Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളശാലകൾ സാധാരണ നിലയിലെന്ന് അപ്പോളൊ

apollo-tyres

പ്രളയ ദുരന്തത്തിലകപ്പെട്ട കേരളത്തിലെ ടയർ നിർമാണശാലകളുടെ പ്രവർത്തനം സാധാരണ നിലയിലായെന്ന് അപ്പോളൊ ടയേഴ്സ്. പ്രകൃതി ക്ഷോഭത്തെ തുടർന്ന് തൃശൂർ ജില്ലയിലെ പേരാമ്പ്ര, എറണാകുളം ജില്ലയിലെ കളമശേരി ശാലകളുടെ പ്രവർത്തനമാണ് തടസ്സപ്പെട്ടത്. തുടർന്ന് 3,000 ടൺ ഉൽപ്പാദനനഷ്ടം നേരിട്ടെന്നും കമ്പനി അറിയിച്ചിരുന്നു. പ്രളയത്തെ  തുടർന്നു ഗതാഗതസംവിധാനങ്ങൾ തടസ്സപ്പെട്ടതോടെ ജീവനക്കാർക്ക് പ്ലാന്റിലെത്താനാവാതെ പോയതാണ് ഉൽപ്പാദനനഷ്ടം സൃഷ്ടിച്ചതെന്നും അപ്പോളൊ ടയേഴ്സ് വിശദീകരിച്ചു.

എന്നാൽ പ്രളയജലം ഇറങ്ങിയതോടെ കേരള ശാലകളുടെ പ്രവർത്തനം പൂർവസ്ഥിതിയിലായെന്ന് അപ്പോളൊ ടയേഴ്സ് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു.  പ്രളയത്തെ തുടർന്ന് യന്ത്രസാമഗ്രികൾക്കോ വസ്തുവകകൾക്കോ കേടുപാടൊന്നും സംഭവിച്ചിട്ടില്ല; ജീവനക്കാരും പൂർണമായും സുരക്ഷിതരാണ്. എന്നാൽ ഇരുശാലകളിൽ നിന്നുമുള്ള ടയർ ഉൽപ്പാദനത്തിൽ 3,000 ടണ്ണോളം നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഈ വർഷത്തെ പ്രവർത്തനത്തെയോ ലാഭക്ഷമതയെയോ ഉൽപ്പാദനനഷ്ടം കാര്യമായി ബാധിക്കില്ലെന്നും കമ്പനി പ്രതീക്ഷ പ്രകടിപ്പിച്ചു.  മാത്രമല്ല, പ്രകൃതി ക്ഷോഭം മൂലമുള്ള ഉൽപ്പാദനനഷ്ടം മറികടക്കാൻ ആവശ്യമായ ഇൻഷുറൻസ് പോളിസികൾ കമ്പനിക്കുണ്ടെന്നും അപ്പോളൊ ടയേഴ്സ് വ്യക്തമാക്കി.