രാജ്യത്ത് ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കാനുള്ള പദ്ധതി സംബന്ധിച്ച പ്രാഥമിക തർക്കത്തിനു വിരാമമാവുന്നു. മുംബൈയിൽ നിന്ന് അഹമ്മദബാദിലേക്കുള്ള ബുള്ളറ്റ് ട്രെയിൻ സർവീസിന്റെ ആദ്യ സ്റ്റേഷനെ ചൊല്ലിയുള്ള തർക്കമാണ് പരിഹരിക്കപ്പെട്ടത്. മുംബൈയിലെ ബാന്ദ്ര കുർല കോംപ്ലക്സിലെ ഭൂഗർഭ സ്റ്റേഷനിൽ നിന്നു സർവീസ് തുടങ്ങുന്ന ബുള്ളറ്റ് ട്രെയിൻ കടലിനടിയിലെ തുരങ്കത്തിലൂടെ 21 കിലോമീറ്റർ യാത്ര ചെയ്തശേഷം താണെയിൽ ഭൗമോപരിതലത്തിലെത്തി ഓട്ടം തുടരാനായിരുന്നു പദ്ധതി.
എന്നാൽ ആദ്യ സ്റ്റേഷൻ സ്ഥാപിക്കേണ്ട സ്ഥലത്തിന്റെ ഉടമകളായ മുംബൈ മെട്രോപൊലിറ്റൻ മേഖല വികസന അതോറിട്ടിയാണു തർക്കവുമായി രംഗത്തെത്തിയത്. സ്റ്റേഷൻ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം സാമ്പത്തിക സേവന കേന്ദ്രത്തിനായി നീക്കിവച്ചതാണെന്നായിരുന്നു അതോറിട്ടിയുടെ വാദം. തർക്കം നീണ്ടതോടെയാണു പുതിയ ആശയവുമായി റയിൽവേ മന്ത്രാലയം രംഗത്തെത്തിയത്: ബുള്ളറ്റ് ട്രെയിനിനായി ഭൂഗർഭ സ്റ്റേഷനും അതിനു മുകളിലായി സാമ്പത്തിക സേവന കേന്ദ്രവുമെന്നതാണു റയിൽവേയുടെ നിർദേശം.
ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങുന്നതോടെ അഹമ്മദബാദ് — മുംബൈ യാത്രാസമയം രണ്ടു മണിക്കൂറായി കുറയുമെന്നാണു പ്രതീക്ഷ; നിലവിൽ ഏഴു മണിക്കൂർ കൊണ്ടാണ് സാധാരണ ട്രെയിനുകൾ ഈ ദൂരം പിന്നിടുന്നത്. 508 കിലോമീറ്റർ ദൂരത്തിനിടെ ബുള്ളറ്റ് ടെയിനിനായി 12 സ്റ്റേഷനുകളാണു സ്ഥാപിക്കുക; ഇതിൽ നാലെണ്ണം മഹാരാഷ്ട്രയിലും ബാക്കി ഗുജറാത്തിലുമാവും. ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് 97,636 കോടി രൂപയാണു നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 80 ശതമാനവും വായ്പയായി നൽകാമെന്നു ജപ്പാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിൽ ബുള്ളറ്റ് ട്രെയിൻ ട്രാക്കിനുള്ള തൂണുകൾ സ്ഥാപിക്കേണ്ട സ്ഥലം നിർണയിക്കാനുള്ള സർവേ പുരോഗതിയിലാണ്. 2018ൽ തുടങ്ങുന്ന ബുള്ളറ്റ് ട്രെയിൻ ട്രാക്ക് നിർമാണം അഞ്ചു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്.