ബാറ്ററിയിൽ ഓടുന്ന ഇരുചക്ര, ത്രിചക്രവാഹന നിർമാതാക്കളും ജാപ്പനീസ് കമ്പനിയുമായ ടെറ മോട്ടോഴ്സ് ഇ റിക്ഷകൾ കയറ്റുമതി ചെയ്യാൻ ഒരുങ്ങുന്നു. ഇത്തിയോപ്പിയ, നൈജീരിയ, ടാൻസാനിയ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിലേക്കായി 2016 — 17ൽ 5,000 ഇ റിക്ഷ കയറ്റുമതിച യ്യാനാണു കമ്പനിയുടെ പദ്ധതി. ജാപ്പനീസ് സാങ്കേതികവിദ്യയുടെ പിൻബലത്തോടെ ഇന്ത്യയിൽ നിർമിച്ച വൈദ്യുത റിക്ഷകളാവും കമ്പനി ആഫ്രിക്കൻ രാജ്യങ്ങളിലേക്കു കയറ്റുമതി നടത്തുക. പെട്രോളിന്റെയും ഡീസലിന്റെയും വിലകളിലെ നിരന്തര വർധന പരിഗണിച്ച് ഇന്ത്യയെ പോലെ ആഫ്രിക്കയും വൈദ്യുത വാഹനങ്ങളിലേക്കു ശ്രദ്ധ തിരിക്കുന്നുണ്ടെന്നു ടെറ മോട്ടോഴ്സ് സ്ഥാപകനും പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ടൊരു തൊകുഷിഗെ വിശദീകരിച്ചു. ഇതാദ്യമായാണു കമ്പനി ആഫ്രിക്കയിലേക്ക് വൈദ്യുതവാഹന കയറ്റുമതി നടത്തുന്നത്. ചെലവ് കുറച്ച് വാഹനം നിർമിക്കുന്നതിൽ ഇന്ത്യയ്ക്കുള്ള മികവ് പ്രയോജനപ്പെടുത്താനാണു ടെറ മോട്ടോഴ്സ് ശ്രമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ഹരിയാനയിലെ ഗുഡ്ഗാവിൽ സ്ഥാപിച്ച നിർമാണശാലയിലാണു ടെറ മോട്ടോഴ്സിന്റെ ഇ റിക്ഷകളുടെ ഉൽപ്പാദനം. നിലവിൽ ഇന്ത്യയിലെ 15 നഗരങ്ങളിൽ ‘ഇ റിക്ഷ’യായ ‘ആർ സിക്സ്’ വിൽപ്പനയ്ക്കെത്തുന്നുണ്ട്. ആകെ 150 കിലോഗ്രാം ഭാരമുള്ള 48 വോൾട്ട്, 100 എ എച്ച് ബാറ്ററി പായ്ക്കാണ് ‘ആർ സിക്സി’നു കരുത്തു പകരുക. പൂർണമായും ചാർജ് ചെയ്താൽ 100 കിലോമീറ്റർ പിന്നിടാൻ ഈ ബാറ്ററി പായ്ക്കിനു ശേഷിയുണ്ട്. മൊത്തം 278 കിലോഗ്രാം ഭാരമുള്ള ‘ഇ റിക്ഷ’യിൽ ഏഴു പേർക്കാണു യാത്രാസൗകര്യം. വിവിധതരം റിക്ഷകൾക്കു പഞ്ഞമില്ലെങ്കിലും ഇന്ത്യയിൽ ബാറ്ററിയിൽ ഓടുന്ന ‘ഇ റിക്ഷ’കൾ അപൂർവമാണ്. മൊത്തം ഒരു ലക്ഷത്തോളം ‘ഇ റിക്ഷ’കളാണ് ഇന്ത്യയിൽ നിലവിലുള്ളതെന്നാണ് ഏകദേശം കണക്ക്.