പുകമഞ്ഞിൽ ‘മുഖംമൂടി’ ഡൽഹി നഗരം

തുടർച്ചയായി മൂന്നാം ദിവസവും രാജ്യതലസ്ഥാന നഗരം പുകമഞ്ഞിൽ മുങ്ങി. അന്തരീക്ഷ മലിനീകരണനില ഏറെ ഗുരുതരമായ അവസ്ഥ രേഖപ്പെടുത്തിയതോടെ നഗരത്തിലെ സ്കൂളുകൾക്കു ഞായറാഴ്ചവരെ അവധി പ്രഖ്യാപിച്ചു. 200 മീറ്റർ കാഴ്ച പോലും തടസ്സപ്പെടുന്ന അവസ്ഥയിലാണു ഡൽഹിയിലെ അന്തരീക്ഷം.

തൽസ്ഥിതി 24 മണിക്കൂർ കൂടി തുടർന്നാൽ മലിനീകരണ തോതു വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലുള്ള കർമപദ്ധതി നടപ്പാക്കാൻ സുപ്രീം കോടതി നിയോഗിച്ച പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയും (ഇപിസിഎ) നിർദേശിച്ചിട്ടുണ്ട്. പുകമഞ്ഞ് റെയിൽ, വിമാന സർവീസുകളെയും ബാധിച്ചിട്ടുണ്ട്. ഡൽഹിയിലെ ചില സ്ഥലങ്ങളിൽ പർട്ടിക്കുലേറ്റ് മാറ്ററിന്റെ സാന്നിധ്യം ക്യുബിക് മീറ്ററിൽ 999 ഗ്രാം വരെ എത്തിയെന്നാണ് ദേശീയ മലിനീകരണ നിയന്ത്രണ ബോർഡിന്റെ പഠനങ്ങൾ വ്യക്തമാക്കുന്നത്.

ഇത് അനുവദനീയ പരിധിയിലും 16 മടങ്ങോളം കൂടുതലാണ്. പലർക്കും പല അസ്വസ്ഥതകളും ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടി. ആശുപത്രികളിലെ ഒപികളിൽ 20 ശതമാനം വർധനയുണ്ടായെന്നാണു കണക്കുകൾ. ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജൽ പരിസ്ഥിതി വിദഗ്ധരുടെ യോഗം വിളിച്ചു.

നിലവിലെ സാഹചര്യത്തിൽ കുട്ടികളെ പുറത്തു കളിക്കാൻ വിടുന്നത് ഒഴിവാക്കണമെന്നു സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെയും വൈകിട്ടും നിരത്തിലൂടെ നടക്കുന്നത് ഒഴിവാക്കണമെന്നും അഭ്യർഥിച്ചു. പുകമഞ്ഞിനെ തുടർന്നു തലവേദന, കണ്ണെരിച്ചിൽ, ശ്വാസതടസ്സം തുടങ്ങിയവ അനുഭവപ്പെട്ടതായി ജനങ്ങൾ പറയുന്നു. 

കൂടുതലൊരുക്കും പൊതുഗതാഗതം

അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതലൊരുക്കാൻ സർക്കാർ. മെട്രോ സർവീസുകളുടെ എണ്ണം വർധിപ്പിക്കാൻ ഡിഎംആർസിയോടു കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ഇടവേളകൾ കുറച്ച് സർവീസുകൾ വർധിപ്പിക്കാനാണു നിർദേശം.പുകമഞ്ഞ് തുടർന്നാൽ ഏതാനും ദിവസത്തേക്കു മെട്രോ യാത്ര സൗജന്യമാക്കണമെന്നു സുപ്രീം കോടതി നിയോഗിച്ച പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി (ഇപിസിഎ) ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ ബസുകൾ നിരത്തിലിറക്കാൻ സംസ്ഥാന സർക്കാർ ട്രാൻസ്പോർട്ട് കോർപറേഷനു നിർദേശം നൽകി. സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കണമെന്നു സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു. 

വാഹനങ്ങൾക്ക് വിലക്ക്

അവശ്യവസ്തുക്കളുമായെത്തുന്ന ട്രക്കുകൾ ഉൾപ്പെടെയുള്ള ചരക്കു വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കുന്നതു വിലക്കി. പാർക്കിങ് ഫീസ് നാലിരട്ടിയാക്കി ഉയർത്തിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതു കുറയ്ക്കാനാണിത്. 

വേഗം കുറയ്ക്കുക

പുകമഞ്ഞിൽ അപകടങ്ങളുണ്ടാകുന്നത് ഒഴിവാക്കാൻ ഡൽഹി പൊലീസ് മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. അമിതവേഗം ഒഴിവാക്കാനും സൂക്ഷ്മതയോടെ വാഹനമോടിക്കാനും നിർദേശിച്ചിട്ടുണ്ട്. മറ്റു നിർദേശങ്ങൾ ഇങ്ങനെയാണ് - ഹൈ ബീം ഹെഡ്‌ലൈറ്റ് ഉപയോഗിക്കുക - വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക - യാത്ര പുറപ്പെടുന്നതിനു മുൻപ് കാലാവസ്ഥാ പ്രവചനങ്ങളും ഗതാഗതക്കുരുക്കിന്റെ വിശദാംശങ്ങളും പരിശോധിക്കുക - പുകമഞ്ഞ് കാഴ്ച മറയ്ക്കുന്ന സാഹചര്യമുണ്ടായാൽ വഴിയോരങ്ങളിൽ വാഹനം നിർത്തുക - വാഹനം നിർത്തിയാൽ എമർജൻസി ലൈറ്റുകൾ ഓൺ ചെയ്യുക 

നിർത്തണം നിർമാണങ്ങൾ

അന്തരീക്ഷ മലിനീകരണം അപകടാവസ്ഥയിലായതോടെ മലിനീകരണ തോത് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലുള്ള കർമപദ്ധതി നടപ്പാക്കിത്തുടങ്ങി. നഗരത്തിലെ മുഴുവൻ നിർമാണ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ സുപ്രീം കോടതി നിയോഗിച്ച പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി (ഇപിസിഎ) നിർദേശിച്ചു. ‌

ഒറ്റ-ഇരട്ട നിയന്ത്രണം

അന്തരീക്ഷ മലിനീകരണ അവസ്ഥ സമാനനിലയിൽ 48 മണിക്കൂർ തുടർന്നാൽ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം ഏർപ്പെടുത്തുമെന്നു സംസ്ഥാന സർക്കാർ. ഇതിന്റെ മുന്നൊരുക്കമെന്ന നിലയിൽ 500 ബസുകൾ വാടകയ്ക്ക് എടുക്കാൻ ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷനു മന്ത്രി കൈലാഷ് ഗലോട്ട് നിർദേശം നൽകി.

കൂടുതൽ സർവീസുകൾക്കു 300 ബസുകളും തയാറാക്കാൻ ഡിഎംആർസിയും ആവശ്യപ്പെട്ടിട്ടുണ്ട്. സിഎൻജി വാഹനങ്ങൾക്കു പ്രത്യേക സ്റ്റിക്കർ നൽകുന്നതും പരിഗണനയിലുണ്ട്. സിഎൻജി ഉപയോഗിക്കുന്ന വാഹനങ്ങളെ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കുമെന്നാണു സൂചന.