ഇന്ത്യൻ ആഡംബര കാർ വിപണിയിൽ ബ്രിട്ടിഷ് നിർമാതാക്കളുടെ തേരോട്ടം. യു കെയിൽ നിന്ന് ഇന്ത്യയിലേക്കുള്ള കാർ കയറ്റുമതി ഗണ്യമായി ഉയർന്നെന്നു യു കെ വാഹന വ്യവസായ മേഖലയിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. യു കെയിൽ നിന്ന് ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള കാർ കയറ്റുമതിയിൽ നിലവിൽ ഏഴാം സ്ഥാനത്താണ് ഇന്ത്യ. ഇക്കൊല്ലം ജനുവരി — ജൂൺ കാലത്ത് യു കെയിൽ നിന്നുള്ള പ്രീമിയം കാർ കയറ്റുമതിയിൽ 7.3% വർധനയാണു രേഖപ്പെടുത്തിയത്. അതേസമയം ഇന്ത്യൻ നിർമിത കാറുകളുടെ ബ്രിട്ടനിലെ വിൽപ്പനയാവട്ടെ 2016 ജനുവരി — ജൂൺ കാലത്തെ വിൽപ്പനയെ അപേക്ഷിച്ച് 48.6% വർധനയോടെ 21,135 യൂണിറ്റായി ഉയർന്നു.
ബ്രിട്ടനിൽ നിന്നുള്ള ആഡംബര കാറുകളിൽ ഇന്ത്യക്കാർക്കുള്ള ആകർഷണമേറുകയാണെന്നാണു വിൽപ്പന കണക്കുകൾ വ്യക്തമാക്കുന്നതെന്ന് യു കെയിലെ സൊസൈറ്റി ഓഫ് മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സ്(എസ് എം എം ടി) ചീഫ് എക്സിക്യൂട്ടീവ് മൈക്ക് ഹോസ് വിശദീകരിച്ചു. കഴിഞ്ഞ ജൂൺ വരെ ബ്രിട്ടനിൽ നിന്ന് 1,650 കാറുകളാണ് ഇന്ത്യയിലേക്കു കയറ്റുമതി ചെയ്തത്; ഇതോടെ യു കെയിൽ നിന്ന് ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള കാർ കയറ്റുമതിയിൽ 2016ലെ എട്ടാം സ്ഥാനത്തു നിന്ന് ഇന്ത്യ ഇക്കൊല്ലം ഏഴാം സ്ഥാനത്തേക്കു മുന്നേറി.
യു കെയിൽ നിർമിച്ച കാറുകളിൽ പകുതിയോളം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലാണു വിറ്റു പോയത്; കയറ്റുമതിക്കായി നിർമിച്ച കാറുകളിൽ 54.6 ശതമാനവും ഈ മേഖലയിലാണു വിറ്റത്. യു കെയിൽ നിന്നുള്ള കാർ കയറ്റുമതിയിൽ രണ്ടും മൂന്നും സ്ഥാനത്ത് ജർമനിയും ഇറ്റലിയുമാണ്.ഇക്കൊല്ലത്തിന്റെ ആദ്യ ആറു മാസക്കാലത്ത് 6,83,826 കാറുകളാണു ബ്രിട്ടൻ കയറ്റുമതി ചെയ്തത്; മുൻവർഷം ഇതേ കാലത്തെ അപേക്ഷിച്ച് 0.90% കുറവാണിത്. ബ്രിട്ടനിൽ ഉൽപ്പാദിപ്പിക്കുന്ന കാറുകളിൽ 80 ശതമാനത്തോളം കയറ്റുമതി ലക്ഷ്യമിട്ടാണ്; ആഗോളതലത്തിൽ നൂറ്റി അറുപതോളം രാജ്യങ്ങളിൽ ബ്രിട്ടീഷ് നിർമിത കാറുകൾ വിൽപ്പനയ്ക്കെത്തുന്നുണ്ട്. അതേസമയം, കഴിഞ്ഞ ജനുവരി — ജൂൺ കാലത്ത് ബ്രിട്ടനിൽ റജിസ്റ്റർ ചെയ്ത കാറുകളുടെ 85 ശതമാനത്തോളം ഇറക്കുമതി വഴി രാജ്യത്തെത്തിയവയായിരുന്നു. മൊത്തം ഇറക്കുമതിയിൽ 67 ശതമാനത്തോളം യൂറോപ്യൻ യൂണിയന്റെ സംഭാവനയുമായിരുന്നു.