മോട്ടോക്രോസ് വേദികളിൽ തിളങ്ങുന്ന ‘ആർ എം സെഡ്’ ശ്രേണിയിലെ ബൈക്കുകൾ ജാപ്പനീസ് നിർമാതാക്കളായ സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(എസ് എം ഐ പി എൽ) ഇന്ത്യയിൽ അവതരിപ്പിച്ചു. ‘ആർ എം — സെഡ് 450’, ‘ആർ എം — സെഡ് 250’ എന്നിവയ്ക്ക് 8.31 ലക്ഷം രൂപ വരെയാണ് ഡൽഹിയിലെ ഷോറൂം വില. ആവേശകരമായ ഓഫ് റോഡിങ് അനുഭവം പ്രദാനം ചെയ്യാൻ ലക്ഷ്യമിട്ടെത്തുന്ന ഈ ബൈക്കുകൾ രാജ്യത്തെ തിരഞ്ഞെടുത്ത സുസുക്കി ഡീലർഷിപ്പുകളിലും വിൽപ്പനയ്ക്കുണ്ടാവുമെന്നും കമ്പനി അറിയിച്ചു.
2015 RM-Z450 Official promotion video
‘ആർ എം — സെഡ് 250’ ബൈക്കിനു കരുത്തേകുന്നത് 249 സി സി, ഫോർ സ്ട്രോക്ക്, ഫ്യുവൽ ഇഞ്ചക്റ്റഡ്, ഡി ഒ എച്ച് സി എൻജിനാണ്; നൂതന സാങ്കേതികവിദ്യയ്ക്കൊപ്പം ഭാരക്കുറവും ഒതുക്കമുള്ള രൂപകൽപ്പനയുമാണ് ഈ എൻജിന്റെ സവിശേഷത. ‘ആർ എം — സെഡ് 450’ ബൈക്കിലുള്ളത് 449 സി സി, ഫോർ സ്ട്രോക്ക്, ഫ്യുവൽ ഇഞ്ചക്റ്റഡ്, ഡി ഒ എച്ച് സി എൻജിനാണ്. ബാലൻസ് ഫ്രീ റിയർ കുഷൻ(ബി എഫ് ആർ സി) സസ്പെൻഷനോടെ എത്തുന്ന ആദ്യ മോട്ടോ ക്രോസ് ബൈക്കെന്ന പെരുമയും ഈ മോഡലിനു സ്വന്തമാണ്.
ഇന്ത്യൻ റൈഡർമാർക്ക് ഓഫ് റോഡിങ്, സാഹസിക റൈഡിങ് അനുഭവങ്ങളോടുള്ള താൽപര്യമേറിയിട്ടുണ്ടെന്ന് സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ സതോഷി ഉചിഡ അഭിപ്രായപ്പെട്ടു. റേസിങ്, അഡ്വഞ്ചർ വിഭാഗത്തിലെ ഈ സാധ്യത പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പുതിയ രണ്ടു ബൈക്കുകൾ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.