ഒരേ സമയം രണ്ടുപേർക്ക് സുഖമായി സഞ്ചരിക്കാവുന്നതും സ്ത്രീ–പുരുഷഭേദമെന്യേ എല്ലാവർക്കും ഉപയോഗിക്കാൻ പറ്റുന്നതും ലഗേജ് വഹിക്കാൻ കഴിയുന്നതുമായ വാഹനമേത്? ഒരേയൊരു ഉത്തരമേ ഉള്ളൂ –സ്കൂട്ടർ. പ്രായോഗികതയിൽ ബൈക്കിനെക്കാളും ഒരുപടി മുന്നിലാണെന്നതും സ്കൂട്ടറിന്റെ മേന്മയാണ്. അതുകൊണ്ടുതന്നെ ഈ രംഗത്ത് അടിക്കടി മാറ്റങ്ങളാണ്. 125 സിസി ശേഷിയുള്ള മൂന്നു മോഡലുകൾ, ഒരാൾ പുതുകുപ്പായം ധരിച്ച് ആധുനിക വേഷധാരി. രണ്ടാമത്തവൻ തീർത്തും പുതിയത്. മൂന്നാമൻ അൽപ്പം പഴയത്. സുസുക്കിയുടെ പുതിയ ആക്സസ് 125, മഹീന്ദ്രയുടെ ഗസ്റ്റോ 125, ഹോണ്ടയുടെ ആക്ടീവ എന്നിവരിൽ ആർക്കാണ് മുൻതൂക്കം? നോക്കാം..
ഡിസൈൻ
ആക്സസ്: ഒറ്റനോട്ടത്തിൽത്തന്നെ ഐ–ക്യാച്ചിങ് ആയ ഡിസൈൻ. പഴയ മോഡലുമായി ഒരു സാദൃശ്യവും ഇല്ല. അൽപ്പം ആഡംബരമായി തന്നെയാണ് ആക്സസിന്റെ വരവ്. ഒതുക്കമുള്ള ബോഡി. സുരക്ഷയ്ക്കായി മുന്നിലെ ഫെൻഡറും ബോഡിയും ലോഹ നിർമിതമാക്കിയിട്ടുണ്ട്. പൂർണമായും ഡിജിറ്റൽ ആണ് മീറ്റർ കൺസോൾ. നോക്കാൻ വളരെ എളുപ്പം. ഇൻസ്ട്രമെന്റ് ക്ലസ്റ്റർ ഓയിൽ ചെയിഞ്ച് ഇൻഡിക്കേറ്റർ ഉണ്ടെന്നത് പുതുമയാണ്. (ഒരു കുറ്റമായി പറയാനുള്ളത് കൺസോളിലെ ഇൻഡിക്കേറ്റർ ലൈറ്റ് സൂചന വ്യക്തമല്ല എന്നതാണ്). സീറ്റ് ഹൈറ്റ് 780 എംഎം.
സൗകര്യങ്ങൾ: ഇഗ്‌നീഷനോടു ചേർന്ന് മൊബൈൽ ചാർജിങ് സോക്കറ്റ്, മുന്നിലെ പോക്കറ്റ് തുടങ്ങി യാത്രികർക്ക് ഉതകുന്ന ഒട്ടേറെ ഫീച്ചറുകൾ ആക്സസിലുണ്ട്. എൻജിൻ എളുപ്പം സ്റ്റാർട്ട് ചെയ്യാൻ ഈസി സ്റ്റാർട്ട് സ്വിച്ച് സംവിധാനം മറ്റു സ്കൂട്ടറുകൾക്കൊന്നും ഇല്ല. ഇടത്തരം വലുപ്പമുള്ള ഫുൾ ഫെയിസ് ഹെൽമറ്റ് ഉൾക്കൊള്ളുന്നതാണ് അണ്ടർസീറ്റ് സ്റ്റോറേജ് (21 ലീറ്റർ). മുന്നിൽ ക്യാരിബാഗുകൾ തൂക്കിയിടാൻ രണ്ടു ഹുക്കുകൾ നൽകിയിട്ടുണ്ട്. സ്കൂട്ടർ സെന്റർലോക്ക് ചെയ്യാൻ ഇഗ്നീഷൻ കീയിൽ നൽകിയിട്ടുള്ള സെന്റർലോക്ക് അമർത്തിയാൽ മതി. ബാക്ക് സീറ്റ് ഓപ്പൺ, കീ ഷട്ടർ ലോക്ക് എന്നിവയിലൊന്നും മാറ്റമില്ല. മുന്നിലെ ലെഗ് സ്പെയ്സ് കൂട്ടിയിട്ടുള്ളതിനാൽ ഗ്യാസ് സിലിണ്ടർ വരെ കൊണ്ടുപോകാം.
