ഇറ്റാലിയൻ മോട്ടോർ സൈക്കിൾ നിർമാതാക്കളായ ഡ്യുകാറ്റിയെ വിറ്റൊഴിയാൻ യൂറോപ്പിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ ഫോക്സ്‌വാഗനു പദ്ധതി. യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ ഡീസൽ എൻജിനുകളിൽ കൃത്രിമം കാട്ടിയതിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു ഫോക്സ്‌വാഗൻ, ഡ്യുകാറ്റിയെ വിൽപ്പനയ്ക്കു വയ്ക്കുന്നതെന്നു പറയപ്പെടുന്നു. ചൈനീസ് നിർമാതാക്കളോ ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപോ ഡ്യുകാറ്റിയിൽ ആകൃഷ്ടരായി രംഗത്തെത്തുമെന്നാണു ഫോക്സ്‌വാഗന്റെ കണക്കുകൂട്ടൽ. അതല്ലെങ്കിൽ 2007ൽ ബ്രിട്ടീഷ് സ്പോർട്സ് കാർ നിർമാതാക്കളായ ആസ്റ്റൻ മാർട്ടിനെ സ്വന്തമാക്കിയ നിക്ഷേപ കൺസോർഷ്യം പോലുള്ളവരിലാണ് ഫോക്സ്‌വാഗനു പ്രതീക്ഷ.
‘ഡീസൽഗേറ്റ്’ വിവാദം സൃഷ്ടിച്ച ഗുരുതര സാമ്പത്തിക ആഘാതം മറികടക്കാനായി ഗ്രൂപ്പിന്റെ നിക്ഷേപ ശൈലിയിൽ വൻപൊളിച്ചെഴുത്തിനാണു ഫോക്സ്വാഗൻ തയാറെടുക്കുന്നത്. എല്ലാ മേഖലയിലും കർശന ചെലവു ചുരുക്കൽ നടപ്പാക്കുന്നതിനൊപ്പം കാർ നിർമാണ മേഖലയിൽ ആയിരക്കണക്കിനു തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാനും ഗ്രൂപ് തീരുമാനിച്ചിട്ടുണ്ട്. പരമ്പരാഗത കാറുകളുടെ നിർമാണത്തിൽ നിന്നകന്നു വൈദ്യുത കാർ നിർമാണ മേഖലയിലേക്കും പുത്തൻ മൊബിലിറ്റി സേവന രംഗത്തേക്കും പ്രവർത്തനം വ്യാപിപ്പിക്കാനും ഗ്രൂപ്പിനു പദ്ധതിയുണ്ട്.
ഈ സാഹചര്യത്തിലാണു ഡ്യുകാറ്റി വിൽപ്പനയ്ക്കായി ബ്രാൻഡിന്റെ മൂല്യനിർണയം നടത്താൻ ഫോക്സ്‌വാഗൻ ഇൻവെസ്റ്റ്മെന്റ് ബാങ്കർമാരായ എവർകോറിനെ സമീപിച്ചിരിക്കുന്നത്. ഗ്രൂപ്പിൽപെട്ട ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി 2012ൽ 93.50 കോടി ഡോളറി(5997 കോടി രൂപ)നാണ് ഡ്യുകാറ്റിയെ സ്വന്തമാക്കിയത്. ഡ്യുകാറ്റിയിൽ താൽപര്യമുള്ളവരുമായി നേരിട്ട് ആശയവിനിമയത്തിനും വുൾഫ്സ്ബർഗിലെ ഫോക്സ്‌വാഗൻ ഗ്രൂപ് ആസ്ഥാനം ശ്രമം തുടങ്ങിയെന്നാണു സൂചന. പലിശ, നികുതി, തേയ്മാനം, വായ്പ തിരിച്ചടവ്(ഇ ബി ഐ ടി ഡി എ) എന്നിവയ്ക്കു മുമ്പുള്ള ഡ്യുകാറ്റിയുടെ വാർഷിക വരുമാനം 10 കോടിയോളം യൂറോയാണ്; ഈ സാഹചര്യത്തിൽ കമ്പനിക്ക് 150 കോടി യൂറോ(10481.07 കോടി രൂപ) വരെ വില പ്രതീക്ഷിക്കാമെന്നാണു വിപണി വിദഗ്ധരുടെ പക്ഷം.