ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണിയെന്ന പെരുമയിനി ഇന്ത്യയ്ക്കു സ്വന്തം. ചൈനയെ പിന്തള്ളിയാണ് ഇന്ത്യൻ ഇരുചക്രവാഹന വിപണി ഈ നേട്ടം സ്വന്തമാക്കിയത്. ഏതാനും വർഷമായി ചൈനയിലെ ഇരുചക്രവാഹന സ്ഥിരമായി ഇടിയുമ്പോൾ ഇന്ത്യൻ ഇരുചക്രവാഹന വിൽപ്പന ക്രമമായ വളർച്ച കൈവരിച്ചു മുന്നേറുകയായിരുന്നെന്ന് ഇന്ത്യൻ വാഹന നിർമാതാക്കളുടെ സൊസൈറ്റി(സയാം) വ്യക്തമാക്കുന്നു.
കഴിഞ്ഞ ജനുവരി — ഡിസംബർ കാലത്ത് 1.77 കോടി ഇരുചക്രവാഹനങ്ങളാണ് ഇന്ത്യയിൽ വിറ്റത്. 2016ൽ ചൈനയിലെ ഇരുചക്രവാഹന വിൽപ്പനയാവട്ടെ 1.68 കോടി യൂണിറ്റിലൊതുങ്ങി. ഇന്ത്യയിലെ സ്കൂട്ടർ വിൽപ്പന 50 ലക്ഷത്തോളം യൂണിറ്റായിരുന്നു; 100 — 110 സി സി എൻജിൻ ശേഷിയുള്ള കമ്യൂട്ടർ വിഭാഗം മോട്ടോർ സൈക്കിളുകളുടെ വിൽപ്പനയാവട്ടെ 65 ലക്ഷത്തോളമായിരുന്നു.
പല പ്രധാന നഗരങ്ങളിലും മോട്ടോർ സൈക്കിളുകൾക്ക് വിലക്ക് ഏർപ്പെടുത്തിയതാണു ചൈനീസ് ഇരുചക്രവാഹന വിപണിക്കു തിരിച്ചടിയായതെന്നാണു വിലയിരുത്തൽ. 2010 — 15 കാലഘട്ടത്തിൽ വിൽപ്പനയിൽ ക്രമമായ ഇടിവാണു ചൈനീസ് ഇരുചക്രവാഹന വിപണി കാഴ്ചവച്ചത്.
വർഷം | 2010 | 2011 | 2012 | 2013 | 2014 | 2015 |
ചൈനയിലെ ഇരുചക്രവാഹന വിൽപ്പന (ദശലക്ഷം യൂണിറ്റിൽ) |
27.51 | 27.22 | 26.37 | 25.75 | 26.95 | 24.56 |
ചൈനയിൽ 2010ൽ 2.751 കോടി ഇരുചക്രവാഹന ങ്ങൾ വിറ്റത് 2015 ആയപ്പോഴേക്ക് 2.456 കോടിയായി കുറഞ്ഞു.
ഇതേ കാലയളവിൽ ഇന്ത്യയിലെ ഇരുചക്രവാഹന വിൽപ്പനയിലാവട്ടെ ക്രമമായ വളർച്ചയാണു രേഖപ്പെടുത്തിയത്. 2011 — 12ൽ 1.340 കോടിയായിരുന്ന ഇരുചക്രവാഹന വിൽപ്പന 2016 — 17 സാമ്പത്തിക വർഷമെത്തുമ്പോൾ 1.767 കോടിയിലേക്ക് ഉയർന്നു.
വർഷം | 2011-12 | 2012-13 | 2013-14 | 2013-14 | 2015-16 | 2016-17 |
ഇന്ത്യയിലെ ഇരുചക്രവാഹന വിൽപ്പന (ദശലക്ഷം യൂണിറ്റിൽ) | 13.40 | 13.80 | 14.80 | 15.97 | 16.45 | 17.67 |
ആഭ്യന്തര വിപണിയിൽ നിലനിൽക്കുന്ന കർശന നിബന്ധനകളും മോട്ടോർ സൈക്കിൾ ഇറക്കുമതിക്കുള്ള പ്രതിബന്ധങ്ങളുമൊക്കെ ചൈനീസ് വിപണിയെ പിന്നോട്ടടിച്ചെന്നാണു വിലയിരുത്തൽ. മോട്ടോർ സൈക്കിൾ വിപണി പക്വതയാർജിക്കാത്തതിനാൽ പാശ്ചാത്യ രാജ്യങ്ങളെ പോലെ എൻജിൻ ശേഷിയേറിയ ബൈക്കുകളുടെ വിൽപ്പനയിലും കാര്യമായ വർധന കൈവരിക്കാന് ചൈനയ്ക്കു സാധിച്ചിട്ടില്ല. ഇതിനു പുറമെയാണു ചൈനയിലെ ഇരുനൂറോളം നഗരസഭകളിൽ മോട്ടോർ സൈക്കിളുകൾക്ക് ഏർപ്പെടുത്തിയ സമ്പൂർണ നിരോധനം; എൻജിൻശേഷിയും ഭാരവുമേറിയ ബൈക്കുകൾക്കാണു നഗരപരിധിയിൽ പ്രവേശിക്കാൻ വിലക്കുള്ളത്.
കൂടാതെ കുറഞ്ഞ വിലയ്ക്കു കാറുകൾ ലഭ്യമാണെന്നതും ചൈനയിൽ ഇരുചക്രവാഹന വിൽപ്പനയ്ക്കു തിരിച്ചടി സൃഷ്ടിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു. ഇന്ത്യയിലാവട്ടെ മോട്ടോർ സൈക്കിൾ വിൽപ്പനയ്ക്കും ഉപയോഗത്തിനുമൊന്നും വിലക്കുകൾ പ്രാബല്യത്തിലില്ല. കാറുകളുമായി വിലയിൽ നിലനിൽക്കുന്ന അന്തരവും സാഹചര്യം ഇരുചക്രവാഹനങ്ങൾക്ക് അനുകൂലമാക്കുന്നു.