ഗസ്റ്റോ: മെറ്റാലിക് ഓറഞ്ചും വെളുപ്പും കലർന്ന വർണങ്ങൾ ഗസ്റ്റോയ്ക്ക് പ്രത്യേക ഭംഗിയേകുന്നുണ്ട്. 110 സിസിയുടെ അതേ ഡിസൈൻ തന്നെ അനുവർത്തിച്ചാണ് 125 സിസിയും പുറത്തിറക്കിയിരിക്കുന്നത്. റിയർവ്യൂ മിററുകൾക്ക് ബോഡി നിറം നൽകിയതാണ് 110 സിസിയിൽനിന്നുള്ള കാര്യമായ മാറ്റം. വീൽ ബേസ്, ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയിൽ മറ്റുള്ളവരെക്കാൾ മുൻതൂക്കം കൂടും. അനലോഗ് കൺസോളാണിതിന്. മുന്നിലെ ലെഗ് സ്പെയിസിൽ ഗ്യാസ് സിലിണ്ടർ ഉൾക്കൊള്ളിക്കാൻ പറ്റും.
സൗകര്യങ്ങൾ: കൂട്ടത്തിൽ ആധുനിക ഫീച്ചറുകൾ എല്ലാം ഉള്ളത് ഗസ്റ്റോയ്ക്കു തന്നെ. ഉയരം ക്രമീകരിക്കാവുന്ന സീറ്റ് (കൂടിയത് 770 എംഎം കുറഞ്ഞത് 735 എംഎം) മറ്റു സ്കൂട്ടറുകൾ ക്കില്ല എന്നും എടുത്തു പറയേണ്ടതാണ്. റിമോട്ട് ഫ്ലാപ് കീ, ഫൈൻസ് മി ഹെഡ്‌ലാംപ്, ഫോളോ മി ലാംപ് തുടങ്ങിയ കാറിൽ ലഭ്യമാകുന്ന സൗകര്യങ്ങൾ ഗസ്റ്റോയിലുണ്ട്. സീറ്റിനടിയിലെ സ്റ്റോറേജ് 20 ലീറ്റർ. കൺസോളിനു താഴെയായി ക്വിക് പോക്കറ്റ് സ്റ്റോറേജ്, ക്യാരിബാഗ് ഹുക്ക് എന്നിവയുണ്ട്.
ആക്ടീവ: ഹോണ്ട എന്ന പേരുതന്നെ വിസ്മരിപ്പിക്കുംവിധം വിപണിയിൽ മുഴങ്ങിനിൽക്കുന്ന ബ്രാൻഡ് നെയിം. ക്രോം ഗാർണിഷ് ചെയ്ത വലിയ ഇൻഡിക്കേറ്ററുകൾ, ഹെഡ്‌ലൈറ്റ് തുടങ്ങിയവ ആകർഷകമെങ്കിലും പുതുമയില്ല. കാഴ്ചയിൽ എതിരാളികളെക്കാൾ വലുപ്പക്കൂടുതൽ തോന്നും. മിനിമലിസ്റ്റിക് ശൈലിയാണ് ആക്ടീവയുടേത്. അത്യാവശ്യം വേണ്ട സൗകര്യങ്ങൾ മാത്രം. മെറ്റൽ ബോഡിയാണിതിന്. അനലോഗ്–ഡിജിറ്റൽ മീറ്റർ കൺസോൾ, കീ–ഷട്ടർ ലോക്ക് ഇതൊക്കെയാണ് എടുത്തുപറയാവുന്ന പ്രത്യേകതകൾ. റിയർവ്യൂ മിററുകളും സെൻട്രൽ സ്റ്റാൻഡും ഒഴികെ എല്ലാം ആക്സസറീസ് ആയി വാങ്ങണം. സീറ്റ് ഹൈറ്റ് 765 എംഎം.
