Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബി എസ് മൂന്ന് സ്റ്റോക്ക് മുഴുവൻ വിറ്റെന്നു ഹീറോ

hero-motocorp

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് മൂന്ന് (ബി എസ് മൂന്ന്) നിലവാരമുള്ള ഇരുചക്രവാഹനങ്ങൾ ഏറെക്കുറെ പൂർണമായി വിറ്റഴിച്ചെന്നു ഹീറോ മോട്ടോ കോർപ്. ബി എസ് നാല് നിലവാരത്തിൽ താഴെയുള്ള വാഹനങ്ങളുടെ റജിസ്ട്രേഷനു സുപ്രീം കോടതി വിലക്കേർപ്പെടുത്തിയ ഏപ്രിൽ ഒന്നിനു മുമ്പു തന്നെ പഴയ മോഡൽ വാഹനങ്ങൾ വിറ്റഴിക്കാനായെന്നും രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് വ്യക്തമാക്കി. പഴയ സ്റ്റോക്ക് വിറ്റഴിക്കാൻ തകർപ്പൻ വിലക്കിഴിവും കമ്പനി വാഗ്ദാനം ചെയ്തിരുന്നു; ബി എസ് മൂന്ന് എൻജിനുള്ള സ്കൂട്ടറുകളും മോട്ടോർ സൈക്കിളുകളും 12,500 രൂപ വരെ ഇളവോടെയാണു കമ്പനി മാർച്ച് 31നുള്ളിൽ വിറ്റുതീർത്തത്. 

ഡീലർമാരുടെ കൂടി സഹകരണത്തോടെയായിരുന്നു ബി എസ് മൂന്ന് മോഡൽ സ്റ്റോക്ക് വിറ്റഴിക്കൽ വിൽപ്പനയെന്നും ഹീറോ മോട്ടോ കോർപ് ചെയർമാനും മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ പവൻ മുഞ്ജൾ വിശദീകരിച്ചു. മാർച്ച് 31നുള്ളിൽ ലഭ്യമായിരുന്ന ബി എസ് മൂന്ന് സ്റ്റോക്ക് ഏറെക്കുറെ പൂർണമായി തന്നെ വിറ്റൊഴിവാക്കാൻ കഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു. പങ്കാളികളുടെ നഷ്ടം കഴിയുന്നത്രെ കുറയ്ക്കാൻ കമ്പനി ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം വിലയിരുത്തി.  കഴിഞ്ഞ മാസം ഒന്നു മുതൽ ഭാരത് സ്റ്റേജ് നാല് നിലവാരമുള്ള വാഹനങ്ങൾ മാത്രമാണു കമ്പനി നിർമിക്കുന്നതെന്നും മുഞ്ജാൾ വെളിപ്പെടുത്തി. അതുകൊണ്ടുതന്നെ സുപ്രീം കോടതി വിധി പാലിച്ച് ഏപ്രിൽ ഒന്നു മുതൽ പുതിയ നിലവാരമുള്ള വാഹനങ്ങൾ മാത്രം വിൽപ്പനയ്ക്കെത്തിക്കാൻ കമ്പനിക്കു ബുദ്ധിമുട്ടില്ല. പൊതുജനാരോഗ്യം മുൻനിർത്തി കോടതി സ്വീകരിച്ച തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. 

അതേസമയം ബി എസ് മൂന്ന് സ്റ്റോക്ക് സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കാൻ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) തയാറായില്ല.  ചെന്നൈ ആസ്ഥാനമായ ടി വി എസ് മോട്ടോർ കമ്പനിയും ഈ വിഷയത്തിൽ പ്രതികരിച്ചില്ല; എങ്കിലും ബി എസ് മൂന്ന് നിലവാരമുള്ള വാഹനങ്ങൾ ടി വി എസ് ഡീലർമാർ വിറ്റൊഴിവാക്കിയെന്നാണു വിപണി വൃത്തങ്ങളുടെ വിലയിരുത്തൽ. ബി എസ് മൂന്ന് എൻജിനുള്ള വാഹനങ്ങൾക്ക് എച്ച് എം എസ് ഐ 22,000 രൂപ വരെയും ടി വി എസ് 20,150 രൂപ വരെയും വിലക്കിഴിവ് വാഗ്ദാനം ചെയ്തിരുന്നു.