Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബൈക്കുകൾക്കു റഡാറുമായി ഡ്യുകാറ്റി

ducati-multistrada

കൂടുതൽ സുരക്ഷയ്ക്കായി മോട്ടോർ സൈക്കിളുകളിൽ റഡാർ സംവിധാനം വികസിപ്പിക്കുന്നുണ്ടെന്നു ഫോക്സ്വാഗൻ എ ജിയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ ഡ്യുകാറ്റി. യുദ്ധരംഗങ്ങളിൽ എതിരാളികളുടെ ഭീഷണി മുൻകൂട്ടി തിരിച്ചറിഞ്ഞു പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന റഡാറുകൾക്കു പകരം കൂട്ടിയിടിയും അപകടവും ഒഴിവാക്കാനുള്ള സുപ്രധാന വിവരങ്ങളാവും ഡ്യുകാറ്റിയുടെ അഡ്വാൻസ്ഡ് റൈഡർ അസിസ്റ്റൻസ് സിസ്റ്റം(എ ആർ എ എസ്) ലഭ്യമാക്കുക. റൈഡർക്കു റിയർവ്യൂ മിററിൽ ദൃശ്യമല്ലാത്ത ബ്ലൈൻഡ് സ്പോട്ടുകളെക്കുറിച്ചു കൃത്യതയാർന്ന വിവരം നൽകി അപകടങ്ങൾ കുറയ്ക്കാനാണു ഡ്യുകാറ്റി ലക്ഷ്യമിടുന്നത്. ഒപ്പം മുമ്പേ പോകുന്ന വാഹനത്തെ നിശ്ചിത അകലത്തിൽ പിന്തുടരാൻ അവസരമൊരുക്കുന്ന അഡാപ്റ്റീവ് ക്രൂസ് കൺട്രോളും റഡാർ സംവിധാനത്തിന്റെ ഭാഗമാവും. 

നിലവിൽ വികസനഘട്ടത്തിലുള്ള എ ആർ എ എസ് സംവിധാനത്തിലെ പിഴവുകളും പോരായ്മകളും പരിഹരിച്ച് 2020 മുതൽ ഉൽപ്പാദിപ്പിക്കുന്ന ബൈക്കുകളിൽ ഘടിപ്പിക്കാനാവുമെന്നാണു ഡ്യുകാറ്റിയുടെ പ്രതീക്ഷ. ടൂറിങ് വിഭാഗത്തിൽ ഇടംപിടിക്കുന്നതിനാൽ മിക്കവാറും ‘മൾട്ടിസ്ട്രാഡ’ ശ്രേണിയിലാവും ഡ്യുകാറ്റിയുടെ റഡാർ സംവിധാനം ആദ്യം രംഗപ്രവേശം ചെയ്യുകയെന്നാണു സൂചന.

‘സേഫ്റ്റി റോഡ് മാപ് 2025’ എന്ന പേരിൽ ഡ്യുകാറ്റി തയാറാക്കിയ സുരക്ഷാ പദ്ധതിയിലെ പ്രധാന ഭാഗമാണ് എ ആർ എ എസ്. ഇതിന്റെ തുടക്കമെന്ന നിലയിൽ ശ്രേണിയിലെ എല്ലാ ബൈക്കിലും ഡ്യുകാറ്റി കോണറിങ് എ ബി എസ് ഘടിപ്പിക്കുന്നുണ്ട്. സാധാരണ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം നേർരേഖയിലുള്ള യാത്രകളിൽ മാത്രമാണു കാര്യക്ഷമമായി പ്രവർത്തിക്കുക; എന്നാൽ ഇനേർഷ്യ മെഷർമെന്റ് യൂണിറ്റി(ഐ എം യു)വിന്റെ പിൻബലമുള്ളതിനാൽ വളവുകളിലും തിരിവുകളിലും കൂടി ഫലപ്രദമായി ഉപയോഗിക്കാമെന്നതാണു കോണറിങ് എ ബി എസിന്റെ സവിശേഷത. 

റൈഡറുമായി സംവദിക്കുന്ന എയർബാഗ് സഹിതമുള്ള ജാക്കറ്റ് 2014ൽ അവതരിപ്പിച്ച പാരമ്പര്യമുള്ള നിർമാതാക്കളാണു ഡ്യുകാറ്റി. റൈഡിങ് ഗീയർ നിർമാതാക്കളായ ഡൈനീസിന്റെ സഹകരണത്തോടെ വികസിപ്പിച്ച ജാക്കറ്റ് ‘മൾട്ടിസ്ട്രാഡ 1200 ഡി’യിലായിരുന്നു അരങ്ങേറ്റം കുറിച്ചത്. മോട്ടോർ സൈക്കിളിലും ജാക്കറ്റിലുമുള്ള സെൻസറുകൾ മുഖേന അപകടഘട്ടം തിരിച്ചറിഞ്ഞ് 45 മില്ലി സെക്കൻഡിനകം എയർബാഗ് സംവിധാനം പ്രവർത്തനക്ഷമമാക്കുന്നതായിരുന്നു ഡ്യുകാറ്റിയുടെ ഈ ആവിഷ്കാരം.