സൗകര്യങ്ങൾ: 20 ലീറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ്, മുന്നിൽ ക്യാരി ബാഗ് തൂക്കിയിടാനുള്ള ഹുക്ക് എന്നിവയുണ്ട്. മുന്നിൽ ലെഗ് സ്പെയ്സ് ലാവിഷാണ്. ഗ്യാസ് സിലിണ്ടർ കൊണ്ടുപോകാം. ഡിസൈനിലും സൗകര്യങ്ങളിലും മികച്ചത് ആക്സസും ഗസ്റ്റോയുമാണ്. സീറ്റിങ് ഏറ്റവും സുഖപ്രദം ഗസ്റ്റോയുടേതാണ്. രണ്ടാമത് ആക്ടീവ. മൂന്നാമത് ആക്സസ്. ഇരുന്നുകൊണ്ട് കിക്ക് സ്റ്റാർട്ട് ചെയ്യാവുന്നവിധമാണ് ഗസ്റ്റോയിൽ ക്വിക്കർ നൽകിയിരിക്കുന്നത്. സീറ്റിനടിയിലെ സ്റ്റോറേജ് സൗകര്യം കൂടുതൽ ആക്സസിനാണ്. ആക്ടീവയിലും ഗസ്റ്റോയിലും ഇത് തുല്യം.
എൻജിൻ/റൈഡ്
ആക്സസ്: 124 സിസി സിംഗിൾ സിലിണ്ടർ എൻജിനാണ് ആക്സസിന്. കൂടിയ പവർ 7000 ആർപിഎമ്മിൽ 8.58 ബിഎച്ച്പി. ടോർക്ക് 5000 ആർപിഎമ്മിൽ 10.2 എൻഎം (9.8 എൻഎം). സുസുക്കിയുടെ സെപ് സാങ്കേതികവിദ്യയിൽ നിർമിച്ച എൻജിൻ പഴയ ആക്സസിലും നന്നായി
ട്യൂൺ ചെയ്തതാണ്. സിവിടി ട്രാൻസ്മിഷനാണിതിന്. ഭാരം 102 കിലോഗ്രാം. ഡിസ്ക് ബ്രേക്ക് ഇല്ലാത്ത വേരിയന്റാണ് ഡ്രൈവ് ചെയ്തത്. ടെലിസ്കോപിക് സസ്പെൻഷനാണ് മുന്നിൽ. പിന്നിൽ സ്വിങ് ആം.
ഗസ്റ്റോ: 124.6 സിസി നാല് സ്ട്രോക്ക് എം–ടെക് എൻജിനാണ് ഗസ്റ്റോയുടേത്. മഹീന്ദ്ര സ്വയം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണിത്. അതിനാൽ എൻജിൻ കൂടുതൽ സ്മൂത്തും പവർഫുളും ആയി. ഉയർന്ന പവർ 7000 ആർപിഎമ്മിൽ 8.5 ബിഎച്ച്പി. കൂടിയ ടോർക്ക് 5500 ആർപിഎമ്മിൽ 10 എൻഎം. സിവിടി ട്രാൻസ്മിഷനാണ്. 110 സിസിയെക്കാളും എൻജിൻ റിഫൈൻഡ് ആണ്. ഭാരം 118 കിലോഗ്രാം. സസ്പെൻഷൻ ടെലിസ്കോപ്പിക് ആണ്. മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകളാണ് ഗസ്റ്റോയിൽ.
ആക്ടീവ: 124.9 സിസി എയർകൂൾഡ് എൻജിൻ ആണ് ആക്‌ടീവ 125 ൽ. കൂടിയ പവർ 6500 ആർപിഎമ്മിൽ 8.6 ബിഎച്ച്പി. ടോർക്ക് 5500 ആർപിഎമ്മിൽ 10.12 എൻഎം. ട്രാൻസ്‌മിഷൻ വി–മാറ്റിക്. ഭാരം 110 കിലോഗ്രാം. മുന്നിൽ ടെലിസ്കോപ്പികും പിന്നിൽ സ്പ്രിങ് ലോഡഡ് ഹൈഡ്രോളിക് ടൈപ്പും ആണ്. ഇരുചക്രങ്ങളെയും ഒരുപോലെ പിടിച്ചുനിർത്തുന്ന കോംപി ബ്രേക്കിങ് ആക്ടീവയിലുണ്ട്. മുന്നിൽ ഡിസ്ക് ഉള്ളതിനാൽ ബ്രേക്കിങ്ങിന്റെ കാര്യത്തിൽ പേടി വേണ്ട.
കൈ തൊടുമ്പോഴേക്കും കുതിക്കുന്ന ഏറ്റവും സ്മൂത്തായ എൻജിനാണ് ആക്സസിന്. വളരെ വേഗം വേഗമാർജിക്കാൻ പര്യാപ്തം. പഴയ എൻജിനെക്കാളും ശബ്ദം നന്നായി കുറഞ്ഞു. മികച്ച ത്രോട്ടിൽ റെസ്പോൺസ് ഉണ്ട്. പൂജ്യത്തിൽനിന്ന് 60 കിലോമീറ്റർ വേഗമാർജിക്കാൻ 8.9 സെക്കൻഡ് വേണം. ഉയർന്ന വേഗം മണിക്കൂറിൽ 92 കിലോമീറ്റർ. ഭാരം കുറവായതിനാൽ ഹൈവേകളിൽ ഉയർന്ന വേഗത്തിൽ പോകുമ്പോൾ ഉലച്ചിൽ തട്ടാതെ നോക്കണം. മൈലേജ് ലീറ്ററിനു 64 കിലോമീറ്റർ.
