Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊറിയയിലെ കുമൊ ടയറിനായി അപ്പോളൊയും

apollo-tyres

ദക്ഷിണ കൊറിയയിലെ ടയർ നിർമാതാക്കളിൽ രണ്ടാം സ്ഥാനത്തുള്ള കുമൊ ടയറിനെ സ്വന്തമാക്കാൻ അപ്പോളൊ ടയേഴ്സ് സജീവമായി രംഗത്ത്. ചൈനയിൽ നിന്നുള്ള എതിരാളികളായ ഷാങ്ഡൊങ് ലിങ്ലോങ് ടയറും ചൈന കെമ്മുമാണ് നിലവിൽ അപ്പോളൊ ടയേഴ്സിന് ശക്തമായ വെല്ലുവിളിയുമായി രംഗത്തുള്ളത്. കൊറിയൻ ടയർ നിർമാതാക്കളെ സ്വന്തമാക്കാൻ 90 കോടിയോളം ഡോളർ (ഏകദേശം 6087.15 കോടി രൂപ) മുടക്കേണ്ടി വരുമെന്നാണു വിലയിരുത്തൽ. അപ്പോളൊയ്ക്കും ചൈനീസ് എതിരാളികൾക്കും പുറമെ ഫ്രഞ്ച് ടയർ നിർമാതാക്കളായ മിഷ്ലിനും കുമൊ ടയേഴ്സിനെ സ്വന്തമാക്കാൻ സജീവമായി രംഗത്തുണ്ടെന്നാണു സൂചന. എതിർപ്പുകളെ അതിജീവിച്ചു കുമൊയെ ഏറ്റെടുക്കാൻ സാധിച്ചാൽ യുഎസിലും യൂറോപ്പിലും ശക്തമായ സാന്നിധ്യത്തോടെ ആഗോള ടയർ നിർമാണ മേഖലയിൽ ഏഴാം സ്ഥാനത്തെത്താൻ അപ്പോളൊ ടയേഴ്സിനു സാധിക്കും.

രണ്ടു വർഷം മുമ്പ് യു എസിലെ കൂപ്പർ ടയർ നിർമാതാക്കളെ ഏറ്റെടുക്കാൻ അപ്പോളൊ ടയേഴ്സ് നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. 250 കോടി ഡോളറി(ഏകദേശം 16908.74 കോടി രൂപ)നായിരുന്നു കൂപ്പർ ടയറിന്റെ കൈമാറ്റം. വായ്പ കുടിശിക വരുത്തിയതിനെ തുടർന്നു ധനകാര്യ സ്ഥാപനങ്ങൾ ഏറ്റെടുത്ത കുമൊ ടയറിന്റെ നിയന്ത്രണാധികാരത്തോടെ 42% ഓഹരികൾ വിൽക്കാനുള്ള നടപടികളാണ് അന്തിമ ഘട്ടത്തോടടുക്കുന്നത്. വായ്പ നൽകിയവർക്കു വേണ്ടി ക്രെഡിറ്റ് സ്വിസ് ആണു ലേല നടപടികൾ കൈകാര്യം ചെയ്യുന്നത്. വൂരി ബാങ്കിന്റെ പക്കലും (14.2%) കൊറിയ ഡവല്മെന്റ് ബാങ്കിന്റെ കൈവശവും(13.5%) കെ ബി കൂക്മെൻ ബാങ്കി(4.2%)ന്റെ ഉടമസ്ഥതയിലുമുള്ള കുമൊ ടയർ ഓഹരികളാണു വിറ്റഴിക്കുന്നത്. മത്സരം വിജയിച്ചാൽ കുമൊ ടയർ ഏറ്റെടുക്കാനുള്ള പണം കണ്ടെത്താൻ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കുകളുമായി അപ്പോളൊ ടയേഴ്സ് ചർച്ച തുടങ്ങിക്കഴിഞ്ഞു. അതിനിടെ ഓഹരികൾക്കുള്ള ബിഡ് സമർപ്പിക്കാനുള്ള അവസാന തീയതി കുമൊ ബോർഡ് ഓഫ് ഡയറക്ടേഴ്സ് വെള്ളിയാഴ്ച വരെ ദീർഘിപ്പിച്ചു.

നേരത്തെ തിങ്കളാഴ്ചയായിരുന്നു ബിഡ് സമർപ്പണത്തിനുള്ള അവസാന തീയതി. തുടക്കത്തിൽ ജർമനിയിൽ നിന്നുള്ള കോണ്ടിനന്റൽ എ ജി, യു എസിലെ ഗുഡ്ഇയർ ടയർ, ജപ്പാനിലെ യോകൊഹാമ തുടങ്ങിയ നിർമാതാക്കളും കുമൊ ടയറിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് പിൻമാറി. കുമൊ ടയറിനായുള്ള മത്സരത്തിൽ ചൈനീസ് നിർമാതാക്കൾ ശക്തമായ വെല്ലുവിളി ഉയർത്തുമെന്നാണു വിപണിയുടെ വിലയിരുത്തൽ. 2015ൽ 770 കോടി ഡോളർ(ഏകദേശം 52078.91 കോടി രൂപ) മുടക്കി ചൈനകെം ഇറ്റാലിയൻ ടയർ ബ്രാൻഡായ പിരേലിയെ സ്വന്തമാക്കിയിരുന്നു. ആഗോളതലത്തിൽ നിന്നുള്ള വെല്ലുവിളി അതിജീവിച്ചായിരുന്നു ചൈന കെമ്മിന്റെ ഈ നേട്ടം.  

Your Rating: