ഫാൽക്കൻ ടയേഴ്സ് സ്വന്തമാക്കാൻ മത്സരം ശക്തം

പ്രവർത്തനരഹിതമായ ഫാൽക്കൺ ടയേഴ്സ് സ്വന്തമാക്കാൻ പ്രമുഖ ടയർ നിർമാതാക്കളായ അപ്പോളൊ ടയേഴ്സും  ജെ കെ ടയേഴ്സും സീയറ്റ് ടയേഴ്സും രംഗത്ത്. പാപ്പരത്തം സംബന്ധിച്ചു പ്രാബല്യത്തിലെത്തിയ പുതിയ നിയമങ്ങളുടെ അടിസ്ഥാനത്തിൽ വായ്പ കുടിശിക തിരിച്ചുപിടിക്കാൻ നടത്തുന്ന ആദ്യ വൻശ്രമമാണു ഫാൽക്കൺ ടയേഴ്സ് വിൽപ്പന. 

വിവിധ ധനകാര്യ സ്ഥാപനങ്ങളായി നിലനിന്ന ഫാൽക്കൺ ടയേഴ്സിന്റെ കിട്ടാക്കടം ഇപ്പോൾ എഡെൽവൈസ് അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി(എ ആർ സി)യുടെ പക്കലാണ്. കിട്ടാക്കടം തിരിച്ചുപിടിക്കാൻ ബാങ്ക്റപ്സി ആൻഡ് ഇൻസോൾവൻസി നിയമപ്രകാരം ഫാൽക്കൻ ടയേഴ്സിന്റെ ആസ്തികൾ വിറ്റഴിക്കാൻ അനുമതി തേടി കഴിഞ്ഞ ആഴ്ചയാണ് എഡെൽവൈസ് അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി നാഷനൽ കമ്പനി ലോ ട്രൈബ്യൂണലി(എൻ സി എൽ ടി)യെ സമീപിച്ചത്. 

അര ഡസനോളം സ്ഥാപനങ്ങൾ ഫാൽക്കൺ ടയേഴ്സ് ആസ്തികളിൽ താൽപര്യം പ്രകടിപ്പിച്ചു രംഗത്തുണ്ടെന്നാണു സൂചന. മത്സരം ശക്തമായതിനാൽ ആസ്തി വിൽപ്പന വഴിയുള്ള വരുമാനം 600 — 700 കോടി രൂപ ഉയർന്നേക്കാമെന്നാണു കണക്ക്. ഫാൽക്കൺ ടയേഴ്സിനുള്ള ബിഡ്ഡുകൾ വിലയിരുത്താൻ ഡിലോയിറ്റിനെയാണു നിയോഗിച്ചിരിക്കുന്നത്. 

അതേസമയം ഫാൽക്കൺ ടയേഴ്സ് ഏറ്റെടുക്കാനുള്ള ശ്രമത്തെപ്പറ്റി പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് അപ്പോളൊ ടയേഴ്സും ജെ കെ ടയേഴ്സും ആർ പി ജി ഗ്രൂപ്പിൽപെട്ട സീയറ്റ് ടയേഴ്സും. ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്സി കോഡ് പ്രകാരമുള്ള നടപടികൾ ആരംഭിച്ചതായി എഡെൽവൈസ് എ ആർ സി ചീഫ് എക്സിക്യൂട്ടീവ് സിബി ആന്റണി സ്ഥിരീകരിച്ചു; പക്ഷേ ബിഡ്ഡുകൾ സമർപ്പിച്ചവർ ആരൊക്കെയെന്ന് അദ്ദേഹം വെളിപ്പടുത്തിയില്ല. നടപടിക്രമങ്ങൾ ആരംഭിച്ചിട്ടേ ഉള്ളൂവെന്നും അനുവദിച്ചിട്ട സമയപരിധിയായ 180 ദിവസത്തിനകം ഫാൽക്കൺ ടയേഴ്സ് ഇടപാട് പൂർത്തിയാക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.