Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിൽപ്പനാന്തര സേവനം: മഹീന്ദ്രയെ നോട്ടമിട്ടു ജി എം

Chevrolet Enjoy Chevrolet Enjoy

ഇന്ത്യൻ വിപണിയിലെ വാഹന വിൽപ്പന അവസാനിപ്പിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള ഉടമകൾക്ക് വിൽപ്പനാന്തര സേവനം ലഭ്യമാക്കാൻ യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സ്(ജി എം),  മഹീന്ദ്ര ഗ്രൂപ്പിന്റെ സഹകരണം തേടുന്നു. ‘ഷെവർലെ’ ബ്രാൻഡിലുള്ള കാറുകളുടെ തുടർന്നുള്ള വിൽപ്പനാന്തര സേവന സൗകര്യങ്ങൾക്കായി മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായി കരാറിലെത്താനുള്ള സാധ്യതയാണു ജി എം ആരായുന്നത്. ഇതു സംബന്ധിച്ച ചർച്ചകൾ ഇരുകമ്പനികളും ആരംഭിച്ചതായാണു സൂചന. എന്നാൽ ഇത്തരം വാർത്തകളോടു പ്രതികരിക്കാൻ മഹീന്ദ്ര വിസമ്മതിച്ചു.

അതേസമയം ഷെവർലെയുടെ സേവന ശൃംഖല ഏറ്റെടുക്കാൻ മറ്റു കമ്പനികളുമായി ചർച്ചയൊന്നും നടത്തുന്നില്ലെന്ന നിലപാടിലാണു ജനറൽ മോട്ടോഴ്സ്. കമ്പനി ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രാപ്തമായ ഡീലർഷിപ് ശൃംഖലയും പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ധരും നിലവിൽ ലഭ്യമാണെന്നും ജി എം അവകാശപ്പെടുന്നു. നിലവിലുള്ള ഷെവർലെ ഡീലർമാരുടെ സഹകരണത്തോടെ അംഗീകൃത സർവീസ് ഔട്ട്ലെറ്റുകൾ തുടരാനുള്ള സാധ്യതയാണു കമ്പനി തേടുന്നതെന്നും ജി എം വെളിപ്പെടുത്തുന്നു.

ഈ വർഷം അവസാനത്തോടെ ഇന്ത്യയിലെ വാഹന വിൽപ്പന അവസാനിപ്പിക്കുകയാണെന്നു ഏതാനും ദിവസം മുമ്പാണു ജി എം പ്രഖ്യാപിച്ചത്. ‘ഷെവർലെ’ ബ്രാൻഡുമായി രണ്ടു ദശാബ്ദം മുമ്പ് ഇന്ത്യയിലെത്തിയിട്ടും പ്രതീക്ഷിച്ച വിൽപ്പന കൈവരിക്കാനാവാതെ പോയതിൽ നിരാശരായാണു ജി എം ഈ വിപണിയോടു വിട പറയുന്നത്. അതേസമയം മഹാരാഷ്ട്രയിലെ തലേഗാവിലുള്ള ശാലയിൽ കാറുകൾ നിർമിച്ചു കയറ്റുമതി ചെയ്യുന്നതു തുടരുമെന്നും ഡെട്രോയ്റ്റ് ആസ്ഥാനമായ ജി എം വ്യക്തമാക്കിയിരുന്നു. 

വിൽപ്പന അവസാനിപ്പിക്കുകയാണെങ്കിലും വാറന്റി വാഗ്ദാനങ്ങൾ നിറവേറ്റുമെന്നും കാർ ഉടമകൾക്ക് വിൽപ്പനാന്തര സേവനം ലഭ്യമാക്കുമെന്നും ജി എം ഐ പ്രഖ്യാപിച്ചിരുന്നു. വാഹന വിൽപ്പന അവസാനിക്കുന്നതിനെപ്പറ്റി ഡീലർമാരുമായും കമ്പനി ചർച്ച നടത്തുന്നുണ്ട്; നൂറ്റി അൻപതോളം ഡീലർഷിപ്പുകളാണു ജി എമ്മിന് ഇന്ത്യയിലുള്ളത്.