Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരയെ പിടിക്കാന്‍ ആയുധം നിര്‍മ്മിക്കുന്ന കാക്കകൾ; അമ്പരന്ന് ശാസ്ത്രലോകം!

Caledonian crow Caledonian crow. Image Credit: James St Clair

വെള്ളം കുടിക്കാനായി കുടത്തില്‍ കല്ലിട്ട കാക്കയുടെ കഥ നമുക്കെല്ലാം അറിയാം. എന്നാല്‍ കാക്കയ്ക്ക് ഇതിനൊക്കെയുള്ള ബുദ്ധിയുണ്ടോ? ഉണ്ടെന്നാണ് കാക്കകൾ തെളിയിച്ചിരിക്കുന്നത്. ഇര പിടിക്കാന്‍ ആയുധം നിര്‍മ്മിക്കുന്ന കാക്കകളുടെ ബുദ്ധി കണ്ട് അമ്പരന്നിരിക്കുകയാണ് ഇപ്പോൾ ശാസ്ത്രലോകം‍. ചെറിയ കമ്പുകളുപയോഗിച്ച് മരപ്പൊത്തില്‍ ഒളിച്ചിരിക്കുന്ന കാക്കകളെ മുന്‍പും കണ്ടിട്ടുണ്ട്. എന്നാല്‍ അനുയോജ്യമായ കമ്പ് തിരഞ്ഞുപിടിച്ച് അറ്റം വളച്ച് ആ വളഞ്ഞ കമ്പുപയോഗിച്ച് ഇര പിടിക്കുന്ന കാക്കകളാണ് ഗവേഷകരെ അമ്പരപ്പിച്ചത്.

ഓസ്ട്രേലിയക്കു സമീപം ഫ്രഞ്ച് അധീനതയിലുള്ള ദ്വീപാണ് ന്യൂ കാലഡോണിയ. ഈ ദ്വീപിലെ കാക്കകള്‍ക്ക് മറ്റു കാക്കകളേക്കാള്‍ ബുദ്ധി കൂടുതലുണ്ടെന്ന് ഗവേഷകര്‍ മുന്‍പു തന്നെ കണ്ടെത്തിയിരുന്നു. ന്യൂ കാലഡോണിയന്‍ കാക്കകള്‍ എന്ന് പേരുള്ള ഇവ കമ്പുകളും മറ്റും ഉപകരണങ്ങളാക്കി ഇര പിടിക്കുന്ന ഏകയിനം കാക്കകളാണെന്നാണു കരുതുന്നത്. 

സ്കോട്‌ലന്‍ഡില്‍ നിന്നുള്ള ഗവേഷക സംഘമാണ് ഈ കാക്കകളെ നിരീക്ഷിക്കുകയും അവയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാനുള്ള കഴിവു തിരിച്ചറിയുകയും ചെയ്തത്.  ആറു വര്‍ഷം മുന്‍പാണ് ഇവ കമ്പുകളുപയോഗിച്ച് ഇര പിടിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയത്. എന്നാല്‍ ഇപ്പോള്‍ ഇതിലും ഒരു പടികൂടി കടന്നാണ് സ്വന്തമായി ആയുധമുണ്ടാക്കുന്ന നിലയിലേക്ക് ഈ കാക്കകള്‍ വളർന്നത്.

പതിനേഴു കാക്കളെയാണ് ഗവേഷകര്‍ മാസങ്ങളോളം ഇതിനായി നിരീക്ഷിച്ചത്. ഇവയില്‍ പതിനേഴും ഇരകളെ മരപ്പൊത്തില്‍ നിന്നു ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള അവസരങ്ങളില്‍ വളഞ്ഞ കമ്പുകള്‍ നിര്‍മ്മിച്ച് ഇരയെ പിടിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. അതേസമയം ഇവയുടെ ശീലം പുതിയതാണോ അതോ പണ്ടേ ഉണ്ടായിരുന്നതാണോ എന്ന് ഗവേഷകര്‍ക്ക് ഇതുവരെ തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഏതായാലും കമ്പുകള്‍ വളച്ച് അവ ഇരപിടിക്കാന്‍ ഉപയോഗിക്കുന്ന കാക്കകളുടെ ഈ രീതി പരിണാമത്തിന്റെ ഫലമാണെന്നു തന്നെയാണ് ഗവേഷകര്‍ കരുതുന്നത്.

പലപ്പോഴും കാക്കകള്‍ ഉള്‍പ്പടെയുള്ള പക്ഷികള്‍ ഒറ്റപ്പെട്ട രീതിയില്‍ കമ്പുകളും മറ്റും ഉപകരണങ്ങളായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ന്യൂ കാലഡോണിയയിലെ കാക്കളുടെ ഉപകരണങ്ങള്‍ നിര്‍മ്മിക്കാനും ഉപയോഗിക്കാനുമുള്ള കഴിവിനെ ചിമ്പാന്‍സികളുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാനുള്ള കഴിവുമായാണ് താരതമ്യപ്പെടുത്തുന്നത്. ഈ ഒരു ജീവി സമൂഹം ഒന്നാകെ ഈ രീതി പിന്തുടരുന്നത് അവരുടെ ശീലത്തിന്റെ ഭാഗമായാണെന്നും ഗവേഷകര്‍ കരുതുന്നു.