Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെട്ടിക്കിടക്കുന്ന ബി എസ് മൂന്ന് സ്റ്റോക്ക് എന്തു ചെയ്യും?

vehicle-Pollution

രാജ്യത്തെ പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ ഭാരത് സ്റ്റേജ് മൂന്ന് (ബി എസ് മൂന്ന്) നിലവാരമുള്ള വാഹനങ്ങളുടെ റജിസ്ട്രേഷനു സുപ്രീം കോടതി ഏപ്രിൽ ഒന്നു മുതൽ സമ്പൂർണ വിലക്ക് ഏർപ്പെടുത്തി. ഇതോടെ ബി എസ് മൂന്ന് എൻജിനുള്ള കാറും ബൈക്കുമൊന്നും രാജ്യത്തൊരിടത്തും പുതുതായി റജിസ്റ്റർ ചെയ്തു നിരത്തിലിറക്കാനാവാത്ത സ്ഥിതിയായി. ഈ സാഹചര്യത്തിൽ നിർമാതാക്കളുടെ പക്കലും ഡീലർഷിപ്പുകളിലുമൊക്കെയുള്ള ബി എസ് മൂന്ന് വാഹനങ്ങളുടെ ഗതി എന്താവും? രാജ്യത്തെ വാഹന നിർമാതാക്കളുടെ സൊസൈറ്റി(സയാം)യുടെ കണക്കനുസരിച്ച് വിവിധ വിഭാഗങ്ങളിലായി ഭാരത് സ്റ്റേജ് മൂന്ന് നിലവാരമുള്ള 8.24 ലക്ഷത്തോളം വാഹനങ്ങൾ രാജ്യത്ത് അവശേഷിക്കുന്നുണ്ട്.

ബി എസ് മൂന്ന് വാഹനങ്ങളുടെ റജിസ്ട്രേഷൻ തന്നെ സുപ്രീം കോടതി വിലക്കിയ പശ്ചാത്തലത്തിൽ ഇവയൊന്നും ഇനി ഇന്ത്യയിൽ വിൽക്കാനാവില്ല. പകരം മലിനീകരണ നിയന്ത്രണ വ്യവസ്ഥകൾ കർക്കശമല്ലാത്ത വിദേശ വിപണികളിലേക്ക് ഈ വാഹനങ്ങൾ കയറ്റുമതി ചെയ്യുന്ന കാര്യം വിവിധ കമ്പനികൾക്ക് ആലോചിക്കാം. ആഭ്യന്തരമായി നിർമിച്ചവ മാത്രമല്ല, വിദേശത്തു നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്കും സുപ്രീം കോടതി ഉത്തരവ് പ്രകാരം ബി എസ് നാല് നിലവാരം നിർബന്ധമാണ്. അതിനാൽ നിർദിഷ്ട നിലവാരമില്ലാത്ത വാഹനങ്ങൾ വിദേശത്തേക്കു കയറ്റുമതി ചെയ്തശേഷം ഇന്ത്യയിൽ തിരിച്ചെത്തിച്ചു വിൽപ്പന നടത്താമെന്ന പ്രതീക്ഷയും വേണ്ട. 

നിലവിൽ ബി എസ് മൂന്ന് നിലവാരമുള്ളവയുടെ എൻജിൻ മാറ്റി ബി എസ് നാല് നിലവാരത്തിലേക്ക് ഉയർത്തുകയാണു മറ്റൊരു സാധ്യത. സാങ്കേതികമായി ഏറെ സങ്കീർണവും ചെലവേറിയതുമാണ് ഈ പ്രക്രിയയെന്നു വിവിധ നിർമാതാക്കൾ വാദിക്കുന്നു. നിർമിച്ചു പോയ ബി എസ് മൂന്ന് വാഹനം ഇന്ത്യയിൽതന്നെ വിൽക്കണമെങ്കിൽ ഈ ‘ഹൃദയ മാറ്റ’ ശസ്ത്രക്രിയയല്ലാതെ തൽക്കാലം മറ്റു മാർഗമില്ല. 

നിർമിച്ചു കഴിഞ്ഞ വാഹനങ്ങളിലെ എൻജിൻ പൊളിച്ചു സ്പെയർപാർട്സ് രൂപത്തിലാക്കി വിൽപ്പന നടത്തുകയാണ് അവശേഷിക്കുന്ന മറ്റൊരു സാധ്യത. മികച്ച വിൽപ്പനയുള്ള വാഹന നിർമാതാക്കളെ സംബന്ധിച്ചിടത്തോളം അത്യാകർഷകമായ മേഖലയാണു സ്പെയർപാർട്സ് വ്യാപാരം. ബി എസ് മൂന്ന് നിലവാരമുള്ള വാഹനങ്ങൾ ധാരാളമായി നിരത്തിലുണ്ടെങ്കിൽ അവയുടെ യന്ത്രഘടകങ്ങൾക്കും ആവശ്യക്കാരേറും. അതുകൊണ്ടുതന്നെ വിറ്റു പോകാതെ കെട്ടിക്കിടക്കുന്ന വാഹനങ്ങളെ സ്പെയർപാർട്സുകളാക്കി രൂപാന്തരപ്പെടുത്തി നഷ്ടം ഒഴിവാക്കാനും കമ്പനികൾക്ക് അവസരമുണ്ട്.

Your Rating: