വലിപ്പമേറിയതും കരുത്തുറ്റതുമായ സ്കൂട്ടറിലാണ് ഭാവി വിപണന സാധ്യതയെന്ന് ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യുടെ വിലയിരുത്തൽ. നിലവിൽ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം കൈവരിക്കാനുള്ള നടപടിക്രമങ്ങൾക്കാണു കമ്പനി പരിഗണന നൽകുന്നത്. 2020— 2021ൽ ഈ പരിവർത്തനം സുഗമമായി പൂർത്തിയാക്കുന്ന മുറയ്ക്കാവും കമ്പനി പ്രകടനക്ഷമതയേറിയ സ്കൂട്ടറുകളിലേക്കു ശ്രദ്ധ തിരിക്കുക.
നിലവിൽ ‘ആക്ടീവ 110’, ‘ആക്ടീവ് 125’, ‘ഡിയൊ’, ‘ഗ്രാസ്യ’ തുടങ്ങിയവ ചേർന്നാണു സ്കൂട്ടർ വിഭാഗത്തിൽ കമ്പനിക്കു മേൽക്കൈ നേടിത്തരുന്നതെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ മിനൊരു കാറ്റൊ അഭിപ്രായപ്പെട്ടു. ‘നവി’, ‘ക്ലിക്’ തുടങ്ങിയവയിലൂടെ പുതിയ വിപണി സൃഷ്ടിക്കാനും കമ്പനിക്കു സാധിച്ചു. 150 സി സിയും അതിലേറെയും എൻജിൻ ശേഷിയുള്ള സ്കൂട്ടറുകളാവും ഭാവിയെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ നിലവിൽ ബി എസ് ആറ് നിലവാരത്തിലേക്കുള്ള പരിവർത്തനത്തിനാണു കമ്പനി പരിഗണന നൽകുന്നത്.
യാത്രാസുഖം, ഉപയോഗക്ഷമത, ഇന്ധനക്ഷമത, മൂല്യം തുടങ്ങിയവ സമന്വയിക്കുന്ന ചെറിയ, ഗീയർരഹിത സ്കൂട്ടറുകൾക്കാണ് ഇന്ത്യയിൽ ആവശ്യക്കാരേറെ. ലിംഗഭേദമില്ലാതെ ഉപയോഗിക്കാവുന്ന സ്കൂട്ടറുകൾക്ക് 50,000 — 65,000 രൂപയാണു വിലനിലവാരം. അതേസമയം സെപ്റ്റംബറിൽ ‘ഏപ്രിലിയ എസ് ആർ 150’ അവതരിപ്പിച്ച് ഇറ്റാലിയൻ നിർമാതാക്കളായ പിയാജിയൊ ആണ് സ്കൂട്ടർ വിപണിയിൽ പുത്തൻ വിഭാഗം സൃഷ്ടിച്ചത്. 155 സി സി എൻജിനുമായി എത്തുന്ന ‘ഏപ്രിലിയ എസ് ആർ 150’ അധിക വേഗവും മികച്ച കുതിപ്പുമാണു വാഗ്ദാനം ചെയ്യുന്നത്. പിയാജിയൊയുടെ തന്നെ ബ്രാൻഡായ വെസ്പയും 150 സി സി സ്കൂട്ടറുകൾ വിൽപ്പനയ്ക്കെത്തിക്കുന്നുണ്ട്.
ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ 32% വിഹിതമാണു സ്കൂട്ടറുകൾക്കുള്ളത്. അതുകൊണ്ടുതന്നെ പരമ്പരാഗത സ്കൂട്ടർ വിപണിയിൽ വിൽപ്പന വളർച്ച കൈവരിക്കുക പ്രയാസമാണെന്നും നിർമാതാക്കൾ കരുതുന്നു. അഞ്ചു വർഷം മുമ്പ് 200 സി സിയിലേറെ എൻജിൻ ശേഷിയുള്ള ബൈക്കുകൾക്ക് ഇന്ത്യയിൽ വിപണി പോലുമില്ലായിരുന്നു; എന്നാൽ ഇന്ന് ഇരുചക്രവാഹന വിഭാഗത്തിൽ ഏറ്റവുമധികം വിൽപ്പന വളർച്ച നേടുന്നത് ഈ വിഭാഗമാണ് എന്നതാണു വസ്തുത. വരുംവർഷങ്ങളിൽ സ്കൂട്ടർ വിപണിയിലും സമാനമായ പരിവർത്തനം സംഭവിക്കുമെന്നാണു പ്രതീക്ഷ.
ആഭ്യന്തര സ്കൂട്ടർ വിപണിയിൽ 58% വിഹിതമാണ് ഹോണ്ട അവകാശപ്പെടുന്നത്. കഴിഞ്ഞ ഏപ്രിൽ — സെപ്റ്റംബർ അർധവർഷത്തിൽ 21.80 ലക്ഷം സ്കൂട്ടറാണു കമ്പനി വിറ്റത്. 2017ൽ ഇതേ കാലത്ത് 20.90 ലക്ഷം സ്കൂട്ടർ വിറ്റ സ്ഥാനത്താണിത്.