സ്പീഡ് ബ്രേക്കറുകളിൽ പൊലിഞ്ഞത് 11084 ജീവനുകൾ

Representative Image

'സ്ലീപിങ് പൊലീസ്മാൻ' എന്നാണ് പൊതുവെ സ്പീഡ് ബ്രെക്കറുകളെ പറയാറുള്ളത്. മനുഷ്യന്റെ ജീവനെടുക്കുന്ന വാഹന വേഗത്തെ നിയന്ത്രിക്കുന്നതിനായാണ് സ്പീഡ് ബ്രെക്കറുകൾ സ്ഥാപിക്കുന്നത്. എന്നാൽ സ്പീഡ് ബ്രേക്കറുകൾ തന്നെ മനുഷ്യ ജീവന് ഭീഷണി ഉയർത്തുന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. പാർലമെന്റിലെ ചോദ്യോത്തരവേളയിലാണ് ഇതിന്റെ കണക്കുകൾ വെളിപ്പെടുത്തിയത്.

അശാസ്ത്രീയമായ സ്പീഡ് ബ്രേക്കറുകളുടെ നിർമാണം മൂലം ഓരോ വർഷവും മരിക്കുന്നത് പതിനായിരക്കണക്കിന് ആളുകളാണ്. 2015 ലെ കണക്കുകൾ പ്രകാരം 11084 പേരുടെ ജീവനാണ് അശാസ്ത്രീയമായി സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകൾ കവർന്നത്. 2014 ൽ 11008 പേരുടെ ജീവനും സ്പീഡ് ബ്രേക്കറുകളുടെ അശാസ്ത്രീയത കവർന്നു എന്നാണ് കേന്ദ്ര റോഡ് ട്രാൻസ്പോർട്ട്, ഹൈവേ മന്ത്രി പൊൻ രാധാകൃഷ്ണൻ അറിയിച്ചത്.

നാഷണൽ ഹൈവേ അതോറിറ്റി, ഹൈവേകളിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുന്നത് വിലക്കിയിട്ടുണ്ടെങ്കിലും തദ്ദേശവാസികൾ ഓരോ കാരണങ്ങൾ പറഞ്ഞ് ഇത്തരത്തിലുള്ള അശാസ്ത്രിയ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുന്നതെന്നും മന്ത്രി പറയുന്നു. പുറത്തു വിട്ട കണക്കുകൾ പ്രകാരം കേരളത്തിൽ 2014 ല്‍ 110 ഉം 2015 ൽ 116 ഉം ജീവഹാനികൾ സംഭവിച്ചിട്ടുണ്ട്. 2014 ൽ ഉത്തർപ്രദേശിലാണ് സ്പീഡ് ബ്രേക്കറുകളുടെ അശാസ്ത്രീയത മൂലം ഏറ്റവും അധികം ആളുകൾക്ക് ജീവഹാനി സംഭവിച്ചത് (3192). 2015 ലെ കണക്കിൽ കർണ്ണാടകയാണ് മുന്നിൽ 2310 ജീവനുകളാണ് ഹമ്പുകൾ കവർന്നത്.

അശാസ്ത്രീയമായ സ്പീഡ് ബ്രേക്കറുകൾ കാരണമുണ്ടായ അപകടമരണ നിരക്ക് (സംസ്ഥാനം തിരിച്ചുള്ള കണക്ക്)