സ്വീഡിഷ് വൈദ്യുത വാഹന(ഇ വി) നിർമാതാക്കളായ ക്ലീൻ മോഷൻ ഇന്ത്യയിൽ ഒരു കോടി ഡോളർ(ഏകദേശം 66 കോടി രൂപ) നിക്ഷേപിക്കാൻ ഒരുങ്ങുന്നു. ‘സെഡ്ബീ’ ശ്രേണിയിലെ ത്രിചക്രവാഹനങ്ങൾക്കായി അസംബ്ലിങ് ശാല സ്ഥാപിക്കാനടക്കം അടുത്ത മൂന്നു വർഷത്തിനുള്ളിലാവും കമ്പനി ഈ നിക്ഷേപം നടത്തുക. ഗതാഗതക്കുരുക്കേറിയ നഗരങ്ങളിൽ അവസാന മൈൽ യാത്ര സാധ്യമാക്കുകയാണ് ബാറ്ററിയിൽ ഓടുന്ന ത്രിചക്രവാഹനമായ ‘സെഡ്ബീ’യുടെ ദൗത്യം. നിലവിൽ ഗുഡ്ഗാവിലെ സൈബർ സിറ്റിയിൽ ‘സെഡ്ബീ’ സേവനം ലഭ്യമാണ്. ഈ സേവനം വ്യാപിപ്പിക്കാനായി ബെംഗളൂരുവിലും മുംബൈയിലുമുള്ള മാൾ ഡവലപ്പർമാരുമായും ഹൈദരബാദിലെ പ്രത്യേക സാമ്പത്തിക മേഖല(സെസ്) ഓപ്പറേറ്റർമാരുമായും കമ്പനി ചർച്ച നടത്തുന്നുണ്ട്.
കൂടാതെ താജ് മഹൽ പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെയും ക്ലീൻ മോഷൻ നോട്ടമിടുന്നുണ്ട്; ബാറ്ററിയിൽ ഓടുന്ന ഇ റിക്ഷകളിൽ നിന്നു വ്യത്യസ്തമായി പ്രീമിയം സേവനം വാഗ്ദാനം ചെയ്യാനാണു കമ്പനിയുടെ പദ്ധതി. മൂന്നു വർഷത്തിനിടെ ഇന്ത്യയിൽ ഒരു കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്നു ക്ലീൻ മോഷൻ കൺട്രി ഹെഡ് അനിൽ അറോറയാണു പ്രഖ്യാപിച്ചത്. മൂന്നാം വർഷത്തിനൊടുവിൽ ഇന്ത്യയിൽ രണ്ടായിരത്തോളം ത്രിചക്രവാഹനങ്ങൾ അവരിപ്പിക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റാർട് അപ് സംരംഭകരെന്ന നിലയിൽ ഇപ്പോൾ തന്നെ കമ്പനി 10 ലക്ഷം ഡോളർ (ഏകദേശം 6.6 കോടി രൂപ) നിക്ഷേപിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ലിതിയം അയോൺ ബാറ്ററികളിൽ നിന്നാണു ക്ലീൻ മോഷന്റെ റിക്ഷകൾ ഊർജം നേടുന്നത്. മികച്ച രൂപകൽപ്പനയുടെയും പിൻബലമുള്ളതിനാൽ പ്രീമിയം വിഭാഗമാണു കമ്പനി നോട്ടമിടുന്നത്. വാടകയ്ക്കു പുറമെ പരസ്യങ്ങളിൽ നിന്നും സെഡ്ബീ ഗണ്യമായ വരുമാനം നേടുമെന്ന് അറോറ പ്രതീക്ഷ പ്രകടിപ്പിച്ചു.
രാജ്യത്ത് അവസാന മൈൽ കണ്ക്ടിവിറ്റിക്കു സാധ്യതയുള്ള ഇടങ്ങളിലെല്ലാം സാന്നിധ്യം ഉറപ്പിക്കാനാണു ക്ലീൻ മോഷന്റെ മോഹം. അതുകൊണ്ടുതന്നെ മാൾ, മെട്രോ, വിനോദ സഞ്ചാര കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളിലൊക്കെ സെഡ്ബീയെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രവർത്തനം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വാഹന ഉൽപ്പാദനം വർധിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ഫരീദബാദിലെ ശാലയിൽ പ്രതിദിനം രണ്ടു യൂണിറ്റ് നിർമിക്കുന്നത് വർഷാവസാനത്തോടെ നാലെണ്ണമാക്കി ഉയർത്താനാണു തീരുമാനം. ഒറ്റത്തവണ ചാർജ് ചെയ്താൽ 50 കിലോമീറ്റർ ഓടുന്ന ‘സെഡ്ബീ’ക്ക് മണിക്കൂറിൽ പരമാവധി 45 കിലോമീറ്റർ വരെ വേഗം കൈവരിക്കാനുമാവും. ഒപ്പം തന്ത്രപ്രധാന ഭാഗങ്ങൾ സ്വീഡനിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിനു പകരം പ്രാദേശികമായി സമാഹരിക്കാനും നീക്കമുണ്ട്. അതേസമയം ബോഡി ഷെൽ മലേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതു തുടരുമെന്നും അറോറ വ്യക്തമാക്കി.