നിർമാണത്തിലെ പിഴവുകളുടെ പേരിൽ ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ യമഹ മോട്ടോർ ‘വൈ സെഡ് എഫ് — ആർ ത്രീ’ മോട്ടോർ സൈക്കിളുകൾ തിരിച്ചുവിളിച്ചു പരിശോധിക്കുന്നു. ബൈക്കിന്റെ ഫ്യുവൽ ടാങ്ക് ബ്രാക്കറ്റിലും മെയിൻ സ്വിച്ച് സബ് അസംബ്ലിയിലും പിഴവുകൾ കണ്ടെത്തിയ സാഹചര്യത്തിൽ യമഹ മോട്ടോർ കമ്പനി ലിമിറ്റഡ് ആഗോളതലത്തിൽ തന്നെ ‘വൈ സെഡ് എഫ് — ആർ ത്രീ’ തിരിച്ചുവിളിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിൽ വിറ്റ 1,155 ബൈക്കുകളും തിരിച്ചുവിളിച്ചു പരിശോധിക്കാൻ യമഹ മോട്ടോർ ഇന്ത്യ തീരുമാനിച്ചത്.
എൻജിനിൽ നിന്നുള്ള പ്രകമ്പനങ്ങളുടെ ഫലമായി ഫ്യുവൽ ടാങ്ക് ബ്രാക്കറ്റ് തെന്നി നീങ്ങാനുള്ള സാധ്യത അപകടത്തിലേക്കു നയിക്കുമെന്നാണു കമ്പനിയുടെ നിഗമനം. പ്രകമ്പനമേറിയ ടാങ്കിൽ വിള്ളൽ വീഴുന്നത് ഇന്ധനം ചോരാൻ വഴി തെളിക്കും.
മഴയും മഞ്ഞും മൂലം തുരുമ്പെടുക്കാൻ സാധ്യതയുള്ള പവർ സ്വിച്ചാണു ബൈക്കിൽ യമഹ തിരിച്ചറിയുന്ന മറ്റൊരു പ്രശ്ന സാധ്യത. സ്വിച് തുരുമ്പെടുക്കുന്നതോടെ എൻജിൻ പ്രവർത്തിപ്പിക്കാനാവാത്ത സാഹചര്യമുണ്ടാവുമെന്ന് യമഹ വിലയിരുത്തുന്നു. സുരക്ഷാകാര്യങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്ന കാരണത്താലാണു ലോക വ്യാപകമായി തന്നെ ‘വൈ സെഡ് എഫ് — ആർ ത്രീ’ ബൈക്കുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ യമഹ തീരുമാനിച്ചത്.
മികച്ച പ്രകടനം പുറത്തെടുക്കാൻ പ്രാപ്തിയുള്ള, പൂർണ ഫെയറിങ്ങുള്ള ബൈക്കായ ‘വൈ സെഡ് എഫ് — ആർ ത്രീ’ ഇന്ത്യയിലും മികച്ച വിജയമായിരുന്നെന്നാണ് യമഹയുടെ അവകാശവാദം. 2015ൽ ഇന്ത്യൻ നിരത്തിലെത്തിയ ബൈക്കിന്റെ ഫ്യുവൽ ടാങ്ക് ബ്രാക്കറ്റിലും മെയിൻ സ്വിച്ച് സബ് അസംബ്ലിയിലും പാളിച്ച കണ്ടെത്തിയ സാഹചര്യത്തിൽ ഈ ഭാഗങ്ങൾ യമഹ ഡീലർമാർ മുഖേന സൗജന്യമായി മാറ്റി നൽകുമെന്നും കമ്പനി വ്യക്തമാക്കുന്നു.നിർമാണ തകരാറുള്ള യന്ത്രഭാഗങ്ങൾ മാറ്റി നൽകുന്ന പരിപാടി ഉടൻ ആരംഭിക്കും. പരിശോധന ആവശ്യമുള്ള വാഹനങ്ങളുടെ ഉടമകളെ നേരിട്ടു വിവരം അറിയിക്കുമെന്നാണു കമ്പനിയുടെ വാഗ്ദാനം.
ഇന്ത്യയിൽ കെ ടി എം ‘ആർ സി 390’, കാവസാക്കി ‘നിൻജ 300’ തുടങ്ങിയവയോടാണ് യമഹ ‘ആർ ത്രീ’ മത്സരിക്കുന്നത്. ബൈക്കിലെ 321 സി സി, ഇരട്ട സിലിണ്ടർ എൻജിന് പരാമവധി 41 ബി എച്ച് പി വരെ കരുത്തും 29.5 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ആറു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ. ആഗോളതലത്തിൽ എ ബി എസോടെയാണു ബൈക്ക് വിൽപ്പനയ്ക്കെത്തുന്നതെങ്കിലും ഇന്ത്യയിൽ ലഭിക്കുന്ന മോഡലിൽ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനമില്ല.