ഇന്ത്യയിൽ വൈദ്യുത വാഹന(ഇ വി)ങ്ങൾ അവതരിപ്പിക്കുന്ന കാര്യത്തിൽ ഇതുസംബന്ധിച്ച നയം പ്രഖ്യാപിച്ചശേഷം തീരുമാനമെടുക്കുമെന്നു ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ ജഗ്വാർ ലാൻഡ് റോവർ(ജെ എൽ ആർ). രാജ്യാന്തര വിപണികളിൽ ഇപ്പോൾ തന്നെ ജെ എൽ ആർ വൈദ്യുത മോഡലുകൾ വിൽക്കുന്നുണ്ട്. അതുപോലെ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം പുലർത്തുന്ന ഇന്ധനലഭ്യത വ്യാപകമായ ശേഷമാവും കമ്പനി ഈ നിലവാരമുള്ള വാഹനങ്ങൾ ഇന്ത്യയിൽ വിൽക്കുകയെന്നും ജെ എൽ ആർ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ രോഹിത് സൂരി വ്യക്തമാക്കി.
മലിനീകരണ നിയന്ത്രണത്തിൽ യൂറോ ആറ് നിലവാരം പാലിക്കുന്ന മോഡലുകൾ ഇപ്പോൾതന്നെ ജെ എൽ ആറിന്റെ പക്കലുണ്ട്. പക്ഷേ ഇവ എപ്പോൾ ഇന്ത്യയിൽ അവതരിപ്പിക്കണമെന്ന കാര്യത്തിലാണ് അന്തിമ തീരുമാനമാവാത്തതെന്നു സൂരി വിശദീകരിച്ചു. ഇത്തരം വിഷയങ്ങളിൽ സർക്കാർ നയങ്ങളാവും നിർണായകമാവുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ വൈദ്യുത വാഹന നയം ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല; അതുകൊണ്ടുതന്നെ നയത്തിൽ എന്താണുള്ളതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ജെ എൽ ആർ. നയത്തിന്റെ ഉള്ളടക്കം അനുസരിച്ചാവും ഇന്ത്യയിൽ വൈദ്യുത വാഹന വിപണനം സംബന്ധിച്ച തന്ത്രം രൂപപ്പെടുത്തുകയെന്നും സൂരി വ്യക്തമാക്കി. 2030 ആകുമ്പോഴേക്ക് പൊതു ഗതാഗത മേഖല പൂർണമായും വൈദ്യുതവൽക്കരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഒപ്പം വ്യക്തിഗത ഉപയോഗത്തിനുള്ളവയിൽ 40% എങ്കിലും വൈദ്യുത വാഹനങ്ങളാവണമെന്നും കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നു.
വൈദ്യുത വാഹന വിഭാഗത്തിൽ ധാരാളം മോഡലുകൾ വികസനഘട്ടത്തിലാണെന്നു ജെ എൽ ആർ ഇന്ത്യ മേധാവി അറിയിച്ചു. ഇക്കൊല്ലത്തെ ജനീവ മോട്ടോർ ഷോയിൽ ‘ജഗ്വാർ ഐ പേസ്’ അവതരണം നടക്കും. പൂർണ തോതിലുള്ള വൈദ്യുത വാഹനമായ ‘ഐ പേസി’നു പിന്നാലെ ഇത്തരത്തിലുള്ള കൂടുതൽ മോഡലുകൾ നിരത്തിലിറക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ഇത്തരം മോഡലുകൾ ഇന്ത്യയിലെത്തിക്കാൻ തിരക്കുകൂട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ബാറ്ററി ചാർജ് ചെയ്യാനുള്ള അടിസ്ഥാന സൗകര്യമൊരുക്കാതെ ഇത്തരം വൈദ്യുത വാഹനങ്ങൾ വിൽപ്പനയ്ക്കെത്തിക്കുന്നതിൽ അർഥമില്ല. ഇത്തരം നടപടി ഉപയോക്താക്കൾക്ക് അസൗകര്യമാവും സൃഷ്ടിക്കുകയെന്നും സൂരി അഭിപ്രായപ്പെട്ടു. പൂർണമായും ബാറ്ററിയിൽ ഓടുന്ന കാറുകൾ സ്വീകാര്യത നേടണമെങ്കിൽ ചാർജിങ് സൗകര്യം സുപ്രധാനമാണെന്നും അദ്ദേഹം വിലയിരുത്തി.