Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർ 15 എൻജിനുമായി യമഹയുടെ ‘സൂപ്പർ’ സ്കൂട്ടർ

yamaha-nmax-125 Yamaha NMAX 125, Representative Image

ശേഷിയേറിയ എൻജിൻ ഘടിപ്പിച്ച സ്കൂട്ടർ അവതരിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കളായ യമഹ ഒരുങ്ങുന്നു. യമഹയിൽ നിന്നുള്ള പുത്തൻ ഗീയർരഹിത സ്കൂട്ടറിന് ‘എൻ മാക്സ്’എന്നാണു പേര്. പ്രകടനക്ഷമതയേറിയ ബൈക്കായ ‘ആർ വൺ ഫൈവി’ൽ നിന്നു കടമെടുത്ത 155 സി സി, ലിക്വിഡ് കൂൾഡ് എൻജിനാവും മാക്സി സ്കൂട്ടറായ ‘എൻ മാക്സി’നു കരുത്തേകുക. നിലവിൽ യമഹയ്ക്ക് 125, 150 സി സി സ്കൂട്ടർ വിഭാഗങ്ങളിൽ സാന്നിധ്യമില്ല. 150 സി സി വിഭാഗത്തിൽ ‘എൻ മാക്സു’മായി പടയ്ക്കിറങ്ങുന്നതോടെ 125 സി സി വിഭാഗത്തെ ഒഴിവാക്കാനാണു യമഹയുടെ നീക്കം. അതേസമയം ഹീറോ മോട്ടോ കോർപാവട്ടെ 125 സി സി വിഭാഗത്തിൽ അടുത്തയിടെ ‘ഡെസ്റ്റിനി’ എന്ന പേരിൽ പുതിയ ഗീയർരഹിത സ്കൂട്ടറും അവതരിപ്പിച്ചിരുന്നു.

കാഴ്ചയിൽ മാക്സി സ്കൂട്ടർ രൂപത്തിലായതിനാൽ ഇന്ത്യയിൽ സുസുക്കിയുടെ ‘ബർഗ്മാൻ’ ആവും ‘എൻ മാക്സി’ന് എതിരാളി; എന്നാൽ ‘ബർഗ്മാനു’ കരുത്തേകുന്നത് 125 സി സി എൻജിനും ‘എൻ മാക്സി’ലേത് 150 സി സി എൻജിനുമാണെന്ന വ്യത്യാസമുണ്ട്. യമഹയുടെ സ്കൂട്ടറിലെ 155 സി സി, ലിക്വിഡ് കൂൾഡ്, നാലു വാൽവ് എൻജിന് 14.8 പി എസ് വരെ കരുത്തും 14.4 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. അതേസമയം ഇന്ത്യൻ വിപണിയിൽ കൂടുതൽ ഇന്ധനക്ഷമത ഉറപ്പാക്കാൻ യമഹ എൻജിൻ റീട്യൂൺ ചെയ്തു കരുത്തിൽ വിട്ടുവീഴ്ച ചെയ്യാനുള്ള സാധ്യതയും തള്ളാനാവില്ല.

ഒപ്പം എൽ ഇ ഡി ലൈറ്റുകൾ, വലിയ വിൻഡസ്ക്രീൻ സഹിതം ഡിജിറ്റൽ ഇൻസ്ട്രമെന്റ് കൺസോൾ, വിഭജിച്ച ഫ്ളോർബോഡ്, നീളമേറിയ സ്റെപ് അപ് സീറ്റ് തുടങ്ങിയവയും സ്കൂട്ടറിലുണ്ടാവും. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾക്കൊപ്പം കേന്ദ്ര സർക്കാർ വ്യവസ്ഥ പാലിച്ച് ആന്റി ലോക്ക് ബ്രേക്ക് സംവിധാനവും സ്കൂട്ടറിലുണ്ടാവും. 

‘എൻ മാക്സി’ന്റെ വില സംബന്ധിച്ചു സൂചനയൊന്നുമില്ല; പക്ഷേ എൻജിൻ ശേഷിയും സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ പരിഗണിക്കുമ്പോൾ സ്കൂട്ടറിന് ഒരു ലക്ഷം രൂപയോളം വില പ്രതീക്ഷിക്കാം. ഫിലിപ്പൈൻസിൽ 1.50 ലക്ഷം രൂപയ്ക്കാണു യമഹ ‘എൻ മാക്സ്’ വിൽക്കുന്നത്. പ്രാദേശിക നിർമിത ഘടകങ്ങളുടെ വിഹിതം ഉയർത്തിയും ചില സൗകര്യങ്ങളും സംവിധാനങ്ങളും ഒഴിവാക്കിയുമൊക്കെ ‘എൻ മാക്സ്’ വില നിയന്ത്രിക്കാൻ യമഹ ശ്രമിച്ചേക്കും. എങ്കിലും ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്ന ഏറ്റവും വിലയേറിയ സ്കൂട്ടർ പെരുമയോടെയാവും ‘എൻ മാക്സി’ന്റെ വരവ്.