നവരാത്രി ആഘോഷ വേളയിൽ തകർപ്പൻ നേട്ടം കൊയ്ത് ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ). ഈ ഉത്സവവേളയിൽ 10 ദിവസം കൊണ്ട് മൂന്നു ലക്ഷത്തിലേറെ യൂണിറ്റിന്റെ വിൽപ്പന നേടിയെന്നാണു കമ്പനിയുടെ അവകാശവാദം. 2014ലെ നവരാത്രിക്കാലത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 19% വർധന കൈവരിച്ചെന്നും എച്ച് എം എസ് ഐ അറിയിച്ചു. ഓഗസ്റ്റിൽ എച്ച് എം എസ് ഐ നേടിയ മൊത്തം വിൽപ്പന 3,73,169 യൂണിറ്റാണെന്നു കൂടി ഈ അവസരത്തിൽ ഓർക്കണം.
സ്കൂട്ടറുകളിൽ ‘ആക്ടീവ’യും മോട്ടോർ സൈക്കിളുകളിൽ ‘സി ബി ഷൈനു’മാണു ഹോണ്ടയ്ക്കായി പട നയിച്ചത്. 110 സി സി വിഭാഗത്തിലെ പുതിയ അവതരണമായ ‘ലിവൊ’യും 10 ദിവസം കൊണ്ട് പതിനായിരത്തിലേറെ യൂണിറ്റിന്റെ വിൽപ്പന നേടിയെന്ന് എച്ച് എം എസ് ഐ വെളിപ്പെടുത്തി. നവരാത്രി ആഘോഷവേളയിൽ ഒറ്റ ദിവസം 90,000 യൂണിറ്റ് വരെ വിൽക്കാനും കമ്പനിക്കായെന്നാണ് എച്ച് എം എസ് ഐയുടെ അവകാശവാദം.
ഉത്സവകാലം കേന്ദ്രീകരിച്ചുള്ള തന്ത്രങ്ങളും തയാറെടുപ്പുകളുമാണു ഹോണ്ടയ്ക്ക് നവരാത്രിക്കാലം ആഘോഷമാക്കിയതെന്ന് എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേറിയ അറിയിച്ചു. സ്കൂട്ടർ വിഭാഗത്തിൽ മേധാവിത്തം നിലനിർത്താൻ കഴിഞ്ഞതിനൊപ്പം മോട്ടോർ സൈക്കിളുകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായതു കമ്പനിക്ക് ഏറെ ആഹ്ലാദം പകരുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ‘ലിവൊ’ തിളക്കമുള്ള വിജയം കൊയ്തപ്പോൾ ‘സി ബി ഷൈൻ’, ‘ഡ്രീം യുഗ’ എന്നിവ മികച്ച വിൽപ്പന നിലനിർത്തി. കഴിഞ്ഞ വർഷം നവംബർ മുതൽ മോട്ടോർ സൈക്കിൾ വിൽപ്പനയിൽ നിലനിൽക്കുന്ന മാന്ദ്യത്തെ മറികടക്കാനും എച്ച് എം എസ് ഐയ്ക്കു സാധിച്ചതായി ഗുലേറിയ അവകാശപ്പെട്ടു. ഒപ്പം നവരാത്രി വരുന്നതിനാൽ ഉത്സവകാലത്തെ ആഘോഷങ്ങൾ അടുത്ത മാസവും തുടരുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.