ജാപ്പനീസ് നിർമാതാക്കളായ യമഹയുടെ നേക്കഡ് സ്ട്രീറ്റ്ഫൈറ്റായ ‘എം ടി — 15’ 2019 പതിപ്പ് ഇന്ത്യയിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നു. ഫെയറിങ്ങുള്ള സ്പോർട്സ് ബൈക്കായ ‘ആർ വൺ ഫൈവി’ന്റെ നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ പതിപ്പായ ‘എം ടി — 15’ മിക്കവാറും അടുത്ത 21ന് ബെംഗളൂരുവിൽ അരങ്ങേറ്റം കുറിക്കുമെന്നാണു സൂചന.
‘ആർ വൺ ഫൈവ് വെർഷൻ 3.0’ ബൈക്കിൽ നിന്നു കടമെടുത്ത യന്ത്രഘടകങ്ങളാണ് ‘എം ടി — 15’ ബൈക്കിലേറെയും. ‘ആർ വൺ ഫൈവി’ലെ 155 സി സി എൻജിൻ തന്നെയാണ് ‘എം ടി — 15’നു കരുത്തേകുക; എന്നാൽ എൻജിന്റെ ട്യൂണിങ് സംബന്ധിച്ചു വ്യക്തതയില്ല. ഫ്യുവൽ ഇഞ്ചക്ഷനോടെ എത്തുന്ന ഈ എൻജിൻ ‘ആർ വൺ ഫൈവി’ൽ 19 ബി എച്ച് പിയോളം കരുത്തും 15 എൻ എം ടോർക്കുമാണ് സൃഷ്ടിക്കുക. ഈ എൻജിനൊപ്പം ആറു സ്പീഡ് ഗീയർബോക്സാണ് ‘ആർ വൺ ഫൈവി’ലുള്ളത്. അസിസ്റ്റ് ഫംക്ഷനോടെ സ്ലിപ്പർ ക്ലച്ചും ‘ആർ വൺ ഫൈവി’ലുണ്ട്. ഈ ട്രാൻസ്മിഷനും സ്ലിപ്പർ ക്ലച്ചുമൊക്കെ മാറ്റമൊന്നുമില്ലാതെ ‘എം ടി — 15’ നിലനിർത്തിയേക്കും.
അതേസമയം ‘2019 എം ടി — 15’ എത്തുക മുന്നിൽ സാധാരണ ഫോർക്കോടെയാവുമെന്നാണു സൂചന; രാജ്യാന്തര വിപണികളിൽ ഇൻവെർട്ടഡ് ഫോർക്കോടെയാണ് ‘എം ടി — 15’ ലഭിക്കുക. പിന്നിൽ ‘ആർ വൺ ഫൈവി’ലെ പോലെ മോണോ ഷോക്കാവും സസ്പെൻഷൻ. കൂടാതെ മുൻ പിൻ ഡിസ്ക് ബ്രേക്കുകളും പ്രതീക്ഷിക്കാം. നിയമപരമായ നിർബന്ധം കൂടിയാവുമെന്നതിനാൽ ബൈക്കിൽ ആന്റി ലോക്ക് ബ്രേക്ക് സംവിധാനവും ഉണ്ടാവും.
ഭാവിയിലേക്കുള്ള രൂപകൽപ്പനയുടെ പിൻബലത്തോടെയെത്തുന്ന ബൈക്കിന്റെ വില സംബന്ധിച്ച സൂചനയൊന്നും യമഹ നൽകിയിട്ടില്ല. ഡൽഹിയിൽ 1.27 ലക്ഷം രൂപയാണ് ‘ആർ വൺ ഫൈവി’നു വില; അതുകൊണ്ടുതന്നെ, നേക്കഡ് വിഭാഗത്തിൽ പെടുന്ന ‘എം ടി — 15’ അതിലും കുറഞ്ഞ വിലയ്ക്കു വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ.