അടുത്തയിടെ വിപണിയിലെത്തിയ രണ്ടു മോട്ടോർ സൈക്കിളുകളുടെ വില ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട വർധിപ്പിച്ചു. ‘സി ബി 160 ആർ ഹോണറ്റി’ന്റെ വിലയിൽ 3,000 രൂപയുടെ വരെയും ‘സി ബി ആർ 250 ആറി’ന്റെ വിലയിൽ 500 രൂപയുടെയും വർധനയാണു നിലവിൽ വന്നത്.
ഏതാനും മാസം മുമ്പാണ് ഇരു മോഡലുകളും ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയത്. രൂപകൽപ്പനയിലെ പരിഷ്കാരങ്ങൾക്കൊപ്പം സിംഗിൾ ചാനൽ എ ബി എസ് ലഭ്യമാക്കിയതും എൽ ഇ ഡി ഹെഡ്ലാംപും പുതിയ ഗ്രാഫിക്സുമൊക്കെയായിരുന്നു ‘ഹോണറ്റ് സി ബി 160 ആറി’ലെ പുതുമ. കൂടാതെ ബൈക്കിലെ എൻജിൻ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല്(ബി എസ് നാല്) നിലവാരം കൈവരിക്കുകയും ചെയ്തു.
എൻജിൻ ശേഷി കുറഞ്ഞ 100, 110 സി സി കമ്യൂട്ടർ മോട്ടോർ സൈക്കിളുകളിൽ നിന്നു മുന്നേറാൻ മോഹിക്കുന്നവരെയാണ് പ്രകടനക്ഷമതയേറിയ എൻട്രി ലവൽ ബൈക്കായ ‘ഹോണറ്റ് സി ബി 160 ആറി’ലൂടെ ഹോണ്ട നോട്ടമിടുന്നത്. 160 സി സി, ഫോർ സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എൻജിനാണു ബൈക്കിനു കരുത്തേകുന്നത്; 15.1 പി എസ് കരുത്തും 14.5 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. ഇരു വീലിലും ഡിസ്ക് ബ്രേക്കിനു പുറമെ മുന്തിയ വകഭേദത്തിൽ സിംഗിൾ ചാനൽ എ ബി എസുമുണ്ട്; മറ്റു പതിപ്പുകളിൽ കോംബി ബ്രേക്കിങ് സംവിധാനവും. സുസുക്കി ‘ജിക്സർ 160’, ടി വി എസ് ‘അപാച്ചെ ആർ ടി ആർ 160’ എന്നിവരാണു പ്രധാന എതിരാളികൾ.
കഴിഞ്ഞ വർഷം ഏപ്രിലിൽ മലിനീകരണ നിയന്ത്രണത്തിൽ പുത്തൻ നിലവാരം നടപ്പായതോടെ ഒറ്റ വർഷത്തോളം നീണ്ട ഇടവേളയ്ക്കൊടുവിലാണു സ്പോർട്സ് ടൂററായ ‘സി ബി ആർ 250 ആർ’ ഇന്ത്യയിൽ തിരിച്ചെത്തുന്നത്. ബി എസ് നാല് നിലവാരമുള്ള 250 സി സി, ഫോർ സ്ട്രോക്ക് ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനാണു ബൈക്കിലുള്ളത്. 8,500 ആർ പി എമ്മിൽ 26.5 പി എസ് കരുത്തും 7,000 ആർ പി എമ്മിൽ 22.9 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. ഇരു വീലിലും ഡിസ്ക് ബ്രേക്കുള്ള ബൈക്കിന്റെ മുന്തിയ വകഭേദത്തിൽ സിംഗിൾ ചാനൽ എ ബി എസുമുണ്ട്. ബജാജ് ‘ഡൊമിനർ 400’, മഹീന്ദ്ര ‘മോജൊ’ തുടങ്ങിയവയാണു‘സി ബി ആർ 250 ആറി’ന്റെ എതിരാളികൾ.
ഇരു ബൈക്കുകളുടെയും വിവിധ വകഭേദങ്ങളുടെ പുതുക്കിയ വില(ഡൽഹി ഷോറൂം) ഇപ്രകാരമാണ്:പഴയ വില ബ്രാക്കറ്റിൽ):
ഹോണറ്റ് 160 ആർ സ്റ്റാൻഡേഡ് — 85,234(84,675)
ഹോണറ്റ് 160 ആർ സി ബി എസ് — 90,175(89,734)
ഹോണറ്റ് 160 ആർ സ്റ്റാൻഡേഡ് എ ബി എസ് — 90,734 (90,175)
ഹോണറ്റ് 160 ആർ ഡീലക്സ് എ ബി എസ് — 93,234 (92,675)
സി ബി ആർ 250 ആർ നോൺ എ ബി എസ് — 1,64,143 (1,63,584)
സി ബി ആർ 250 എ ബി എസ് — 1,93,666 (1,93,107).