രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്നാണ് രാജ്യത്തിന്റെ സ്വപ്ന പദ്ധതിക്ക് തറക്കല്ലിടുന്നത്. മോദിയുടെ നാടായ ഗുജറാത്തിലെ അഹമ്മദാബാദിലാണു സ്വപ്നപദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങ്. മുംബൈ-അഹമ്മദാബാദ് മേഖലകളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ പാത 2023ല്‍ പൂര്‍ത്തിയാക്കാനാണു ഉദ്ദേശിക്കുന്നത്.
∙ ചിലവ് 1.10 ലക്ഷം കോടി
രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ മുതല്‍ അഹമ്മദാബാദ് വരെയുള്ള 508 കി.മീ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് 1.10 ലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ചിലവിന്റെ 81 ശതമാനം ജപ്പാനാണ് വഹിക്കുക. വര്‍ഷം 0.1 ശതമാനം പലിശ നിരക്കില്‍ ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി നടത്തുന്ന നിക്ഷേപത്തിന്റെ തിരിച്ചടയ്ക്കൽ കാലവധി 50 വർഷമാണ്.
∙ 508 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ 12 സ്റ്റേഷൻ
മുംബൈ മുതല്‍ അഹമ്മദാബാദ് 508 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ 12 സ്റ്റേഷനുകളാണുള്ളത്. ഇതില്‍ എട്ടെണ്ണം ഗുജറാത്തിലും ആറെണ്ണം മഹാരാഷ്ട്രയിലുമാണ്. മുംബൈയിലെ ബാന്ദ്ര കുർല കോംപ്ലക്സിലെ ഭൂഗർഭ സ്റ്റേഷനിൽ നിന്നു സർവീസ് തുടങ്ങുന്ന ബുള്ളറ്റ് ട്രെയിൻ തുരങ്കത്തിലൂടെ 21 കിലോമീറ്റർ യാത്ര ചെയ്തശേഷം താനെയിൽ ഭൗമോപരിതലത്തിലെത്തി ഓട്ടം തുടരാനാണു പദ്ധതി.
∙ രാജ്യത്തെ ഏറ്റവും വലിയ തുരങ്കം, കടലിനടിയിലൂടെയുള്ള യാത്ര
കുർല കോംപ്ലക്സിലെ ഭൂഗർഭ സ്റ്റേഷനിൽ നിന്നു സർവീസ് തുടങ്ങുന്ന ബുള്ളറ്റ് ട്രെയിൻ തുരങ്കത്തിലൂടെ 21 കിലോമീറ്റർ യാത്ര ചെയ്യും. ഇതിൽ ഏഴ് കിലോമീറ്റർ കടലിന് അടിയിലൂടെയായിരിക്കും.
∙ രണ്ടു മണിക്കൂറിൽ മുംബൈയിൽ എത്താം
നിലവിൽ മുംബൈയില്‍നിന്ന് അഹമ്മദാബാദിലേക്കുള്ള ട്രെയിനുകളുടെ യാത്രാദൂരം ഏഴു മണിക്കൂറാണ്. പദ്ധതി യാഥാർഥ്യമായാൽ യാത്രാസമയം രണ്ടു മണിക്കൂറായി കുറയും.
∙ മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗം
മണിക്കൂറിൽ 320 കിലോമീറ്ററായിരിക്കും ട്രെയിന്റെ പരമാവധി വേഗം. 12 സ്റ്റേഷനുകളിൽ നിർത്തിയാലും ശരാശരി 250 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
∙ രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിൻ
നിലവിൽ ഇന്ത്യയിലെ ഏറ്റവും വേഗത്തിലോടുന്ന ട്രെയിനെക്കാൾ രണ്ടിരട്ടി വേഗത്തിലായിരിക്കും ബുള്ളറ്റ് ട്രെയിൻ സഞ്ചരിക്കുക.
∙ ആദ്യ ഓട്ടം 2022 ൽ
പദ്ധതി പൂര്‍ത്തീകരിക്കാന്‍ 2023 വരെയാണ് സമയപരിധിയെങ്കിലും ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനമായ 2022 ഓഗസ്റ്റ് 15 മുതല്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
∙ മെയ്ക് ഇൻ ഇന്ത്യ
ആദ്യഘട്ടത്തില്‍ സര്‍വ്വീസ് നടത്താനായി 24 ഹൈ-സ്പീഡ് ട്രെയിനുകള്‍ ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്യുമെങ്കിലും രണ്ടാം ഘട്ടപദ്ധതി മുതല്‍ ട്രെയിനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്.
∙ 750 യാത്രക്കാർ
ഒരു ടെയിനിൽ 750 യാത്രക്കാർക്ക് വരെയാണ് കയറാൻ സാധിക്കുക. ദിവസവും ഒന്നിലധികം യാത്രകള്‍ നടത്താനാണ് പദ്ധതിയിടുന്നത്.
∙ 15 ലക്ഷം തൊഴിലവസരങ്ങള്‍
പദ്ധതി ഏകദേശം 15 ലക്ഷം തൊഴിലവസരങ്ങള്‍ ഇന്ത്യൻ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.