മിലേനിയൽസ് എന്ന പേരിൽ അറിയപ്പെടുന്ന 2000 ത്തിന് ശേഷം ജനിച്ച യുവാക്കൾക്കായി എസ് യു വി കൺസെപ്റ്റുമായി ടൊയോട്ട. എഫ്ടി 4 എക്സ് (ഫ്യൂട്ടർ ടൊയോട്ട ഫോർ വീൽ ഡ്രൈവ് ക്രോസ്‌ഓവർ) എന്നു പേരിട്ടിരിക്കുന്ന അർബൻ കണ്‍സെപ്റ്റ് ന്യൂയോർക്ക് മോട്ടർഷോയിലാണ് കമ്പനി പ്രദർശിപ്പിച്ചത്.
ബോക്സി ഡിസൈനും യുവാക്കൾക്കിണങ്ങുന്ന സ്റ്റൈലുമായാണ് കൺസെപ്റ്റ് എത്തിയിരിക്കുന്നത്. ഇൻബിൽഡായ ഗോപ്രോ ക്യാമറ, എടുത്തുമാറ്റാവുന്നതും മാറ്റിയിടാവുന്നതുമായ പാനലുകൾ, ഉപഭോക്താവിന് ആവശ്യത്തിന് അനുസരിച്ച് വരുത്താവുന്ന കസ്റ്റമൈസേഷനുകൾ എന്നിവ കൺസെപ്റ്റിന്റെ പ്രത്യേകതകളാണ്.
ടൊയോട്ടയുടെ പുതിയ സി പ്ലാറ്റ്ഫോമിലാണ് കൺസെപ്റ്റിന്റെ നിർമാണം. സ്റ്റൈൽ വർദ്ധിപ്പിക്കുന്നതിനായി 18 ഇഞ്ച് അലോയ് വീലുകൾ ഘടിപ്പിച്ചിരിക്കുന്നു. എൻജിനെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കപ്പാസിറ്റി കുറഞ്ഞ എൻജിനാകും ഉപയോഗിക്കുക. നാല് വീൽ ഡ്രൈവ് മോഡുള്ള വാഹനത്തിന് ടൊയോട്ടയുടെ അടുത്ത തലമുറ ഡിസൈനാണ് എന്നാണ് കമ്പനി പറയുന്നത്.