Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോണ്ട ഗുജറാത്ത് ശാല താൽക്കാലികമായി പൂട്ടി

honda-logo

സാങ്കേതിക കാരണങ്ങളെ തുടർന്നു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട സ്കൂട്ടർ മോട്ടോർ സൈക്കിൾസ് ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യുടെ ഗുജറാത്ത് ശാലയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി. അഹമ്മദബാദിൽ നിന്ന് 78 കിലോമീറ്ററകലെ വിത്തൽപൂരിൽ സ്ഥാപിച്ച ഹോണ്ട സ്കൂട്ടർ പ്ലാന്റിലെ ഉൽപ്പാദനമാണു താൽക്കാലികമായി നിർത്തിയത്. ശാല പ്രവർത്തനത്തിനു സാങ്കേതിക തടസ്സം നേരിട്ട കാര്യം ഹോണ്ട സ്ഥിരീകരിച്ചിട്ടുണ്ട്.

പ്ലാന്റിലെ കൺവെയർ ബെൽറ്റിനു തകരാർ സംഭവിച്ചതോടെയാണ് ഉൽപ്പാദനം നിർത്തിവയ്ക്കേണ്ടിവന്നതെന്നാണ് എച്ച് എം എസ് ഐയുടെ വിശദീകരണം. പ്ലാന്റിലെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്നും കമ്പനി വ്യക്തമാക്കുന്നു. തിങ്കളാഴ്ചയാണു വിത്തൽപൂർ സാലയിലെ കൺവെയർ ബെൽറ്റിൽ തകരാർ കണ്ടെത്തിയത്. തുടർന്ന് അറ്റകുറ്റപ്പണിക്കും കൺവെയർ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനുമായി ഉൽപ്പാദന ഷെഡ്യൂളിൽ ചില മാറ്റങ്ങൾ വരുത്തിയെന്നും എച്ച് എം എസ് ഐ അറിയിച്ചു.

അതിനിടെ വിത്തൽപൂർ ശാലയിലെ പെയ്ന്റ് ഷോപ് കെട്ടിടം ഇടിഞ്ഞുവീണ് മൂന്നു പേർ മരിച്ചതായി അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് വിത്തൽപൂർ പൊലീസ് സ്റ്റേഷനിലെ എസ് ഐ ശോഭന പർമാർ വ്യക്തമാക്കി. ഇത്തരത്തിലുള്ള വിവരം ലഭിച്ചയുടൻ പൊലീസ് സംഘം പ്ലാന്റിലെത്തി പരിശോധന നടത്തിയെന്നും അങ്ങനെയൊരു അപകടം നടന്നിട്ടില്ലെന്നും പർമാർ വിശദീകരിച്ചു. എന്തെങ്കിലും തരത്തിലുള്ള അപകടം സംഭവിക്കുകയോ ആർക്കെങ്കിലും പരുക്കോ ജീവഹാനിയോ നേരിടുകയോ ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.