സിഗരറ്റ് വലിച്ചതിനു ശേഷം കുറ്റികൾ വലിച്ചെറിഞ്ഞു കളയുന്ന സ്വഭാവമുള്ളവരാണ് പുകവലിക്കുന്നവരേറെയും. വീട്ടിലോ ഓഫീസിലോ ബാല്‍ക്കണിയില്‍ നിന്നാണു വലിക്കുന്നതെങ്കിലും സിഗററ്റ് കുറ്റികൾ പുറത്തേക്കു വലിച്ചെറിയാനാണ് എല്ലാവര്‍ക്കും താൽപര്യം. എരിഞ്ഞു ബാക്കിയായ ഈ സിഗററ്റ് കുറ്റികള്‍ പ്രകൃതിക്കു സമ്മാനിക്കുന്ന ദൂഷ്യങ്ങൾ ചില്ലറയൊന്നുമല്ല. ഇവ വര്‍ഷങ്ങളോളം മണ്ണിൽ കിടന്നതിനു ശേഷം മാത്രമേ മണ്ണിൽ അലിഞ്ഞു ചേരൂ . ഓരോ വര്‍ഷവും ഏതാണ്ട് നാലര ട്രില്ല്യണ്‍ സിഗററ്റു കുറ്റികള്‍ ഇങ്ങനെ വലിച്ചെറിയപ്പെടുന്നുണ്ടെന്നാണു കണക്ക്.
ഈ പരിസ്ഥിതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകയാണ് ഒരു ഡച്ച് സ്റ്റാർട്ടപ്പ് കമ്പനി.തെരുവിൽ വലിച്ചെറിയപ്പെടുന്ന സിഗററ്റ് കുറ്റികൾ കാക്കകളെ ഉപയോഗിച്ചു ബാഗുകളില്‍ നിക്ഷേപിക്കുകയെന്ന ആശയവുമായാണ് ഇവർ രംഗത്തിറങ്ങുന്നത്. ക്രോബാറുകള്‍ എന്നറിയപ്പെടുന്ന ഈ ബാഗുകള്‍ ഒരു പ്രദേശത്തു തന്നെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും. ഇനി കാക്കകള്‍ എന്തിനു സിഗററ്റ് കുറ്റി എടുത്ത് ബാഗില്‍ കൊണ്ടുപോയി നിക്ഷേപിക്കണം എന്നല്ലേ? അതിനുള്ള ഉത്തരം ഇനി പറയാം. ഓരോ തവണ കാക്ക സിഗററ്റ് കുറ്റികൾ ബാഗില്‍ നിക്ഷേപിക്കുമ്പോഴും അവയക്കുള്ള ഭക്ഷണം ക്രോബാറിന്‍റെ ഭാഗമായുള്ള പെട്ടിയില്‍ നിന്നു പുറത്തേക്ക് വരും.എങ്ങനെയുണ്ട് വിദ്യ? സൂപ്പറല്ലേ?
അതീവ ബുദ്ധിയുള്ള പക്ഷികളാണ് കാക്കകള്‍. കാക്കകളെ ഉപയോഗിച്ച് നാണയം പെറുക്കാനുള്ള പരീക്ഷണം നടത്തിയതാണ് പിന്നീട് ഇത്തരമൊരു കണ്ടെത്തലിലേക്കു നയിച്ചത്. സിഗററ്റ് കുറ്റികള്‍ ഒരു പെട്ടിയാല്‍ നിക്ഷേപിച്ചാല്‍ പകരം നിലക്കടല ലഭിക്കുന്ന ഒരു സംവിധാനം അമേരിക്കയില്‍ ചില കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ പരീക്ഷിച്ചിരുന്നു. ഇതും ക്രോബാറിന്‍റെ കണ്ടെത്തലിനു പ്രചോദനമായി. ഡച്ച് തലസ്ഥാനമായ കോപ്പന്‍ഹേഗന്‍ ഉള്‍പ്പെടയുള്ള നഗരങ്ങളില്‍ ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ക്രോബാറുകള്‍ സ്ഥാപിച്ചിരിക്കുകയാണ്.