ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിനു സമീപം അപ്പോളൊ ടയേഴ്സ് സ്ഥാപിക്കുന്ന ടയർ നിർമാണശാല അടുത്ത വർഷം തുടക്കത്തിൽ പ്രവർത്തനക്ഷമമാവും. ബുഡാപെസ്റ്റിൽ നിന്ന് 100 കിലോമീറ്റോളമകലെ ഗ്യോഗ്യോഷാലാസിൽ 47.5 കോടി യൂറോ(ഏകദേശം 3458 കോടി രൂപ) ചെലവിൽ നിർമാണം പുരോഗമിക്കുന്ന ശാലയുടെ വാർഷിക ഉൽപ്പാദന ശേഷി 62 ലക്ഷത്തോളം ടയറുകളാണ്. യൂറോപ്യൻ വിപണികൾ ലക്ഷ്യമിട്ട് കാർ ടയറുകളും ഭാര വാണിജ്യ വാഹന ടയറുകളുമാണു കമ്പനി ഹംഗറിയിൽ ഉൽപ്പാദിപ്പിക്കുക. യൂറോപ്യൻ കമ്പനി സ്ഥാപിക്കുന്ന ഗ്രീൻഫീൽഡ് ശാലയുടെ നിർമാണം 2015 ഏപ്രിൽ 10ന് ആരംഭിച്ചതായും 2017ൽ ശാല പ്രവർത്തനക്ഷമാവുമെന്നും അപ്പോളൊ ടയേഴ്സ് (ഹംഗറി) കെ എഫ് ടി പ്രോജക്ട് കൺട്രോളറും മേധാവിയുമായ അമിതാഭ് ആര്യ അറിയിച്ചു. പൂർണമായും പുതിയതെന്ന നിലയിൽ ഗ്രീൻഫീൽഡ് വ്യവസ്ഥയിൽ യൂറോപ്പിൽ സ്ഥാപിക്കുന്ന ഏറ്റവും വലിയ ടയർ നിർമാണശാലയാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു.
വിലയിൽ മത്സരക്ഷമത കൈവരിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യൻ ടയർ നിർമാതാക്കളിൽ രണ്ടാം സ്ഥാനത്തുള്ള അപ്പോളൊ ടയേഴ്സ് ഹംഗറിയിൽ പുതിയ പ്ലാന്റ് പരിഗണിച്ചത്; യൂറോപ്പിനൊപ്പം യു എസ് വിപണി കൂടി ലക്ഷ്യമിട്ടായിരുന്നു പുതിയ ശാലയുടെ പിറവി. ഒപ്പം ഫോക്സ്വാഗൻ, ഡെയ്മ്ലർ, സുസുക്കി മോട്ടോർ കോർപറേഷൻ തുടങ്ങിയ നിർമാതാക്കളുടെ യൂറോപ്യൻ ശാലകളോടുള്ള സാമീപ്യവും അപ്പോളൊ ടയേഴ്സിന്റെ തീരുമാനം ഹംഗറിക്ക് അനുകൂലമാക്കി.ഹംഗറിയിലെ അത്യാധുനിക ശാലയ്ക്കു പ്രതിവർഷം 55 ലക്ഷം കാർ, ലൈറ്റ് ട്രക്ക്(പി സി എൽ ടി) ടയറുകൾ ഉൽപ്പാദിപ്പിക്കാനാവും. ഒപ്പം 6.75 ലക്ഷത്തോളം ഭാര വാണിജ്യ വാഹന(എച്ച് സി വി) ടയറുകളും ഈ ശാലയിൽ നിന്നു പുറത്തെത്തും.
‘അപ്പോളൊ’യ്ക്കു പുറമെ ‘റെഡ്സ്റ്റീൻ’ ശ്രേണിയിലെ ടയറുകളും ശാലയിൽ നിർമിക്കാൻ കമ്പനിക്കു പദ്ധതിയുണ്ട്. അപ്പോളൊ ടയേഴ്സ് ലിമിറ്റഡിന്റെ ഭാഗമായ അപ്പോളൊ റെഡ്സ്റ്റീൻ ബി വി യുടെ ആസ്ഥാനം നെതർലൻഡ്സിലെ എൻഷെഡിലാണ്. യൂറോപ്പിനു പുറമെ നോർത്ത് അമേരിക്കയിലും ഈ ബ്രാൻഡിലുള്ള ടയറുകൾ വിൽപ്പനയ്ക്കെത്തുന്നുണ്ട്. ഓംകാർ എസ് കൺവറിന്റെ നേതത്വത്തിലുള്ള അപ്പോളൊ ടയേഴ്സിന്റെ ആസ്ഥാനം ഹരിയാനയിലെ ഗുഡ്ഗാവിലാണ്. 1972ൽ സ്ഥാപിതമായതു മുതൽ ടയർ നിർമാണ, വിപണന, വിൽപ്പന മേഖലകളിലാണു കമ്പനിയുടെ പ്രവർത്തനം.