോൾ നമ്മൾ സങ്കരയിനങ്ങളെ തേടിപോകേണ്ടതിൻെറ ആവശ്യമെന്താണ് അദ്ദേഹം ചോദിക്കുന്നു.