മെക്സിക്കോയും നൈജീരിയയും പോലുള്ള പുതിയ വിപണികളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് ഒരുങ്ങുന്നു. 2017 — 18ൽ വിൽപ്പന ഒരു കോടി യൂണിറ്റിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
ലാറ്റിൻ അമേരിക്കയിലും ദക്ഷിണ പൂർവ ഏഷ്യയിലും ആഫ്രിക്കയിലുമുള്ള വിവിധ രാജ്യങ്ങളിൽ കമ്പനിക്ക് ഇപ്പോൾ തന്നെ സാന്നിധ്യമുണ്ടെന്ന് ഹീറോ മോട്ടോ കോർപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ പവൻ മുഞ്ജാൾ അറിയിച്ചു. 26 — 28 വിദേശ വിപണികളിൽ നിലവിൽ ഹീറോയുടെ ഇരുചക്രവാഹനങ്ങൾ വിൽപ്പനയ്ക്കെത്തുന്നുണ്ട്. ആഫ്രിക്കയിൽ ഏറ്റവും വലിയ വിപണിയായ നൈജീരിയയിൽ ഈ മാസം തന്നെ ഹീറോയുടെ ബൈക്കുകളുടെ വിൽപ്പന തുടങ്ങുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. വൈകാതെ മെക്സിക്കോയിലും ഹീറോ ബൈക്കുകൾ ലഭ്യമാവും.
വിദേശ വിപണികളിലെ സാന്നിധ്യം ശക്തമാക്കുന്നതിനൊപ്പം ആഭ്യന്തര വിപണിയിലെ ഗ്രാമീണ മേഖലയിലും കച്ചവടം മെച്ചപ്പെടുമെന്നാണു ഹീറോ മോട്ടോ കോർപിന്റെ കണക്കുകൂട്ടൽ. നിലവിൽ ഇന്ത്യയുടെ സ്ഥിതി ശോഭനമല്ലെങ്കിലും വൈകാതെ നില മെച്ചപ്പെടുമെന്നാണു മുഞ്ജാളിന്റെ പ്രതീക്ഷ. കാര്യങ്ങൾ പ്രതീക്ഷ പോലെ മുന്നേറിയാൽ അടുത്ത സാമ്പത്തിക വർഷത്തോടെ വിൽപ്പന ഒരു കോടി യൂണിറ്റിലെത്തിക്കാനാവുമെന്നും അദ്ദേഹം കരുതുന്നു.
ജാപ്പനീസ് പങ്കാളിയായ ഹോണ്ട മോട്ടോർ കമ്പനിയുമായി 2011ൽ വഴി പിരിഞ്ഞതോടെയാണു ഹോണ്ട മോട്ടോ കോർപ് വിദേശ വിപണികളിലെ സാന്നിധ്യം ശക്തമാക്കി തുടങ്ങിയത്. 2020 ആകുമ്പോഴേക്ക് 50 വിദേശ വിപണികളിൽ ഇടംപിടിക്കുകയെന്ന ലക്ഷ്യം 2013 ഓഗസ്റ്റിലാണു കമ്പനി പ്രഖ്യാപിച്ചത്. ഇതോടൊപ്പം ആഗോളതലത്തിൽ 20 നിർമാണശാലകൾ സ്ഥാപിക്കുമെന്നും 60,000 കോടി രൂപയുടെ വാർഷിക വിറ്റുവരവ് നേടുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. 2017ൽ വാർഷിക വിൽപ്പന ഒരു കോടി യൂണിറ്റിലെത്തിക്കാനും ഇതിൽ 10% വിദേശ വിപണികളിൽ നിന്നു നേടാനുമായിരുന്നു പദ്ധതി.
ഇതുവരെയുള്ള മൊത്തം ഇരുചക്രവാഹന വിൽപ്പന അഞ്ചു കോടി യൂണിറ്റിലെത്തിച്ച കമ്പനിക്ക് 2020 ആകുമ്പോൾ മൊത്തം വിൽപ്പന 10 കോടിയിലെത്തിക്കാനാണു മോഹം. 2014 — 15ൽ 66,31,826 ഇരുചക്രവാഹനങ്ങളാണു ഹീറോ മോട്ടോ കോർപ് വിറ്റത്; ഇത്തവണയും 10 ശതമാനത്തോടടുത്ത് വിൽപ്പന വളർച്ച കൈവരിക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.
കഴിഞ്ഞ ഡിസംബറിലെ കണക്കനുസരിച്ച് പ്രതിവർഷം 81 ലക്ഷം യൂണിറ്റാണു ഹീറോ മോട്ടോ കോർപിന്റെ ഇന്ത്യയിലെ ഉൽപ്പാദനശേഷി. ഹരിയാനയിലെ ഗുഡ്ഗാവ്, ധാരുഹേര, രാജസ്ഥാനിലെ നീംറാന, ഉത്തരാഖണ്ഡിലെ ഹരിദ്വാർ എന്നിവിടങ്ങിലായി നാലു ശാലകളാണു കമ്പനിക്കുള്ളത്.