ലിതിയം അയോൺ ബാറ്ററിയോടെ കൈനറ്റിക് ഇ റിക്ഷ

അത്യാധുനിക ലിതിയം അയോൺ ബാറ്ററിയോടെ ആദ്യ വൈദ്യുത ത്രിചക്രവാഹന പുറത്തിറക്കാൻ ഫിറോദിയ ഗ്രൂപ് സംരംഭമായ കൈനറ്റിക് ഗ്രീൻ എനർജി ആൻഡ് പവർ സൊല്യൂഷൻസ് ലിമിറ്റഡ്(കെ ജി ഇ പി എസ് എൽ) തയാറെടുക്കുന്നു. മലിനീകരണ വിമുക്തമായ വാഹന മേഖലയിൽ വിപ്ലകരമായ മാറ്റം സൃഷ്ടിക്കാൻ ഈ പുത്തൻ സാങ്കേതികവിദ്യയ്ക്കു സാധിക്കുമെന്നാണു കമ്പനിയുടെ അവകാശവാദം.

ഓട്ടോറിക്ഷ അടക്കമുള്ള വൈദ്യുത ത്രിചക്രവാഹനങ്ങളിൽ നിലവിൽ ലെഡ് ആസിഡ് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ചാർജിങ്ങിന് 10 മണിക്കൂറിലേറെ സമയമെടുക്കുന്ന ഇത്തരം ബാറ്ററികൾക്കു ഭാരമേറുമെന്നതും അൽപായുസ്സാണെന്നതുമൊക്കെയാണു പ്രധാന പോരായ്മകൾ. ഇ റിക്ഷകളിലെ ബാറ്ററിയുടെ ഭാരം 120 കിലോഗ്രാമോളമാണ്; പോരെങ്കിൽ കാര്യക്ഷമത കുത്തനെ ഇടിയുന്നതിനാൽ വർഷം തോറും ഇവ മാറ്റേണ്ടി വരുമെന്ന പ്രശ്നവുമുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനായാണു കൈനറ്റിക് ഗ്രീൻ ലിതിയം അയോൺ ബാറ്ററികൾ വികസിപ്പിച്ചതും വൈദ്യുത റിക്ഷകളിൽ ഘടിപ്പിച്ചു പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയത്. 

ലിതിയം അയോൺ ബാറ്ററി വരുന്നതോടെ ഭാരം കുറയുകയും ഊർജസാന്ദ്രത വർധിക്കുകയും ചെയ്യുമെന്നതാണു പ്രധാന നേട്ടമെന്നു കൈനറ്റിക് ഗ്രീൻ വിശദീകരിക്കുന്നു. ഇതോടെ ഓരോ തവണ ചാർജ് ചെയ്യുമ്പോഴും കൂടുതൽ ദൂരം പിന്നിടാനും ഈ ബാറ്ററിക്കു കഴിയും. ഉദാഹരണത്തിന് 48 വോൾട്ട് — 80 എ എച്ച് ലെഡ് ആസിഡ് ബാറ്ററിക്ക് 120 കിലോഗ്രാം ഭാരമുള്ളപ്പോൾ ഇതേ ശേഷിയുള്ള ലിതിയം അയോൺ ബാറ്ററിയുടെ ഭാരം 35 കിലോഗ്രാം മാത്രമാണ്. അതുപോലെ ലെഡ് ആസിഡ് ബാറ്ററി ചാർജ് ആവാൻ എട്ടു മുതൽ 10 മണിക്കൂർ വരെയെടുക്കുമ്പോൾ ലിതിയം അയോൺ ബാറ്ററിക്ക് ഒന്നര മുതൽ മൂന്നു മണിക്കൂർ വരെ സമയം മതി. ലെഡ് ആസിഡ് ബാറ്ററിയുടെ ആയുസ് 360 സൈക്കിളിൽ ഒതുങ്ങുമ്പോൾ ലിതിയം അയോൺ ബാറ്ററിയുടേത് 1,500 — 3,000 സൈക്കിൾ വരെയാണ്. 

നിലവിൽ പരിശോധനാ ഘട്ടത്തിലുള്ള വാഹനം 30 ദിവസത്തിനകം പരീക്ഷണാടിസ്ഥാനത്തിൽ സർവീസിനെത്തുമെന്നാണു കൈനറ്റിക് ഗ്രീനിന്റെ വാഗ്ദാനം. ബാറ്ററി, ബാറ്ററി മാനേജ്മെന്റ് സിസ്റ്റം, ചാർജർ എന്നിവയടങ്ങിയ കിറ്റ് ഉപയോക്താക്കൾക്കു കൈമാറുമെന്നും കമ്പനി വ്യക്തമാക്കുന്നു. ലെഡ് ആസിഡ് ബാറ്ററിയെ അപേക്ഷിച്ച് ലിതിയം അയോൺ ബാറ്ററിക്ക് 55,000 — 60,000 രൂപ വരെ വിലയേറുമെങ്കിലും ദീർഘകാലം നിലനിൽക്കുമെന്നതിനാൽ ആദായകരമാവുമെന്നാണ് കൈനറ്റിക് ഗ്രീനിന്റെ പക്ഷം.