ട്രാഫിക് നിയമം പാലിക്കാൻ പലരും പലപ്പോഴും മടി കാണിക്കാറുണ്ട്. ഹെൽമെറ്റില്ലാതെ ബൈക്ക് ഓടിക്കുക, തെറ്റായ ദിശയിലൂടെ കാറോടിക്കുക, ട്രാഫിക് സിഗ്നൽ തെറ്റിക്കുക തുടങ്ങിയവ അതിൽ ചിലതു മാത്രം. ട്രാഫിക് നിയമങ്ങൾ നിയമങ്ങൾ തെറ്റിക്കുന്നവരെ പിടികൂടാൻ നിൽക്കുന്ന പൊലീസിനെ വെട്ടിച്ച് കടക്കാനാണ് പലപ്പോഴും നാം ശ്രമിക്കാറ്. അതിനുള്ള ഏറ്റവും പുതിയ ഉദാഹരമാണ് ഗുരുഗ്രാമിൽ നിന്നുള്ള ഈ വിഡിയോ.
എതിർദിശയില്‍ വന്ന വാഹനം തടയാൻ ശ്രമിച്ച പൊലീസുകാരനെ ബോണറ്റിൽ ഇരുത്തി കടന്നുകളയാനാണ് കാറുടമ ശ്രമിച്ചത്. എതിർദിശയിൽ എത്തിയ കാർ തടഞ്ഞു നിർത്തി ഫൈൻ അടയ്ക്കാൻ പറഞ്ഞെങ്കിലും ഡ്രൈവർ കൂട്ടാക്കിയില്ലെന്ന് പൊലീസ് പറയുന്നു. പൊലീസുമായി വാക്കു തർക്കത്തിലേർപ്പട്ട ഡ്രൈവർ കാറുമായി കടന്നു കളയാൻ ശ്രമിച്ചപ്പോഴാണ് പൊലീസുകാരൻ ബോണറ്റിൽ ചാടിക്കയറിയത്.
ട്രാഫിക് നിയമം നടപ്പാക്കാൻ ശ്രമിച്ച പൊലീസിന്റെ ജീവൻ അപകടത്തിലാക്കാൻ ശ്രമിച്ച വാഹനത്തിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്ത്, വാഹനം കസ്റ്റഡിയിൽ എടുത്തു. നേരത്തെയും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അന്നും രക്ഷപ്പെടാൻ ശ്രമിച്ച കാറിന്റെ ബോണറ്റിൽ പൊലീസ് ചാടിക്കയറുകയായിരുന്നു.