ഒരു കോടി രൂപ വിലക്കുറവിൽ റോൾസ് റോയ്സ്

Rolls Royce Phantom

യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പുറത്തുവന്നതിൽ ഇനി സന്തോഷിക്കുക ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവർ മാത്രമായിരിക്കില്ല ഇന്ത്യയിലെ പ്രമീയം കാർ ഉപഭോക്താക്കളും കൂടിയായിരിക്കും. ഇരുപതു ലക്ഷം മുതൽ ഒരു കോടി രൂപ വരെ വിലക്കുറവാണ് ബ്രിട്ടീഷ് വാഹന നിർമാതാക്കൾ നൽകുന്നത്. ടാറ്റയുടെ  ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹനനിര്‍മാതാക്കളായ റേഞ്ച് റോവർ ഇന്ത്യയില്‍ വിൽ‌ക്കുന്ന (ഇറക്കുമതി ചെയ്തതും, തദ്ദേശീയമായി അസംബിൾ ചെയ്യുന്നതുമായ) വിവിധ മോഡലുകളുടെ വില 3 മുതൽ  50 ലക്ഷം വരെ കുറച്ചതിന് പിന്നാലെ റോള്‍സ് റോയ്‌സ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍ തുടങ്ങിയ വാഹന നിർമാതാക്കളും വന്‍ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നു.

‌‌ഏകദേശം ഇരുപത് ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വിലക്കുറവിലാണ് ഇന്ത്യയിൽ ഈ വാഹന നിർമാതാക്കളുടെ വാഹനങ്ങൾ ലഭിക്കുക. യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൺ പുറത്തു വന്നതിന് ശേഷം പൗണ്ടിന്റെ മൂല്യം കുറഞ്ഞതാണ് വില ഇത്രയധികം കുറയാന്‍ കാരണം. റോൾസ് റോയിസ് ഫാന്റത്തിന്റെ വിലയാണ് ഏറ്റവും അധികം കുറച്ചത്. എകദേശം 9 കോടി രൂപ വില വരുന്ന ഫാന്റത്തിന്റെ ഉയർന്ന വകഭേദത്തിന്റെ വില ഒരു കോടിയിൽ അധികം കുറഞ്ഞ് 7.8 കോടി മുതൽ 8 കോടി വരെയെത്തി. കൂടാതെ റോള്‍സ് റോയ്‌സ് ഗോസ്റ്റിന്റെ വില 50 ലക്ഷവും കുറച്ചിട്ടുണ്ട്. 

ബോണ്ട് കാർ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി 11 മോഡലിന്റെ വില ഏകദേശം  20 രൂപ കുറഞ്ഞു. രണ്ട് കോടിക്ക് മുകളില്‍ വിലയുള്ള 200 വാഹനങ്ങളാണ് 2016-ല്‍ മാത്രം ഇന്ത്യയില്‍ വിറ്റഴിച്ചത്, ഇതില്‍ കൂടുതലും ബ്രിട്ടീഷ് നിര്‍മാതാക്കളുടേതായിരുന്നു. വാഹനങ്ങളുടെ വിലയിൽ വന്ന കുറവ്  വഴി ഈ വര്‍ഷം വില്‍പ്പന വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് നിർമാതാക്കൾ.