മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്‍റെ (മുത്തൂറ്റ് ബ്ലൂ) ഭാഗമായ മുത്തൂറ്റ് മോട്ടേഴ്സ് ജീവനക്കാരനായ സജീഷ് കുമാറിന് ഗ്ലോബൽ ടെക്നീഷ്യൻ ഓഫ് ദ ഇയർ പുരസ്കാരം. 30 രാജ്യങ്ങളിൽ നിന്നുള്ള 16,000 ത്തിൽ അധികം വർക്ക്ഷോപ്പ് ജീവനക്കാർ പങ്കെടുത്ത മത്സരത്തിലാണ് സജീഷ് കുമാർ ജേതാവായത്. പവർട്രെയിൻ, ഇലക്ട്രിക്കൽ, പ്രവർത്തനം, ചാസിസ്, വിജ്ഞാനം എന്നീ അഞ്ചു മാനദണ്ഡങ്ങളിലാണ് മത്സരരാര്‍ഥികളുടെ സാങ്കേതിക ജ്ഞാനവും കഴിവും പരീക്ഷിച്ചത്. ഒരു വാഹത്തിന്‍റെ അറ്റകുറ്റപ്പണികൾ ഒരു മണിക്കൂറിനകം തീർക്കുക എന്ന അവസാന റൗണ്ട് കൂടി ഉൾപ്പെട്ടതായിരുന്നു മത്സരം. ജഗ്‍വാർ ലാൻഡ് റോവർ ശൃംഖലയിൽ നിന്നുള്ള ടെക്നീഷ്യൻമാർ പങ്കെടുക്കുന്ന വാർഷിക മത്സരമാണിത്. മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന ടൂൾ കിറ്റും ക്യാഷ് അവാർഡും 2019 ൽ നടക്കുന്ന റഗ്ബി ലോകകപ്പിന് ജപ്പാൻ സന്ദർശിക്കാനുള്ള അവസരവും അടങ്ങുന്ന സമ്മാനം സജീഷ് കുമാർ ഏറ്റുവാങ്ങി. സജീഷ് കുമാറിന്‍റെ സാങ്കേതിക ജ്ഞാനത്തെയും ഉയര്‍ന്ന കാര്യക്ഷമതയെയും വിധികർത്താക്കൾ പ്രത്യേകം പ്രശംസിച്ചു.
കമ്പനിക്കും രാഷ്ട്രത്തിനും വേണ്ടി സജീഷ് കുമാർ ഈ നേട്ടം സ്വന്തമാക്കിയത് അഭിമാനകരവും സന്തോഷകരവുമായ കാര്യമാണെന്ന് മുത്തൂറ്റ് മോട്ടേഴ്സ് എംഡിയും മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഡയറക്ടറുമായ തോമസ് മുത്തൂറ്റ് അഭിപ്രായപ്പെട്ടു. കൂടുതൽ വിജ്ഞാനവും വൈദഗ്ധ്യവും ഉപയോക്തൃ സംതൃപ്തിയും കൈവരിക്കാനുള്ള കമ്പനിയുടെ പ്രതിപത്തദ സൂചിപ്പിക്കുന്നതാണ് ഈ പുരസ്കാരമെന്നും അദ്ദേഹം അവകാശപ്പെട്ടു. കൂടുതൽ ജീവനക്കാർക്ക് ഇതു പ്രയോജനകരമാകുമെന്ന പ്രത്യാശയും തോമസ് മുത്തൂറ്റ് പ്രകടിപ്പിച്ചു.
മികച്ച 50 ടെക്നീഷ്യൻമാരാണ് അന്തിമ പുരസ്കാരങ്ങൾക്കായി മാറ്റുരച്ചത്. മത്സരാർഥിയുടെ വൈദഗ്ധ്യവും അറിവും അളക്കുന്നതുൾപ്പെടെയുള്ള വിവിധ തലങ്ങൾ അടങ്ങുന്ന ഓൺ –ഗ്രൗണ്ട് പരീക്ഷണത്തിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് വിജയികളെ നിശ്ചയിച്ചത്.