തുടക്കത്തിൽത്തന്നെ ഭേദപ്പെട്ട പുള്ളിങ് നൽകുന്നതാണ് ഗസ്റ്റോയുടെ എൻജിൻ. 110 സിസി മോഡലിലുള്ള എൻജിൻ നോയ്സ് ഇതിൽ ഇല്ലെന്നതും ശ്രദ്ധേയം. 50–65 കിലോമീറ്റർ വേഗതയിൽ സ്ഥിരതയാർന്ന പ്രകടനം ഉറപ്പിക്കാം. ഇന്ധനക്ഷമത കിട്ടാനും ഇതുതന്നെയാണു നല്ലത്. 0–60 വേഗമാർജിക്കാൻ 9.1 സെക്കൻഡ് സമയം എടുക്കും. ഉയർന്ന വേഗം മണിക്കൂറിൽ 82 കിലോമീറ്റർ. മൈലേജ് ലീറ്ററിനു 63 കിലോമീറ്റർ.
കരുത്തുറ്റതും മികച്ച പിക്അപ്പും ഉള്ള എൻജിനാണ് ആക്ടീവയ്ക്ക്. എൻജിൻ നോയ്സ് അൽപ്പം പോലും അറിയുകയില്ല എന്നത് ഹോണ്ടയുടെ മാത്രം പ്ലസ് പോയിന്റ് ആണ്. പൂജ്യത്തിൽ നിന്ന് അറുപതു കിലോമീറ്റർ വേഗമെത്താൻ 7.9 സെക്കൻഡുകൾ മതി. പരമാവധി വേഗം മണിക്കൂറിൽ 85 കിലോമീറ്റർ. ഹൈവേകളിൽ ഉയർന്ന വേഗത്തിൽ സഞ്ചരിക്കുമ്പോഴും മികച്ച സ്റ്റെബിലിറ്റി ആക്ടീവയ്ക്കുണ്ട്. ഇക്കാര്യത്തിൽ ഗസ്റ്റോയും ആക്സസും പുറകിലേ വരൂ. മൈലേജ് ലീറ്ററിനു 55 കിലോമീറ്റർ.
ടെസ്റ്റേഴ്സ് നോട്ട്
എൻജിൻ, പ്രകടനം എന്നിവയുടെ കാര്യത്തിൽ മൂന്നു മോഡലുകളും ഒപ്പത്തിനൊപ്പമാണ്. മികച്ച പ്രകടനമുള്ള എൻജിനും വളരെയധികയം യൂസർഫ്രണ്ട്‌ലി ആയ സൗകര്യങ്ങളും ആക്സസിനാണ്. മാത്രമല്ല ന്യായമായ വിലയ്ക്ക് ഇവയെല്ലാം ലഭ്യമാകും. കുറഞ്ഞ വിലയിൽ കാറുകളിലേതിനു സമാനമായ സൗകര്യങ്ങളാണ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. കൂട്ടത്തിൽ കുറഞ്ഞ വിലയും ഇന്ത്യൻ മുദ്രയുള്ള സാങ്കേതികവിദ്യയുമാണ് ഗസ്റ്റോയുടെ കൈമുതൽ. ഡിജിറ്റൽ സ്പീഡോ മീറ്ററും മറ്റും ഉണ്ടെങ്കിലും എതിരാളികളെവച്ചു നോക്കുമ്പോൾ കൂട്ടത്തിൽ ഏറ്റവും കുറവ് സൗകര്യങ്ങൾ ആക്ടീവയ്ക്കാണ്. ഇന്ധനക്ഷമതയുടെ കാര്യത്തിലും ആക്സസും ഗസ്റ്റോയും മുന്നിട്ടു നിൽക്കുന്നു. എന്നാൽ പെർഫോമൻസിൽ ആക്ടീവ മോശമല്ല. എല്ലാ ആക്സസറീസും ഉൾപ്പെടെയുള്ള കൊച്ചി ഓൺ റോഡ് വില ആക്സസ്: 72118, ഗസ്റ്റോ: 61,400, ആക്ടീവ: 80,000