വാഹനങ്ങൾക്കുള്ള പ്ലാസ്റ്റിക് ഘടക നിർമാതാക്കളായ ഒ കെ പ്ലേ ഇന്ത്യ വൈദ്യുത റിക്ഷ(ഇ റിക്ഷ) അവതരിപ്പിക്കുന്നു. ‘ഇ രാജ’ എന്നു പേരിട്ട റിക്ഷകൾക്ക് ഡൽഹിയിൽ 1.15 ലക്ഷം മുതൽ 1.25 ലക്ഷം രൂപ വരെയാണു വില. ഹരിയാനയിലെ സോനയിലും തമിഴ്നാട്ടിലെ റാണിപെട്ടിലുമുള്ള ശാലകളിലാവും കമ്പനി ഇ റിക്ഷകൾ നിർമിക്കുക. ഇ റിക്ഷ നിർമാണസൗകര്യം ഏർപ്പെടുത്താൻ 40 കോടി രൂപയുടെ നിക്ഷേപമാണ് ഒ കെ പ്ലേ പരിഗണിക്കുന്നത്. പ്രതിവർഷം മൂന്നു ലക്ഷത്തോളം ഇ റിക്ഷകളാണ് ഇരുശാലകളിലുമായി നിർമിക്കാനാവുക. രാജ്യം പരിസര മലിനീകരണ വിമുക്തമായ യാത്രാമാർഗങ്ങൾ തേടുന്ന സാഹചര്യത്തിൽ ‘ഇ രാജ’ അവതരിപ്പിക്കുന്നതിൽ ആഹ്ലാദമുണ്ടെന്ന് ഒ കെ പ്ലേ ഇന്ത്യ മാനേജിങ് ഡയറക്ടർ രാജൻ ഹാൻഡ അഭിപ്രായപ്പെട്ടു.
ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ‘ഇ രാജ’ ഒരേ സമയം വിൽപ്പനയ്ക്കെത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ആഭ്യന്തരമായി വികസിപ്പിച്ചു രൂപകൽപ്പന ചെയ്ത ‘ഇ രാജ’യ്ക്ക് ഐ സി എ ടിയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. രണ്ടു വർഷം നീണ്ട ഗവേഷണ, വികസന പ്രവർത്തനങ്ങളുടെ ഫലമാണ് ഇ റിക്ഷയെന്നും അദ്ദേഹം വിശദീകരിച്ചു.രാജ്യത്ത് ഒരു കോടിയിലേറെ സൈക്കിൾ റിക്ഷകളും 75 ലക്ഷം ഓട്ടോറിക്ഷകളുമുണ്ടെന്നാണ് ഏകദേശ കണക്ക്. പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങളോട് ആഭിമുഖ്യമേറുന്നതോടെ ഇതിലേറെയും നിരത്തിൽ നിന്ന് ഒഴിവാക്കേണ്ടി വരും. ഈ സാഹചര്യത്തിൽ വൻ സാധ്യതയാണ് ഇ റിക്ഷകളെ കാത്തിരിക്കുന്നതെന്നു ഹാൻഡ് അവകാശപ്പെട്ടു. നിലവിൽ നിരത്തിലുള്ള പല ഇ റിക്ഷകളുടെയും ഘടകങ്ങൾ ചൈനീസ് നിർമിതാണ്; എന്നാൽ ‘ഇ രാജ’ പൂർണമായും ഇന്ത്യയിൽ നിർമിച്ചതാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
രണ്ടു പതിറ്റാണ്ടായി ഒ കെ പ്ലേ വാഹന നിർമാതാക്കൾക്ക് റോട്ടോ മോൾഡഡ് പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിർമിച്ചു നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉന്നത നിലവാരത്തിൽ നിർമിക്കാനുള്ള വൈദഗ്ധ്യവും കമ്പനിക്കു സ്വന്തമാണ്. അതിനാലാണ് ഇ റിക്ഷ നിർമിച്ച് വാഹന വ്യവാസയ രംഗത്തേക്കു കടന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.